
ഇനി 5ജി യുഗമാണ്. ആപ്പിളിന്റെ ഐഫോണ്‍ സീരീസിലെ ആദ്യ 5ജി ഫോണ്‍ കഴിഞ്ഞദിവസം പുറത്തിറക്കി. ഐ ഫോണ്‍ 12. ഈയിടെ 5ജിയില്‍ പുറത്തിറക്കിയ മറ്റു കമ്പനികളുടെ ഫോണിന്റെയെല്ലാം വില കേട്ടാല്‍ ഞെട്ടുന്നതാണ്. എന്നാല്‍ കുറഞ്ഞ നിരക്കില്‍ 5ജി സ്മാര്‍ട്ട്ഫോണ്‍ വാഗ്ദാനം ചെയ്യുകയാണ് ജിയോ.
2,500 രൂപ മുതല്‍ 3,000 രൂപ വരെ വിലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയ്ക്കാന്‍ ആണ് പദ്ധതി. 4 ജി ലഭ്യമായിരുന്നിട്ടും നിലവില്‍ 20മുതല്‍ 30 കോടി വരെ ഉപഭോക്താക്കള്‍ 2ജി സാങ്കേതിക വിദ്യ ഉപയോഗിയ്ക്കുന്നുണ്ട് എന്നാണ് കണക്കുകൂട്ടല്‍. 4ജി ഫോണ്‍ സ്വന്തമാക്കാന്‍ പണമില്ലാത്തതിനാലാണ് ഇത്. ഈ ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്.
5,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ പുറത്തിറക്കി അഫോര്‍ഡബ്ള്‍ ഫോണുകളുടെ വിപണി കൈയടക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇന്ത്യയില്‍ മറ്റു കമ്പനികളുടെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ക്ക് 27,000 രൂപ മുതലാണ് വില.
നേരത്തെ 4ജി സ്മാര്‍ട്ട്ഫോണും കുറഞ്ഞവിലയ്ക്ക് ജിയോ അവതരിപ്പിച്ചിരുന്നു. 1500 രൂപയ്ക്ക് ഫോണിനൊപ്പം സൗജന്യ 4ജി ഇന്റര്‍നെറ്റ് ഉപയോഗവും നല്‍കിയിരുന്നു.