
കൊച്ചി: അഭയ കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ സി.ബി.ഐയുടെ കരുതിക്കൂട്ടിയുള്ള ഒത്തുകളിയുണ്ടെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍ പുരയ്ക്കല്‍. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജാമ്യം ലഭിച്ചത് സി.ബി.ഐയും പ്രതികളും ചേര്‍ന്ന് ഒത്തുകളിച്ചതിലൂടെയാണെന്ന് പറയേണ്ടിവരും. സി.ബി.ഐ എതിര് സത്യവാങ്മൂലം പോലും നല്‍കിയിരുന്നില്ല. ഇതു ഗുരുതരമായ തെറ്റാണ്.
പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി സി.ബി ഐയുടെ ഭാഗത്ത് നിന്നുണ്ടായി. മനപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നു. ഇതിനെതിരെ സി.ബി.ഐ ഡയറക്ടര്‍ക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്ന് ജോമോന് പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു. 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് അഭയകേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആരോഗ്യ കാരണങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി ഇവര്‍ നല്കിയ അപ്പീല്‍ കോടതി അംഗീകരിക്കുകയായിരുന്നു. കോടതി അപ്പീലിലേക്കാ മെറിറ്റിലേക്കോ പോയിട്ടില്ലെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
മലയാളം അറിയാത്ത ഒരഭിഭാഷകനെ കൊണ്ടുവന്നു. ഇദ്ദേഹത്തിന് കേസിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയുമായിരുന്നില്ല. ഇത്തരം അനാസ്ഥകളൊക്കെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. അഭയ കേസില്‍ വഴിത്തിരിവുണ്ടാക്കിയത് ജോമോന് പുത്തന്‍ പുരയ്ക്കലിന്റെ നിയമപോരാട്ടത്തെതുടര്‍ന്നായിരുന്നു. അതുകൊണ്ടുതന്നെ നിയമപോരാട്ടം ഇനിയും തുടരുമെന്നും സി.ബി.ഐയുടെ ഒത്തുകളിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും ജോമോന് പുത്തന്‍ പുരയ്ക്കല്‍ അറിയിച്ചു.
തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് ഒന്നര വര്‍ഷം മുമ്പ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജസ്റ്റിസ് കെ.സനല്‍കുമാറാണ് വിധി പുറപ്പെടുവിച്ചത്.
തോമസ് കോട്ടൂരായിരുന്നു കേസില്‍ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സിസ്റ്റര്‍ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.
അര്‍ബുദ രോഗിയാണെന്നും പ്രായമുള്ള വ്യക്തിയാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും തോമസ് എം.കോട്ടൂരിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്ന് തോമസ് കോട്ടൂര്‍ ജഡ്ജിയോട് പറഞ്ഞു. വാര്‍ധക്യത്തിലുള്ള മാതാവിനെയും പിതാവിനെയും നോക്കുന്നത് താനാണെന്നും അവര്‍ക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നും സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു.