
സൂറത്ത്: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞ് ഗുജറാത്തിലെ വജ്ര വ്യാപാരവും. നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നതും പതിവായതായാണ് റിപ്പോര്‍ട്ട്.
വജ്രം മിനുക്കുന്നതിനുള്ള നൂറുകണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് സൂറത്തില്‍ മാത്രം തൊഴില്‍രഹിതരായ അഞ്ചുപേര്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആത്മഹത്യ ചെയ്തു. 2018 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സൂറത്തില്‍ ആത്മഹത്യ ചെയ്തത് പത്തു പേരാണ്. ദി ക്വിന്റ് ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലിസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താതിനാല്‍ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്ന് സൂറത്ത് ഡയമണ്ട്സ് അസോസിയേഷന് പ്രസിഡന്റ് ജയ്ഷുഖ് ഗജേര ദി ക്വിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പറഞ്ഞു.
ഗുജറാത്തില്‍ 25 ലക്ഷം പേരാണ് വജ്ര വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. 66,000 പേര്‍ക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടുവെന്നാണ് പുതിയ കണക്ക്. സൂറത്തില്‍ മാത്രം വജ്രവ്യാപരത്തില് നിന്ന് 1.53 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 30 ശതമാനം സ്ഥാപനങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഉല്പാദനം കുറച്ചും തൊഴിലാളികളെ ഒഴിവാക്കിയുമാണ് പല സ്ഥാപനങ്ങളും പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുന്നതെന്നും അസോസിയേഷന് പ്രസിഡന്റ് പറഞ്ഞു.