2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ശരീഅത്തിനെതിരേയുള്ള നീക്കങ്ങളും മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്നതും അനുവദിക്കില്ല: ജിഫ്‌രി തങ്ങള്‍

ഫൈസാബാദ്(പട്ടിക്കാട്): ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകളെ ഇല്ലായ്മ ചെയ്യാനും സംവരണത്തിന്റേയും പൗരത്വത്തിന്റേയും പേരില്‍ മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കരിക്കാനുമുള്ള ഭരണകൂട നീക്കം അനുവദിക്കില്ലെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ്ദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍. പ്രവാചകരില്‍നിന്ന് സ്വഹാബി വര്യന്‍മാരിലൂടെ കൈമാറിവന്നതാണ് മതത്തിന്റെ നിയമങ്ങള്‍.
പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി ഉത്തമ നൂറ്റാണ്ടിലെ മഹാരഥന്‍മാര്‍ വ്യാഖ്യാനിച്ചു നല്‍കിയ ആ വ്യവസ്ഥകളില്‍ ഒരുഭേദഗതിക്കും മുസ്‌ലിം ലോകവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും സമ്മതിക്കില്ല. മുത്വലാഖ് ഇസ്‌ലാമികമായി സംഭവിച്ചാല്‍ അതു സാധുവാകുമെന്നാണ് മതത്തിന്റെ കാഴ്ചപ്പാട്. രാജ്യത്തെ ജനങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ സംവരണ നയങ്ങളില്‍നിന്നും മുസ്‌ലിം പൗരന്‍മാരെ മാറ്റിനിര്‍ത്തുന്ന പൗരത്വ ബില്ലില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ശരീഅത്ത് റൂള്‍സ് അനുസരിച്ചു സത്യവാങ്മൂലം നല്‍കണമെന്ന നിയമം പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട നിയമസഭാ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതി ഗൗരവമായി കാണണം.
സ്ത്രീകളോടുള്ള നീതിയും മാന്യതയും മുന്നോട്ടുവച്ച മതമാണ് ഇസ്‌ലാം. സ്ത്രീകളെ പ്രകടനത്തിനും മതിലിനും കൊണ്ടുപോവേണ്ടവരല്ല. അവരുടെ പവിത്രത കാത്തുസൂക്ഷിക്കണം. സ്ത്രീകളുടെ അവകാശങ്ങളില്‍ പുരുഷന് ചുമതല വഹിക്കാനുണ്ട്. സ്ത്രീകളെ പൊതുരംഗത്ത് പ്രദര്‍ശിപ്പിക്കല്‍ നവോത്ഥാനമല്ല. മതത്തിന്റെ ആദര്‍ശത്തെ പരിഹസിക്കപ്പെടുന്ന കാലത്ത് പണ്ഡിതന്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ വലുതാണെന്നും തങ്ങള്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.