2020 December 03 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജെഎന്‍യു അവസരങ്ങളുടെ കലവറ

ഇഖ്ബാല്‍ വാവാട്

രാജ്യ തലസ്ഥാനത്ത് ഒന്നാം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരില്‍ 1969ല്‍ സ്ഥാപിതമായ കേന്ദ്ര സര്‍വകലാശാലയാണ് ജെഎന്‍യു. അരാവലി കാടിന്റെ മുഴുവന്‍ ഭംഗിയും ഇഴചേര്‍ന്ന ജെഎന്‍യു അക്കാദമിക രംഗത്തെ മികവ് കൊണ്ട് നിരവധി തവണ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. മികച്ച പഠനം ലക്ഷ്യമാക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത അന്തരീക്ഷവും സാഹചര്യവും അധ്യാപകരും ജെഎന്‍യുവിനെ വേറിട്ട് നിര്‍ത്തുന്നു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നുവെന്നത് സിവില്‍ സര്‍വീസ് പോലെയുള്ള നിരവധി രംഗങ്ങളിലേക്ക് കൂടുമാറാന്‍ വഴികള്‍ തുറന്നിടുകയും ചെയ്യുന്നു. സമീപ കാലത്ത് ജെഎന്‍യുവിനെ തകര്‍ക്കാനും പൊതു ജനങ്ങള്‍ക്കിടയില്‍ മോശമായി ചിത്രീകരിക്കാനും നിരവധി ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ പ്രതിരോധിച്ച് മുന്നേറാന്‍ ജെഎന്‍യുവിന് സാധിച്ചിട്ടുണ്ട്.

എന്തൊക്കെ പഠിക്കാം

20 വിഭാഗങ്ങള്‍ക്കായുള്ള പഠനകേന്ദ്രങ്ങളാണ് ജെഎന്‍യുവിലുള്ളത്. ലാംഗ്വേജസ്, ഇന്റര്‍നാഷനല്‍ സ്റ്റഡീസ്, സോഷ്യല്‍ സയന്‍സസ്, ആര്‍ട്ട്‌സ് ആന്റ് എയ്‌സ്‌തെറ്റിക്‌സ്, ലൈഫ് സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, കംപ്യൂട്ടര്‍ ആന്റ് സിസ്റ്റംസ് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഈ സ്‌കൂളുകളിലായി ബിഎ,?ബിടെക്, എംഎ, എംടെക്, എംഎസ്സി, എംഫില്‍, പിഎച്ചഡി എന്നിവ വിഭാവനം ചെയ്യുന്നു.
ഭാഷാരംഗത്ത് മാത്രമാണ് ജെഎന്‍യു ഡിഗ്രി കോഴ്‌സുകള്‍ നടത്തുന്നത്. അറബിക്, പേര്‍ഷ്യന്‍, പഷ്തു, ജാപ്പനീസ്, കൊറിയന്‍, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ് എന്നീ ഭാഷകളിലാണ് ഡിഗ്രി കോഴ്‌സുകള്‍. 2018ലാണ് ബിടെക് കോഴ്‌സ് ജെഎന്‍യുവില്‍ ആരംഭിക്കുന്നത്.
മിക്ക ഭാഷകളിലും പ്രമുഖ വിഷയങ്ങളായ സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമികസ്, ഇന്റര്‍നാഷനല്‍ സ്റ്റഡീസ് എന്നിവയില്‍ എംഎ കോഴ്‌സുകളും ജെഎന്‍യുവിലുണ്ട്. ലൈഫ് സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്!സ് എന്നിവയില്‍ എംഎസ്സിയും നിലവിലുണ്ട്. ഇവക്ക് പുറമെ നൂറുക്കണക്കിന് ഡിപാര്‍ട്ട്‌മെന്റുകളില്‍ എംഫില്‍പിഎച്ച്ഡി ചെയ്യാനുള്ള അവസരം ജെഎന്‍യു നല്‍കുന്നു.

