2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സര്‍ക്കാര്‍ വസതികള്‍ ഒഴിയണം: മെഹ്ബൂബ മുഫ്തിക്കും ഉമര്‍ അബ്ദുല്ലയ്ക്കും അന്ത്യശാസന

 

ശ്രീനഗര്‍: സര്‍ക്കാര്‍ വസതികള്‍ നവംബര്‍ ഒന്നിനു മുന്‍പ് ഒഴിയണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിക്കും ഉമര്‍ അബ്ദുല്ലയ്ക്കും അന്ത്യശാസന. ഒക്ടോബര്‍ 31ന് അര്‍ധരാത്രി ജമ്മു കശ്മീര്‍ പുന:സംഘടന ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടത്.

1984ലെ പെന്‍ഷന്‍ നിയമ പ്രകാരം ജമ്മു കശ്മീരിലെ നിയമസഭാ അംഗങ്ങള്‍ക്ക് ജീവിതകാലം മുഴുന്‍ സൗജന്യമായി ഔദ്യോഗിക വസതികളില്‍ താമസിക്കാനുള്ള സൗകര്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് 1996 മുതല്‍ കൂടുതല്‍ സൗകര്യങ്ങളും ഭേദഗതികളും നിയമസഭാ അംഗങ്ങള്‍ക്ക് അനുവദിച്ചു. എന്നാല്‍ ജമ്മു കശ്മീര്‍ പുന:സംഘടന ബില്‍ നടപ്പില്‍ വന്നതോടെ നവംബര്‍ ഒന്നു മുതല്‍ ഈ ആനുകൂല്യങ്ങളൊക്കെ എന്നേക്കുമായി ഇല്ലാതാവും.

ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നേരത്തെ വസതി ഒഴിഞ്ഞിരുന്നു. 2005- 2008 സമയത്ത് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതോടെ പുതിയ നിയമ പ്രകാരം എല്ലാ മുന്‍ മുഖ്യമന്ത്രിമാരും നവംബര്‍ ഒന്നിനു മുന്‍പു തന്നെ ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞു പോകണമെന്നായിരുന്നു നിര്‍ദേശം.

മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവര്‍ ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്. ഗുപ്കര്‍ റോഡിലെ സര്‍ക്കാര്‍ ബംഗ്ലാവുകളിലാണ് ഇരു നേതാക്കളും താമസിക്കുന്നത്. നവംബര്‍ ഒന്നോടെ ഇരുവരും അവരവര്‍ താമസിക്കുന്ന ബംഗ്ലാവുകള്‍ ഒഴിയേണ്ടി വരും.

ഉമര്‍ അബ്ദുല്ല- സ്വത്തുക്കളില്ലാത്ത മുന്‍ മുഖ്യമന്ത്രി

സ്വന്തം പേരില്‍ മറ്റു സ്വത്തുകളൊന്നും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ പേരിലില്ല. ഉമര്‍ അബ്ദുല്ലയുടെ സര്‍ക്കാര്‍ വസതിയില്‍ മറ്റു സൗകര്യങ്ങള്‍ക്കൊപ്പം ആധുനിക രീതിയിലുള്ള ജിമ്മും ഉണ്ട്.

സംസ്ഥാന പുന:സംഘടന ബില്‍ ഓഗസ്റ്റിലാണ് ലോകസഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ജമ്മുകശ്മീരിനെ ലഡാക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇന്ന് രണ്ടിടത്തും ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ അധികാരമേറ്റതോടെ കേന്ദ്ര സര്‍ക്കാരിന്റെ നിയമം നടപ്പില്‍ വരികയും ചെയ്തു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News