2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജൂണോ ക്ലിക്ക്; ആദ്യ ചിത്രം ഇതാ

പകുതി ദൃശ്യമായ വ്യാഴം

കെ ജംഷാദ്

നാസയുടെ വ്യാഴം പര്യവേക്ഷണ പേടകമായ ജൂണോയുടെ ആദ്യ ചിത്രം ഭൂമിയിലെത്തി. ഈമാസം അഞ്ചിനാണ് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇന്നലെയാണ് ആദ്യ ചിത്രം ഭൂമിയിലേക്ക് അയച്ചത്.

പകുതി ദൃശ്യമായ വ്യാഴത്തിന്റെ ചിത്രമാണ് നാസ പുറത്തുവിട്ടത്. വ്യാഴത്തിന്റെ ചന്ദ്രന്‍മാരായ (ഉപഗ്രഹങ്ങള്‍) ഇയോ, യൂറോപ, ഗാനെമെഡ് എന്നിവയുടെ ചിത്രവും ഒറ്റഫ്രെയിമില്‍ പകര്‍ത്തി ജൂണോ ചരിത്രംകുറിച്ചു.

ജൂണോ ഈ ഉപഗ്രഹങ്ങള്‍ക്കിടയിലൂടെയുള്ള മറ്റൊരു സ്വയംനിര്‍മിത ഭ്രമണപഥത്തിലൂടെയാണ് വ്യാഴത്തെ ചുറ്റുന്നത്. ജൂണോയിലെ ശക്തവും മികവേറിയതുമായ കാമറകളാണ് ചിത്രം പകര്‍ത്തുന്നത്.

ദൈര്‍ഘ്യമേറിയ ഭ്രമണപഥമാണ് ജൂണോയ്ക്ക് ഇപ്പോഴുള്ളത്. ഓഗസ്റ്റോടെ അതു കുറയും. വ്യാഴത്തിലെ വികിരണങ്ങള്‍ കൂടിയ അന്തരീക്ഷത്തിലും മികവോടെ ജൂണോ പ്രവര്‍ത്തിക്കുന്നുവെന്ന സന്തോഷകരമായ വാര്‍ത്തയും നാസ പങ്കുവച്ചു.

എല്ലാ ഉപകരണങ്ങളും യാഥാവിധി പ്രവര്‍ത്തനക്ഷമമാണോയെന്നാണ് നാസയുടെ ശാസ്ത്രജ്ഞര്‍ ഭൂമിയിലെ കണ്‍ട്രോള്‍ റൂമില്‍നിന്നു പരിശോധിക്കുന്നത്. ഒക്ടോബറോടെ ജൂണോ ദൗത്യത്തിന്റെ ഭാഗമായ ഗൗരവമേറിയ പഠനങ്ങളിലേക്കു കടക്കും.

ഇപ്പോള്‍ ജൂണോയ്ക്ക് ഒരു തവണ വ്യാഴത്തെ പ്രദക്ഷിണം ചെയ്യാന്‍ ഭൂമിയിലെ 14 ദിവസങ്ങള്‍ വേണം. ജൂണോയിലെ എന്‍ജിന്‍ ഒരുതവണ കൂടി ജ്വലിപ്പിച്ച് ഭ്രമണപഥത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കും. 30 തവണ ഭൂമിയെ ചുറ്റുന്ന ദൂരമാണ് ഇപ്പോള്‍ ജൂണോയ്ക്ക് ഒരു പ്രദക്ഷിണത്തിനു വേണ്ടിവരിക.

ഇപ്പോള്‍ വ്യാഴത്തില്‍നിന്ന് 4.3 ദശലക്ഷം കി.മി അകലെയാണ് ജൂണോ. 18 മാസത്തെ ദൗത്യത്തിനു ശേഷം ജൂണോ വ്യാഴത്തിന്റെ പ്രതലത്തില്‍ മരിച്ചുവീഴും.

വ്യാഴത്തെ അടുത്തറിയാനുള്ള ശാസ്ത്രലോകത്തിന്റെ നീണ്ടകാത്തിരിപ്പിന്റെ ഉത്തരമാണ് ജൂണോ ദൗത്യം. ഇതുവരെ ആരെയും അടുപ്പിക്കാത്ത വ്യാഴത്തെ ഒടുവില്‍ ജൂണോ കീഴടക്കുകയായിരുന്നു. അഞ്ചു വര്‍ഷത്തെ യാത്രയ്ക്കു ശേഷമാണ് ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തിയത്.  

സൗരയൂഥത്തില്‍ ഏറ്റവും വികിരണവും ഗുരുത്വാകര്‍ഷണവും വേഗതയുമുള്ള ഗ്രഹത്തെ കീഴടക്കാനുള്ള വ്യാഴവെട്ടങ്ങളായുള്ള ശാസ്ത്രലോകത്തിന്റെ ശ്രമമാണ് ഇതോടെ സഫലമായത്.  

സമീപകാലത്തെ ഏറ്റവും വലിയ ശാസ്ത്ര നേട്ടമെന്നാണ് ഗവേഷക ലോകം ഇതിനെ വിശേഷിപ്പിച്ചത്.

നൂറു കോടിയിലധികം രൂപ ചെലവിട്ടുള്ള പദ്ധതിയുടെ പ്രധാന ലക്ഷ്യം വ്യാഴത്തെ അടുത്തറിയുകയെന്നതാണ്. വാതകങ്ങള്‍കൊണ്ട് സമ്പന്നമാണ് ഏറ്റവും വലിയ ഗ്രഹം. ആ വാതകപാളികള്‍ക്കുള്ളിലെ രഹസ്യങ്ങളിലേക്കാണ് ജൂണോ കണ്ണും കാതും തുറന്നുവയ്ക്കുക.

53 ദിവസത്തിനു ശേഷമേ പ്രാഥമിക ഭ്രമണപഥത്തില്‍നിന്ന് നിശ്ചിത ഭ്രമണപഥത്തിലെത്തൂ. അതോടെ വ്യാഴത്തിന്റെ ഉള്ളറകളിലേക്ക് ജൂണോയുടെ നോട്ടമെത്തും. അതിനു തക്കവിധം സാങ്കേതിക ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഉപഗ്രത്തില്‍നിന്നുള്ള സിഗ്‌നലുകള്‍ ഭൂമിയിലെത്താന്‍ ഒരു മണിക്കൂറെടുക്കും. അഞ്ചു വര്‍ഷം കൊണ്ട് 2.8 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഭൂമിയില്‍നിന്നു ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തിയത്. ജൂണോ ദൗത്യം വിജയിപ്പിക്കാന്‍ ബാക് അപ്പ് എന്‍ജിനുകള്‍ ഉള്‍പ്പെടെ നാസ പേടകത്തില്‍ കരുതിയിരുന്നു.

ശക്തമായ വികിരണം മൂലം ഉപകരണങ്ങള്‍ കേടായാല്‍ ദൗത്യം പരാജയപ്പെടുന്നതിലാണിത്. ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചാണ് നാസയുടെ ദൗത്യം വിജയം കണ്ടത്. ഭൂമിയേക്കാള്‍ 11 മടങ്ങ് വലുപ്പമുള്ള വ്യാഴം ഭൂമിയിലെ 12 വര്‍ഷം കൊണ്ടാണ് സൂര്യനെ ചുറ്റുന്നത്.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.