
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കേസില്‍ അന്തിമ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. കഴിഞ്ഞമാസം 22നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.
2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷ കൊല്ലപ്പെട്ടത്. അന്ന് വൈകുന്നേരം 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി അമീര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്. അമീര്‍ മാത്രമാണ് കേസിലെ ഏക പ്രതി.
ജിഷയെ വെട്ടിയും കുത്തിയും അമീര്‍ കൊലപ്പെടുത്തിയത് പീഡനം ചെറുത്തതിനെതുടര്ന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. പ്രതിക്കെതിരേ ശക്തമായ ശാസ്ത്രീയ തെളിവുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമാണ് ലഭ്യമായിരിക്കുന്നതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
ജിഷയും മാതാവും പുറംപോക്കില്‍ കുടില്‍കെട്ടി താമസിച്ചിരുന്നത് പ്രതിക്ക് അറിയാമായിരുന്നു. പ്രതി താമസിച്ചിരുന്നയിടം ജിഷയുടെ വീട്ടില്‍ നിന്നും ദൂരെയായിരുന്നില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.