2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കെ.എം റോയി : സമസ്ത മേഖലകളിലും അടയാളപ്പെടുത്തിയ മികവ് : പത്രപ്രവര്‍ത്തനത്തില്‍ തലമുറകള്‍ക്ക് പ്രചോദനമായ ഗുരുവും

 

എം.ഷഹീര്‍

കോഴിക്കോട് : കടന്നുചെന്ന മേഖലകളിലെല്ലാം തന്റെ മികവ് അടയാളപ്പെടുത്താന്‍ കഴിയുകയെന്ന അപൂര്‍വ നേട്ടത്തിനുടമയാണ് കെ.എം റോയി. കേരളം കണ്ട മികച്ച പത്രപ്രവര്‍ത്തകരിലൊരാളായ അദ്ദേഹം പിന്‍ഗാമികളായ പല തലമുറകള്‍ക്കും ഈ രംഗത്ത് പ്രചോദനവും മാര്‍ഗദീപവുമാണ്. ഇംഗ്ലീഷ് , മലയാളം ഭാഷകളില്‍ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതം നയിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്റെ വളര്‍ച്ചക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ മികച്ച സംഘാടകന്‍ കൂടിയായിരുന്നു. സരസമായ പ്രഭാഷണ ശൈലി അദ്ദേഹത്തെ വാഗ്മിയെന്ന നിലയിലും പ്രശസ്തനാക്കി.

1939ല്‍ ഏറണാകുളം കരീത്തറ വീട്ടിലായിരുന്നു ജനനം. 1963ല്‍ ഏറണാകുളം മഹാരാജാസ് കോളജില്‍ എം.എക്ക് പഠിക്കുമ്പോള്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളപ്രകാശം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തിലും കേരളഭൂഷണം പത്രത്തിലും പത്രാധിപസമിതിയംഗമായി. പിന്നീട് എക്കണോമിക്സ് ടൈംസിന്റെ റിപ്പോര്‍ട്ടറായി രണ്ടു കൊല്ലം പ്രവര്‍ത്തിച്ചു. 1970ല്‍ കോട്ടയത്ത് ദി ഹിന്ദു ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായും 1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്റെ ബ്യൂറേ ചീഫായും പ്രവര്‍ത്തിച്ചു. 1980ല്‍ കൊച്ചിയില്‍ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എന്‍.ഐ) റിപ്പോര്‍ട്ടറായി. 1987ല്‍ കോട്ടയത്ത് മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായി ചേര്‍ന്നു. 2002ല്‍ സ്വമേധയാ മംഗളം പത്രത്തില്‍ നിന്ന് വിരമിച്ചു. അതിനു ശേഷം മലയാളത്തിലും വിദേശരാജ്യങ്ങളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും കോളങ്ങള്‍ എഴുതിയിരുന്നു.
മഹാരാജാസ് കോളേജില്‍ എ.കെ ആന്റണി , വയലാര്‍ രവി , ടി.വി.ആര്‍ ഷേണായി ഉള്‍പ്പെടെ പ്രമുഖരായിരുന്നു സഹപാഠികള്‍. പത്രപ്രവര്‍ത്തന ജീവിതത്തിനിടെ സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെയുള്‍പ്പെടെ പല ചരിത്രമുഹൂര്‍ത്തങ്ങളെയും വാര്‍ത്തകളാക്കി മാറ്റാന്‍ അദ്ദേഹത്തിന് നിയോഗമുണ്ടായി. വാര്‍ത്തകളുടെ ഉള്ളറകള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിലും സ്വതസിദ്ധമായ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. സത്യം വിളിച്ചു പറയുന്നതില്‍ നിന്ന് ഒരു സ്വാധീനത്തിനും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന വാര്‍ത്ത കണ്ടെത്തിയതും ബാബരി മസ്ജിദ് ധ്വംസനത്തെ തുറന്നെതിര്‍ത്ത് കൊണ്ടെഴുതിയ മുഖപ്രസംഗവും അദ്ദേഹത്തിന്റെ നിലപാടിലെ കാര്‍ക്കശ്യത്തിന്റെ ഫലമായിരുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ ആഘോഷിച്ചപ്പോള്‍ അതിനെതിരെ ഉറച്ച ശബ്ദമുയര്‍ത്തിയ അദ്ദേഹം വിഷയത്തിലെ തന്റെ കണ്ടെത്തലുകള്‍ പത്രപ്രവര്‍ത്തനത്തിലേക്ക് കടന്ന് വരുന്ന തലമുറകള്‍ക്ക് മുന്നില്‍ ഒരു പാഠമെന്ന നിലയില്‍ അവതരിപ്പിച്ചു.കെ.എം റോയിയുടെ കീഴില്‍ പത്രപ്രവര്‍ത്തനം പരിശീലിച്ചവരും വിദ്യാര്‍ഥികളുമായിരുന്നവര്‍ പിന്നീട് മേഖലയില്‍ വലിയ ഉയരങ്ങള്‍ താണ്ടി.

രണ്ടു വര്‍ഷം കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ പ്രസിഡന്റായിരുന്നു. 1984 മതുല്‍ തുടര്‍ച്ചയായ നാലു തവണ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു. പത്രപ്രവര്‍ത്തകരുടെ വേജ്ബോര്‍ഡ്, പ്രസ് അക്കാദമി, പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളുടെ ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ച ആളായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത വര്‍ഗീയ ശക്തിക്കളെ രൂക്ഷമായി വിമര്‍ശിച്ചെഴുതിയ എഡിറ്റോറിയല്‍ 1993ലെ മികച്ച എഡിറ്റോറിയലിനുള്ള മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ഹനാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത മാധ്യമ പുരസ്‌കാരമായ സ്വദേശാഭിമാനി-കേസരി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
പത്രപ്രവര്‍ത്തന രംഗത്തെ മികച്ച സംഭാവനകള്‍ക്ക് അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തോലിക് യൂണിയന്‍ ലൈഫ്ടൈം അവാര്‍ഡ്, പ്രഥമ സി.പി ശ്രീധരന്‍ മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു. യു.എസ്.എ, കാനഡ, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഇറ്റലി, പോളണ്ട് നോര്‍ത്ത് കൊറിയ, പാകിസ്താന്‍ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മംഗളം വാരികയില്‍ ഇരുളും വെളിച്ചവും എന്ന പേരില്‍ പംക്തി എഴുതിയിരുന്നു. ഇത് പിന്നിട് പൂസ്തക രൂപത്തിലും പ്രസിദ്ധീകരിച്ചു. കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്‍, മോഹമെന്ന പക്ഷി, സ്വപ്ന എന്റെ ദുഖം, മനസില്‍ എന്നും മഞ്ഞുകാലം, ആഥോസ് മലയില്‍, ശാപമേറ്റ കേരളം, ചിക്കാഗോവിലെ കഴുമരങ്ങള്‍ തുടങ്ങി ഒമ്പതോളം പുസ്തകള്‍ രചിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.