ലൈബ്രറി

അംബേദ്കറുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ട പത്ത് നിലയുള്ള ലൈബ്രറിയാണ് ജെഎന്‍യുവിന്റെ ഒരു ആകര്‍ഷണം. പഠനത്തിനാവശ്യമായ മിക്ക പുസ്തകങ്ങളും മാഗസിനുകളും ലഭ്യമാക്കുന്നതോടൊപ്പം മറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്നും ലൈബ്രറികളില്‍ നിന്നും ആവശ്യമുള്ള പുസ്തകങ്ങള്‍ എത്തിച്ച് തരാനുള്ള സാഹചര്യം ജെഎന്‍യു ലൈബ്രറിയിലുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റീഡിംഗ് ഹാള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ്. വിവിധ ഭാഷകളിലുള്ള പത്രങ്ങളും വാരികകളും മാസികകളും ഇവിടെ ലഭിക്കും. വിഷ്വലി ചലഞ്ചഡ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം തയാറാക്കിയ ഹെലന്‍ കെല്ലര്‍ യൂണിറ്റ് ലൈബ്രറിയിലുണ്ട്. സ്വന്തമായി ലാപ്‌ടോപ് ഇല്ലാത്തവര്‍ക്ക് ഉപയോഗിക്കാനായി നിരവധി കംപ്യൂട്ടറുകളും ലഭ്യമാണ്.

ചെലവ്

ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്ന ഒരു സ്ഥാപനം കൂടിയാണ് ജെഎന്‍യു. സമീപകാലത്ത് ഫീസ് വര്‍ധിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായെങ്കിലും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും ജെഎന്‍യു അന്യമായിട്ടില്ല. ഹോസ്റ്റല്‍ ഫീസ് ഒരു സെമസ്റ്ററില്‍ ഒറ്റത്തവണ ആയാണ് അടക്കേണ്ടത്. ഇതിന് പുറമെ മാസാന്ത ഫീസ് നിലവിലില്ല. പഠനാവശ്യങ്ങള്‍ക്കായി ഫോട്ടോസ്റ്റാറ്റ്, പ്രിന്റ് എന്നിവ തുച്ഛമായ നിരക്കില്‍ ലഭിക്കുന്നത് ചിലവ് കുറക്കാന്‍ സഹായിക്കുന്ന ഘടകമാണ്.

താമസ സൌകര്യം

പെരിയാര്‍, കാവേരി തുടങ്ങി വിവിധ നദികളുടെ പേരുള്ള 21 ഹോസ്റ്റലുകളാണ് ജെഎന്‍യുവിലുള്ളത്. പക്ഷെ, എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ എടുക്കുന്ന സമയത്ത് തന്നെ ഹോസ്റ്റല്‍ ലഭിച്ചേക്കില്ല. എന്‍ട്രന്‍സ് റാങ്ക് അനുസരിച്ചാണ് ഹോസ്റ്റല്‍ അലോട്ട് ചെയ്യുന്നത്. രണ്ടാം വര്‍ഷം എല്ലാവര്‍ക്കും ഹോസ്റ്റല്‍ ഉറപ്പായും ലഭിക്കും. ആവശ്യത്തിന് റൂമുകള്‍ ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഒരു റൂമില്‍ രണ്ട് പേര്‍ക്കാണ് താമസം. ഹോസ്റ്റല്‍ ലഭിച്ചില്ലെങ്കിലും ഡോര്‍മിറ്ററി സൌകര്യം ഉപയോഗപ്പെടുത്തി കാമ്പസില്‍ തന്നെ താമസിക്കാന്‍ സൌകര്യം ലഭിക്കും. ഇതിലൂടെ പുറത്ത് റൂം എടുത്ത് താമസിക്കുന്ന ഭാരിച്ച ചിലവ് ഒഴിവാക്കാനാവും.

ഭക്ഷണം

ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണമാണ് ഹോസ്റ്റലുകളില്‍ നല്‍കുന്നത്. എങ്കിലും ആഴ്ചയില്‍ മൂന്നോ നാലോ നേരം നോണ്‍ വെജും ഒന്നോ രണ്ടോ നേരം ദോശ, ഇഡ്‌ലി, ഊത്തപ്പം, സാമ്പാര്‍ എന്നിവയും ലഭിക്കുന്നത് മലയാളികള്‍ അടക്കമുള്ള സൌത്ത് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാണ്. ഭക്ഷണത്തിന് അമിത ഫീസ് ഈടാക്കുന്നില്ലെന്നതാണ് ഇതിലും പ്രധാനമായി കാണേണ്ടത്. ഓരോ മാസവും 25003200 വരെയാണ് ഇതിനായി ചിലവ് വരുന്നത്. ഹോസ്റ്റലുകള്‍ക്ക് പുറമെ നിരവധി ലഘു ഭക്ഷണ ശാലകളും ചായക്കടകളും മറ്റ് ഹോട്ടലുകളും കാമ്പസികത്ത് തന്നെയുണ്ട്.

