ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രതിനിധി സംഘവും രണ്ടാം ദിവസവും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ഇന്ത്യയില്‍ തുടരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കാരണമാണ് ട്രൂഡോയുടെ മടക്കയാത്ര മുടങ്ങിയത്. പ്രധാനമന്ത്രിയെ തിരികെയെത്തിക്കാന്‍ കനേഡിയന്‍ സൈന്യം പകരം ഒരു വിമാനം അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഇന്ത്യ വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
അതല്ലെങ്കില്‍ ഇന്ത്യയിലെത്തിയ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നത് വരെ അദ്ദേഹം ഇവിടെ തുടരുമെന്നും അധികൃതര്‍ പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ച്ച ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ട്രൂഡോയും സംഘവും ഞായറാഴ്ച്ച രാത്രി എട്ടുമണിക്കുള്ള വിമാനത്തിലാണ് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിനിധി സംഘം കാത്തിരിക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചത്.
ഉച്ചകോടിയില്‍, കാനഡയിലെ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യവിമര്‍ശനം ചര്‍ച്ചയായിരുന്നു. സിഖ് വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനാണ് കാനഡയ്‌ക്കെതിരേ പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യം തുടരുന്ന സാഹചര്യത്തില്‍ മോദിയും ട്രൂഡോയും തമ്മില്‍ ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ച നടന്നില്ല.
Comments are closed for this post.