ഹനീഫ കുഴിക്കളകത്ത്
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യയുമായി കൊമ്പുകോര്‍ക്കാനൊരുങ്ങിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഒറ്റപ്പെടുകയാണ്. കഴിഞ്ഞദിവസം ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളെ കണ്ട ട്രുഡോയുടെ വാക്കുകള്‍ക്കു പ്രകടമായ മൂര്‍ച്ച ഉണ്ടായിരുന്നില്ലെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമങ്ങളുടെ ചോദ്യം ഇന്ത്യയുമായുള്ള തര്‍ക്കത്തെ കുറിച്ചായിരുന്നു. ട്രുഡോയുടെ ശരീരഭാഷയിലും മാറ്റംവന്നതായി ബി.ബി.സി വ്യക്തമാക്കുന്നു.
ഇന്ത്യയ്ക്കെതിരേ കനേഡിയന്‍ പ്രധാനമന്ത്രി ആരോപണമുന്നയിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കാനഡയുടെ സുഹൃദ്‌രാജ്യങ്ങള്‍പോലും ട്രുഡോയെ പിന്തുണക്കാന്‍ തയാറായിട്ടില്ല. അമേരിക്ക നല്‍കിയ ഭാഗികപിന്തുണ വിസ്മരിക്കുന്നില്ല. കാനഡയുടെ സുഹൃദ്‌രാജ്യങ്ങളായ ബ്രിട്ടന്‍, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് എന്നിവ ഇപ്പോഴും മൗനം തുടരുകയാണ്. ഈ അഞ്ചു രാജ്യങ്ങള്‍ ചേര്‍ന്ന ഫൈവ് ഐസ് (അഞ്ചു കണ്ണുകള്‍) എന്ന കുറ്റാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് കാനഡ ഇന്ത്യയ്ക്കെതിരേ ആരോപണം ഉന്നയിച്ചതെന്നാണ് കനേഡിയന്‍ യു.എസ് അംബാസഡര്‍ ഡേവിഡ് കോഹന്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
വിഷയത്തെ ഗൗരവപൂര്‍വം കാണുന്നുവെന്ന ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവര്‍ലിയുടെ ഒഴുക്കന്‍ പ്രസ്താവനയല്ലാതെ, വിവാദമായിട്ടും അന്വേഷണ സംഘത്തില്‍പെട്ട മറ്റു രാജ്യങ്ങള്‍ കാനഡയെ പിന്തുണ അറിയിച്ചിട്ടില്ല. അതേസമയം, അമേരിക്കയിലെ ചില മാധ്യമങ്ങള്‍ ട്രുഡോയുടെ ആരോപണം ശരിവച്ചുകൊണ്ട് ഇന്ത്യയ്ക്കെതിരേ വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കുന്നുമുണ്ട്.
പ്രമുഖ മാധ്യമപ്രവര്‍ത്തകനും പുലിസ്റ്റര്‍ ജേതാവുമായ നികോളസ് ക്രിസ്റ്റോഫ് ന്യൂയോര്‍ക്ക് ടൈംസിലെ പ്രതിവാര കോളത്തില്‍ എഴുതിയത്, ‘ഖലിസ്ഥാന്‍ പ്രസ്ഥാനം ഇന്ത്യയില്‍ തകര്‍ന്നുവെങ്കിലും ഖലിസ്ഥാന്‍ എന്ന സ്വപ്നം സിഖ് പ്രവാസികളില്‍ സജീവമാണ്.
