2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇ.പി ജയരാജന്റെ ചിറകരിയാന്‍ തീരുമാനിച്ചത് പിണറായി; കെ.എം ഷാജി

   

വയനാട്: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ചിറകരിയാന്‍ തീരുമാനിച്ചത് പിണറായി വിജയന്‍ തന്നെയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. ഇപിക്കെതിരെയുള്ള പരാതി പിണറായിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കെ എം ഷാജി ആരോപിച്ചു.

വയനാട് അഞ്ചാം മൈല്‍ കെല്ലൂരില്‍ മുസ്‌ലിം ലീഗ് അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.

‘ഇത്, പുതിയ വിഷയമല്ല. എത്രയോ വര്‍ഷമായി കുന്നിടിക്കല്‍ നാടറിഞ്ഞിട്ട്. കോടിക്കണക്കിന് രൂപ നിക്ഷേപിച്ച ചെയ്ത പദ്ധതിയാണ്. അതിന് എല്ലാ അനുമതിയും കൊടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദ?ന്റെ ഭാര്യയാണ്. ഇ പിയുടെ ചിറകരിയാന്‍ പിണറായി വിജയന്‍ മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കയാണിപ്പോള്‍. എന്നിട്ട് പി ജയരാജന്‍ പുതിയ കണ്ടുപിടിത്തം പോലെ പഴയ പരാതി പുതിയതാക്കി കൊണ്ടുവന്ന് കൊടുത്തിരിക്കുകയാണ്. പിണറായി വിജയന് പറ്റാതായാല്‍ ഇതാണ് എല്ലാവരുടേയും സ്ഥിതി. അത് പിണറായിയുടെ ശൈലിയാണ്’ ഷാജി പറഞ്ഞു.

ഇ.പി.ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി കെ.എം.ഷാജിയും കെ.പി.എ.മജീദും രംഗത്തെത്തി. വിഷയം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് കെ.പി.എ മജീദ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുര്‍വേദ റിസോര്‍ട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കര്‍ കുന്ന് പൂര്‍ണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവരെ ആട്ടിയോടിച്ചു.

പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭ അതിവേഗം റിസോര്‍ട്ടിന് അനുമതി നല്‍കി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവര്‍ക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കണ്‍വന്‍ഷന്‍ സെന്റര്‍ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ. നിര്‍മ്മാണം തടയാന്‍ ഒരു ചെങ്കൊടിയും ഉയര്‍ന്നില്ല. എതിര്‍പ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ’.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.