കൊച്ചി: ബ്രഹ്മപുരത്ത് കൊച്ചി കോര്‍പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനായിട്ടില്ലെന്നും വിഷപുക വ്യാപിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് ആവശ്യം.
കുണ്ടന്നൂര്‍, വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഇന്നും പുക മൂടിയിരിക്കുകയാണ്. ദേശീയ പാതയിലും പുക രൂക്ഷമാണ്. ബ്രഹ്മപുരത്തെ തീപിടുത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം വരും.
ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്.
അതേസമയം, ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തില്‍ കോര്‍പറേഷനെതിരെ വിമര്‍ശനവുമായി ഫയര്‍ഫോഴ്‌സ് രംഗത്തെത്തിയിരുന്നു. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ ഹിറ്റാച്ചി എത്തിക്കുന്നില്ല. ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നാണ് കോര്‍പറേഷനെതിരെയുള്ള വിമര്‍ശനം. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരി വിതറി വെള്ളം തളിക്കാതെ തീ കെടില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഹിറ്റാച്ചികളെത്തിച്ചാല്‍ രണ്ട് ദിവസം കൊണ്ട് തീ നിയന്ത്രിക്കാം. നിലവിലത്തെ സാഹചര്യത്തില്‍ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയര്‍ഫോഴ്‌സ് പറഞ്ഞു
Comments are closed for this post.