എന്നാല്‍, നിജ്ജാര്‍ ഇന്ത്യയ്ക്കു ഭീഷണി ആയിരുന്നില്ല. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുടെ ആരോപണം അന്വേഷിക്കാന്‍ ശ്രമിക്കാതെ പ്രധാനമന്ത്രി മോദി ദേശീയതയെ ജ്വലിപ്പിച്ച് ലാഭംകൊയ്യാന്‍ ശ്രമിക്കുകയാണ്’ എന്നാണ്.കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത് സെപ്റ്റംബര്‍ 18നാണ്. കൊലപാതകത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു പങ്കുണ്ടെന്നായിരുന്നു ആരോപണം. ഈ ആരോപണം ഇന്ത്യ നിഷേധിച്ചുവെങ്കിലും കാനഡ ആവര്‍ത്തിക്കുകയും ചെയ്തു. നിജ്ജാര്‍ കൊല്ലപ്പെട്ടത് ജൂണ്‍ 15നാണ്. പഞ്ചാബിലെ സിനിമാ തിയറ്ററില്‍ നടന്ന സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്ന നിലയില്‍ 2016ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ഖലിസ്ഥാന്‍വാദം ഇന്ത്യയില്‍നിന്നു തുടച്ചുനീക്കപ്പെട്ടെങ്കിലും കാനഡ ഉൾപ്പെടെ ഏതാനും പാശ്ചാത്യ രാജ്യങ്ങളില്‍ ഭീഷണി തുടരുകയാണ്. ഇന്ത്യയ്ക്കു പുറമെ ഖലിസ്ഥാന്‍വാദികളില്‍നിന്നു ഏറ്റവും വലിയ ദുരനുഭവം നേരിട്ടത് കാനഡയിലാണ്. എന്നിട്ടും ഖലിസ്ഥാന്‍വാദികളോടുള്ള മൃദുസമീപനത്തില്‍ കാനഡ മാറ്റംവരുത്തിയില്ല. 1985ല്‍ കാനഡയിലെ മോണ്‍ട്രിയയില്‍നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യയുടെ കനിഷ്‌ക വിമാനം ഖലിസ്ഥാന്‍വാദികള്‍ ബോംബുവച്ചു തകര്‍ത്തു. 329 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഏറെയും ഇന്ത്യന്‍വംശജരായ കനേഡിയന്‍ പൗരന്മാരായിരുന്നു. ആ സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ അവിടുത്തെ സര്‍ക്കാരിനു സാധിച്ചിരുന്നില്ല. 1974ല്‍ ഇന്ത്യയുടെ പൊഖ്‌റാന്‍ ആണവ പരീക്ഷണത്തെ ചൊല്ലിയും തര്‍ക്കം ഉടലെടുത്തു.
കാനഡ നല്‍കിയ റിയാക്ടറുകള്‍ ഇന്ത്യ ദുരുപയോഗപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ പിതാവ് പിയറി ട്രൂഡോ ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി.
കാനഡയില്‍ ഖലിസ്ഥാന്‍വാദികള്‍ ഇന്ത്യയ്ക്കെതിരേ ആക്രമണം തുടരുന്നതില്‍ രാജ്യം പ്രതിഷേധം അറിയിച്ചിരുന്നുവെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ആ പ്രതിഷേധം അവഗണിക്കുകയായിരുന്നു. ജൂണ്‍ എട്ടിന് ബ്രാംടണില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ പരേഡില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ മഹത്വവത്കരിക്കുന്ന ഫ്‌ളോട്ട് അവതരിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി നേരിട്ട് പ്രതിഷേധം അറിയിച്ചിട്ടും ഖലിസ്ഥാന്‍വാദികള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ല.
ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണായി കാനഡ മാറിയിരിക്കുന്നു എന്നര്‍ഥം. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഖലിസ്ഥാന്‍വാദികള്‍ക്ക് അനുകൂലാവസ്ഥ ഒരുക്കിക്കൊടുക്കുന്നത് വെറും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ മാത്രമല്ല എന്നതാണു സത്യം. കാനഡയിലെ സിഖ് സമൂഹവുമായി ട്രുഡോവിനുള്ള അടുപ്പവും ഇതിനു കാരണമാണ്. പ്രധാനമന്ത്രിസ്ഥാനം തുടരാന്‍ ട്രുഡോക്ക് സിഖ് സമൂഹത്തിന്റെ സഹായം അനിവാര്യമാണ്. സിഖുകാര്‍ക്ക് ആധിപത്യമുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രധാനമന്ത്രിയുടെ സഖ്യകക്ഷിയാണ്.
