
ജുബൈൽ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ വക്താക്കൾ നടത്തിയ വർഗീയ വിഷം ചീറ്റുന്ന അധിക്ഷേപം രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യം വച്ചുകൊണ്ടുള്ള കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നും ആശയ ദാരിദ്ര്യം നേരിടുന്ന സംഘപരിവാർ ശക്തികളുടെ അജ്ഞത വിളിച്ചോതുന്നതാണ് പ്രവാചക നിന്ദയുടെ രൂപത്തിൽ പുറത്തുവന്നതെന്നും സമസ്ത ഇസ്ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
കൃത്യമായ ആശയാദർശ അടിത്തറയുള്ള ഇസ്ലാമിനെ തകർക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങൾ വിലപ്പോവില്ലെന്നും ബഹുസ്വരതയെ തകർത്തു കൊണ്ടുള്ള ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള സംഘപരിവാർ ശ്രമങ്ങളെ ശക്തമായി നേരിടാൻ രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും ഒന്നിക്കേണ്ടതുണ്ടെന്നും മുഖ്യ പ്രഭാഷണം നടത്തിയ നൂറുദ്ധീൻ മൗലവി ചുങ്കത്തറ ആവശ്യപ്പെട്ടു.
ജുബൈൽ ഇസ്ലാമിക് സെന്ററിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്റാഹീം ദാരിമി അധ്യക്ഷത വഹിച്ചു. സുലൈമാൻ ഖാസിമി, ഇസ്മായിൽ ഹുദവി എന്നിവർ സംബന്ധിച്ചു. ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വർക്കിങ് സിക്രട്ടറി ഇർജാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു.