2021 February 27 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാധ്യമപ്രവര്‍ത്തകനെ അജ്ഞാത വാഹനമിടിച്ച സംഭവം; ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

അപകട വിവരം ആദ്യം അറിഞ്ഞിട്ടും സി.സി.ടി.വി നോക്കാത്ത കണ്‍ട്രോണ്‍ റൂം നടപടിയില്‍ ആക്ഷേപം

കോഴിക്കോട്: സുപ്രഭാതം ചീഫ് റിപ്പോര്‍ട്ടര്‍ അഷ്റഫ് ചേരാപുരത്തെ അജ്ഞാത വാഹനമിടിച്ച സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും ഇടിച്ച വാഹനത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചില്ല. ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വാഹനവുമായി ബന്ധപ്പെട്ട ഒരു തുമ്പും ഇതുവരെ ലഭിച്ചില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അന്വേഷണ ചുമതലയുള്ള ടൗണ്‍ എ.എസ്.ഐ ശിവദാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അപകടം നടന്ന പരിസരത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി.ടി.വികള്‍ പരിശോധിച്ചിരുന്നു. ഇതില്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വിയില്‍നിന്ന് അപകടം നടന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. മറ്റൊരു സി.സി.ടി.വിയില്‍ ഇടിച്ച വാഹനം സ്‌കൂട്ടറാണെന്നും, വാഹനം ഓടിച്ചയാള്‍ കറുത്ത മഴക്കോട്ട് ധരിച്ചതായും ഇടിച്ച ശേഷം തിരിഞ്ഞു നോക്കാതെ പോയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ലെന്നാണ് പൊലിസ് പറയുന്നത്.

അതേസമയം അപകട വിവരം ആദ്യം അറിഞ്ഞത് കണ്‍ട്രോള്‍ റൂമിലാണ്. അപകടത്തില്‍ പരിക്കേറ്റ അഷ്റഫിനെ ഓട്ടോ ഡ്രൈവര്‍മാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിന്റെ പട്രോളിങ് വാഹനം ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ശേഷം പരുക്ക് ഗുരുതരമാണെന്നറിഞ്ഞ ശേഷം ആശുപത്രിയുടെ ആംബുലന്‍സിലാണ് മെഡി.കോളജിലെത്തിച്ചത്. ഈ സമയത്ത് ഇടിച്ച വാഹനത്തെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പൊലിസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ സമയത്ത് അപകടം നടന്ന സ്ഥലത്തിനടുത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കണ്‍ട്രോള്‍ റൂം പൊലിസ് തയാറായില്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പിറ്റേദിവസം ബന്ധുക്കളും പ്രസ്‌ക്ലബ്ബ് അധികൃതരും ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ സി.സി.ടി.വി പരിശോധനക്കായി ടൗണ്‍ പൊലിസ് എത്തിയപ്പോള്‍ കണ്‍ട്രോള്‍ കാമറക്ക് 24 മണിക്കൂര്‍ മാത്രമേ ബാക്ക്അപ്പ് ഉള്ളൂവെന്നതിനാല്‍ ദൃശ്യങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ ആഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ബൈക്കിടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഷ്റഫിന് സാരമായി പരിക്കേറ്റിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News