2022 June 29 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കെ.റെയില്‍; പ്രതിപക്ഷ സമരം ഒമിക്രോണില്‍ ഒടുങ്ങുമോ..?

  • കെ.റെയില്‍ പദ്ധതിയെക്കുറിച്ചാണ് വിവാദവും വിശകലനങ്ങളും. വീണുകിട്ടിയ ആയുധംപോലെ പ്രതിപക്ഷവും അഭിമാന പദ്ധതിയായി സര്‍ക്കാരും മുന്നോട്ടുപോകുമ്പോള്‍ എന്തൊക്കെ സംഭവിക്കും ?

റാഷിദ് കെ.വി.ആര്‍

കെ റയിലിന്റെ പേരില്‍ സംസ്ഥാനത്ത് വരാനിരിക്കുന്ന നാളുകളില്‍ പ്രതിഷേധങ്ങളും പോലീസ് ഉദ്യോഗസ്ഥ പൊതുജന സംഘര്‍ഷവും നടന്നിരിക്കുമെന്ന് ഏതാണ്ടൊക്കെ ഉറപ്പായി കഴിഞ്ഞു.കെ റയിലിനായി ഇട്ട കല്ലുകള്‍ പൊളിച്ചെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തു.ഇതോടെ ജനകീയ സമരങ്ങളില്‍ ഇടപെടാനും അതുവഴി സംസ്ഥാന രാഷ്ട്രീയത്തില്‍ പൊതുജനങ്ങളുടെ ശബ്ദമാവാനുമുള്ള കോണ്‍ഗ്രസിന്റെ സാദ്ധ്യതകള്‍ വര്‍ധിക്കുമെന്നുവേണം വിലയിരുത്താന്‍.അതിന് നിരവധിയായ കാരണങ്ങളുണ്ട്.ഒന്ന് സുധാകരന്‍ വിഡി സതീശന്‍ കൂട്ടുകെട്ട് തന്നെയാണ്.സുധാകരനെ എട് വാള്‍ കൊടുവെട്ടു ശൈലിയിലൂടെയാണ് ജനം വിലയിരുത്തുന്നതെങ്കില്‍ സതീശനെ കൃത്യമായി പഠനങ്ങള്‍ നടത്തി അതില്‍ പ്രതികരിക്കുന്ന ഒരാളെന്ന നിലയിലാണ് മലയാളികള്‍ കാണുന്നത്.അതുകൊണ്ട് തന്നെ സതീശന്റെ നിലപാടും സുധാകരന്റെ നിലപാടും കോണ്‍ഗ്രസിന് സമര മേഖലയില്‍ പുതുജീവന്‍ തന്നെ നല്കുമെന്നതില്‍ സംശയമില്ല.

സുധാകരന്റെ പ്രസ്താവന വന്ന ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ കണ്ണൂരിലെ മാടായി പാറയില്‍ തറച്ചിരുന്ന കെ റയില്‍ കല്ലെടുത്ത് പിഴുതുകളഞ്ഞിരുന്നു.പിന്നാലെ കോടിയേരിയുടെ പ്രസ്താവനയെത്തി ഒരു കല്ലെടുത്തെറിഞ്ഞതുകൊണ്ട് പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോകില്ലെന്ന്.മുന്‍പ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കിയപ്പോള്‍ പോലീസ് അതിക്രൂരമായാണ് ആ സമരത്തെ അടിച്ചമര്‍ത്തിയത്.അതുപോലെ ഈ സമരവും പോലീസ് നേരിട്ടാല്‍ സുധാകരന്‍ പറഞ്ഞപോലെ ജനങ്ങളെ യുദ്ധത്തിന് കോണ്‍ഗ്രസ് തയ്യാറാക്കുമെന്നുറപ്പാണ്.

കോണ്‍ഗ്രസിനിത് കിട്ടിയ അവസരമാണ്.കിടപ്പാടം പോലും അന്യമാകുമെന്നു ഭയക്കുന്ന ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തി സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ സ്വപ്നപദ്ധതിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും യൂഡിഎഫും തയ്യാറെടുക്കുമ്പോള്‍ വളരെ കരുതലോടെയാവും അവര്‍ നീങ്ങുക.ഗെയില്‍ പൈപ്പിടല്‍ സമരം നടന്നപ്പോള്‍ അതില്‍ തീവ്രവാദികളുടെ സ്വാധീനമുണ്ടെന്നു പറഞ്ഞ് വിഷയത്തെ വഴിതിരിച്ചുവിടാനായിരുന്നു സര്‍ക്കാരും പോലീസും ശ്രമിച്ചത്.ഈയൊരു പ്രഖ്യാപനം വന്നതോടെ സമരക്കാരില്‍ ചിലര്‍ക്കെങ്കിലും അപകടം മണത്തു.സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആ ഉന്നം കൃത്യമായി കൊള്ളൂകയും അതിലൂടെ അവര്‍ വിജയിക്കുകയും ചെയ്തു.എന്നാല്‍ കെ റയിലിലെ കോണ്‍ഗ്രസിന്റെ സാന്നിധ്യം അങ്ങിനെയാവില്ല.പഴയ പോലെ തീവ്രവാദ ആരോപണമുന്നയിച്ചാല്‍ ഏല്‍ക്കില്ല.അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് വളരെയധികം ജാഗ്രത പുലര്‍ത്തുകയും ചെയ്യും.

എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും കരുതാത്തൊരു വെല്ലുവിളി അവര്‍ക്ക് മുന്പിലെത്തിയേക്കാം.ഒമിക്രോണ്‍ വര്‍ധിക്കുകയാണ്.ഏതുനിമിഷവും കടുത്ത നിയന്ത്രണങ്ങളും ഒരു പക്ഷെ ലോക്ക് ഡൗണോ ഒക്കെ പ്രതീക്ഷിക്കാം.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കൊറോണ അവസരമാക്കിയപോലെ ഈ സന്ദര്‍ഭവും അവര്‍ ഉപയോഗപ്പെടുത്തുമോ എന്നാണ് കോണ്‍ഗ്രസ് ചിന്തിക്കേണ്ടത്.ഈയിടെ രാത്രികാല കര്‍ഫ്യു നടപ്പിലാക്കിയപ്പോള്‍ കണ്ണൂരിലെ ദേശീയപാതയോരത്ത് സൂക്ഷിച്ചിരുന്ന സര്‍ക്കാരിന്റെ മരത്തടികള്‍ നേരം പുലരുന്നതിനുമുന്‍പേ കാണാതെയായ സംഭവം മാത്രം മതി ഇതിന്റെ ആഴം മനസ്സിലാക്കാന്‍.

ഒമിക്രോണില്‍ ജനങ്ങള്‍ പുറത്തിറങ്ങാതിരുന്നാല്‍ സര്‍ക്കാര്‍ സര്‍വേയും കല്ലിടലും നടത്തിയേക്കും.ഒരുപക്ഷെ കോണ്‍ഗ്രസിന് സമര രംഗത്ത് പ്രതീക്ഷിക്കുന്ന ആള്‍ക്കൂട്ടത്തെ ഇക്കാരണം കൊണ്ട് അണിനിരത്താന്‍ കഴിഞ്ഞെന്നുവരില്ല.കഴിഞ്ഞ കോവിഡ് കാല സീസണില്‍ മര്യാദക്കൊരു സമരം നടത്താന്‍ പോലും കോണ്‍ഗ്രസിനോ യൂഡിഎഫിനോ കഴിഞ്ഞിരുന്നില്ല.മാത്രവുമല്ല യൂഡിഎഫ് കൂടിയ ആള്‍ക്കൂട്ടത്തിനെയൊക്കെ മുഖ്യമന്ത്രിയടക്കം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.രമേശ് ചെന്നിത്തലയെ യാത്രയില്‍ പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തിയതിനെപോലും നിഷിധമായാണന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

അതേസമയം സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ അവലംഭിക്കാനാണ് പ്രതിപക്ഷ നീക്കം ഒരുഭാഗത്ത് കെ റെയിലിനായി സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസും യൂഡിഎഫും മുതിരുമ്പോള്‍ മുസ്ലിം ലീഗ് വഖഫ് വിശയത്തില്‍ സര്‍ക്കാരിനെതിരെ സമര പരമ്പരകള്‍ തീര്‍ക്കാന്‍ പോവുകയാണ്.അതിനെല്ലാമിടയിലാണ് സംസ്ഥാനത്തെ കുത്തഴിഞ്ഞ ക്രമസമാധാന പ്രശ്‌നങ്ങളും ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകളുമെല്ലാം പുറത്തുവരുന്നത്.ഇതിനും പുറമെ സംസ്ഥാന ചരിത്രത്തില്‍ തന്നെ കളങ്കിതരായ ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ആശീര്‍ വാദങ്ങളോടെ പദവികളില്‍ തിരിച്ചെത്തുന്നതും പൊതുജനത്തിന് മുന്‍പില്‍ സര്‍ക്കാരിനോടുള്ള അവമതിപ്പുകള്‍ സൃഷ്ടിക്കും.

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സസ്പെന്‍ഷനില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയശങ്കറും മൊണ്‍സന്‍ മാവുങ്കാല്‍ വിവാദത്തില്‍ മോണ്‍സനുമായി വഴിവിട്ട ബന്ധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഐജി ലക്ഷ്മണയും തിരികെ വരികയാണ്.ഇതും സര്‍ക്കാരിന്റെ മേല്‍ പൊതുജനത്തിന് സംശയങ്ങള്‍ സൃഷ്ടിച്ചേക്കും.ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ മാഫിയകള്‍ക്കും കുറ്റവാളികള്‍ക്കുമൊപ്പമാണെന്ന് പ്രചരിപ്പിക്കാനാകും യൂഡിഎഫ് ശ്രമിക്കുക.ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ സമര പാരമ്പരകളും സര്‍ക്കാരിന്റെ ചെറുത്തുനില്‍പ്പും കാത്തിരുന്നു കാണേണ്ടത് തന്നെയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.