കഴിഞ്ഞതവണ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ജസ്റ്റിന്‍ ട്രുഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 2020ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായില്ല. 338 അംഗ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിക്ക് 157 സീറ്റുകളാണ് ലഭിച്ചത്. അന്ന് ജസ്റ്റിന്‍ ട്രുഡോ ഭരണം നിലനിര്‍ത്തുന്നത് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ്. ഇന്ത്യന്‍ വംശജനായ ജഗ്മിത് സിങ് ആണ് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ്. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 24 സീറ്റുകളുണ്ട്. സിഖ് വോട്ട് കാനഡയില്‍ നിര്‍ണായകമാണെന്നര്‍ഥം. കാനഡയില്‍ ഏഴര ലക്ഷത്തിലേറെയാണ് സിഖ് ജനസംഖ്യ. കനേഡിയന്‍ ജനതയുടെ 2.1 ശതമാനം. ഇംഗ്ലിഷും ഫ്രഞ്ചും കഴിഞ്ഞാല്‍ കാനഡയിലെ മൂന്നാമത്തെ ഭാഷ പഞ്ചാബിയാണ്.
കാനഡയില്‍ സിഖ് കുടിയേറ്റം ആരംഭിക്കുന്നത് 1897ലാണ്. വിക്ടോറിയ രാജ്ഞിയുടെ ജൂബിലി ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട ബ്രിട്ടിഷ് ഇന്ത്യന്‍ സൈനികരോടൊപ്പമുണ്ടായിരുന്ന റിസലേദര്‍ മേജര്‍ കേവര്‍സിങ് ആണ് ആദ്യത്തെ ഇന്ത്യന്‍ കുടിയേറ്റക്കാരന്‍. തുടര്‍ന്ന് പഞ്ചാബില്‍നിന്ന് നിരവധിപേര്‍ കാര്‍ഷികവൃത്തിക്കും മറ്റുമായി കുടിയേറി. തുടക്കത്തില്‍ വെള്ളക്കാരായ നാട്ടുകാരില്‍നിന്ന് അവര്‍ക്കു വംശീയാധിക്ഷേപങ്ങള്‍ നേരിടേണ്ടിവന്നു.
1907ല്‍ അവിടുത്തെ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചു. 1914ല്‍ പലരെയും കപ്പല്‍കയറ്റി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകളും നിറഞ്ഞ ആ കപ്പല്‍ രണ്ടുമാസത്തേളം നടുക്കടലില്‍ കിടന്നു. വിശപ്പും രോഗവുംകൊണ്ട് പലരും അവശരായി. കപ്പല്‍ കൊല്‍ക്കത്ത തുറമുഖത്തടുപ്പിച്ചപ്പോള്‍ ചിലര്‍ മരണപ്പെട്ടു. ബാക്കിയുള്ളവര്‍ മൃതപ്രായരായിരുന്നു. അന്നത്തെ സംഭവത്തിന്റെ പേരില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ 2016ല്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ക്ഷമാപണം നടത്തിയിരുന്നു.
1960ല്‍ ലിബറല്‍ പാര്‍ട്ടി അധികാരമേറ്റപ്പോള്‍ നിയമങ്ങളില്‍ ഇളവുവരുത്തി കുടിയേറ്റക്കാരോട് ഉദാരസമീപനം സ്വീകരിച്ചു. ഇതേതുടര്‍ന്ന് കാനഡയില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം അതിവേഗം വര്‍ധിച്ചു. രാഷ്ട്രീയരംഗത്തും ഇവർ ആധിപത്യം പുലര്‍ത്തി.
പ്രധാനമന്ത്രി ട്രുഡോയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ജഗ്മിത് സിങ് ഖലിസ്ഥാന്‍വാദികളുമായും അനുഭാവം പുലര്‍ത്തിപ്പോരുന്നു. ഇതിന്റെ പേരില്‍ 2013ല്‍ അമൃത്‌സര്‍ സന്ദര്‍ശിക്കുന്നതിനു ജഗ്മിത് സിങ്ങിന് ഇന്ത്യാ ഗവണ്‍മെന്റ് വിസ നിഷേധിക്കുകയുണ്ടായി. കാനഡയിലെ സൗത്ത് ഒന്റാറിയോയിലെ പാര്‍ലമെന്റ് അംഗമാണ് ജഗ്മിത് സിങ്.
Content Highlights:Justin Trudeau is isolated
Comments are closed for this post.