യാത്ര

ദൂരമാണ് പലരെയും ജെഎന്‍യു തിരഞ്ഞെടുക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ട്രയിനില്‍ രണ്ട് ദിവസത്തെ യാത്ര ദൂരമാണ് ജെഎന്‍യുവിലെത്താന്‍. വിവിധ സംസ്ഥാനങ്ങളിലൂടെ കടന്ന് പോവുന്ന ഈ യാത്ര രസകരമാണ്. ഇന്ന് നിത്യേന മൂന്നില്‍ കുറയാത്ത ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുന്നത് കൊണ്ട് ടിക്കറ്റുകള്‍ ലഭിക്കാന്‍ വലിയ പ്രയാസമില്ല. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് നിരവധി വിമാന സര്‍വീസുകളും ഉണ്ട്. ബിഎഎംഎ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് നീണ്ട അവധികള്‍ ആണുള്ളത്.

സ്‌കോളര്‍ഷിപ്പ്

നാല് ലക്ഷത്തില്‍ താഴെ വരുമാനമുള്ള ബിഎഎംഎ വിദ്യാര്‍ത്ഥികള്‍ക്ക് മാസത്തില്‍ 2000 രൂപയും ഒരു സ്‌കോളര്‍ഷിപ്പും ഇല്ലാത്ത എംഫില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയും പിഎച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് 8000 രൂപയും ജെഎന്‍യു നല്‍കുന്നുണ്ട്. ഇതിലൂടെ കുടുംബത്തെ വലിയ രീതിയില്‍ ആശ്രയിക്കാതെ പഠനം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയും.

എങ്ങനെ ജെഎന്‍യുവിലെത്താം

നിലവില്‍ ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങളാണ് ജെഎന്‍യു നല്‍കുന്നത്. മാര്‍ച്ച് മാസത്തിലാണ് അപേക്ഷ ക്ഷണിക്കാറുള്ളത്. മെയ് മാസത്തിലാണ് പരീക്ഷ. ബിഎക്ക് ജനറല്‍ നോളജ്, ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, അതാത് രാജ്യത്തിന്റെ വിവരങ്ങള്‍ എന്നിവയാണ് ചോദിക്കുക. പിജി, എംഫില്‍, പിഎച്ച്ഡിക്ക് വിഷയാധിഷ്ഠിതമാണ് ചോദ്യങ്ങള്‍. മികച്ച പരിശീലനവും നേരത്തെയുള്ള തയാറെടുപ്പുകളുമാണ് വിജയത്തിലേക്കുള്ള വഴി. നിരവധി സംഘടനകളുടെ പരിശീലന പദ്ധതികളില്‍ ഭാഗവാക്കാവുന്നതും പഴയ ചോദ്യപ്പേപ്പറുകള്‍ നോക്കുന്നതും ഗുണം ചെയ്യും.

രാഷ്ട്രീയം

രാഷ്ട്രീയ പ്രബുദ്ധത കൊണ്ടും ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധ നേടിയ സ്ഥാപനമാണ് ജെഎന്‍യു. എംഎസ്എഫ്, എന്‍സ്!യുഐ, എസ്എഫ്‌ഐ പോലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകളും ബാപ്‌സ, ഡിഎസ്എഫ് പോലെ സ്വതന്ത്രമായ പാര്‍ട്ടികളും കാമ്പസിലുണ്ട്. സമീപകാലത്ത് എബിവിപി ശക്തിയാര്‍ജിച്ചിട്ടുണ്ടെങ്കിലും ഇടത് സംഘടനകളുടെ മുന്നണി തന്നെയാണ് അധികാരത്തിലുള്ളത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.