2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മലയാളിയായ ഭർത്താവ് ഉപേക്ഷിച്ചു പോയ സോമാലിയക്കാരിക്ക് കെഎംസിസി വക സാന്ത്വനം 

മുഹമ്മദ് കല്ലിങ്ങൽ

ജിദ്ദ: ഒരു പതിറ്റാണ്ട് മുമ്പ് മലയാളിയായ ഭർത്താവ്  ഉപേക്ഷിച്ചു പോയതിനാൽ ദുരിതത്തിലായ സോമാലിയക്കാരിക്കും കുട്ടികൾക്കും  കെഎംസിസി പ്രവർത്തകരുടെ സാന്ത്വന ഹസ്‌തം. ജിദ്ദ- പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി ഭാരവാഹികളാണ് ജിദ്ദയിലെ ബഗ്ദാദിയ്യ ഡിസ്ട്രിക്ടിലെ പഴയ കെട്ടിടത്തിൽ പട്ടിണിയും പരിവട്ടവുമായി ദുരിത ജീവിതം നയിക്കുന്ന സോമാലിയക്കാരി മുഅമിനക്കും കുട്ടികൾക്കും പുതിയ പ്രതീക്ഷകൾ നൽകി സഹായവുമായി രംഗത്ത് വന്നത്. രേഖകൾ പോലുമില്ലാതെ നിരാശരായി കഴിയുന്ന ഈ വലിയ കുടുംബത്തിന് ഇത്  വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.
 
സോമാലിയയിൽ  നിന്നും ചെറുപ്പത്തിൽ ജിദ്ദയിൽ എത്തിയ മുഅമിന രക്ഷിതാക്കളോടൊപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു. ഇതിനിടയിലാണ് അടുത്തുള്ള കടയിൽ നിന്നും പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിയെ കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം ക്രമേണ പ്രണയമായി മാറുകയും അങ്ങനെ ഇവർ  വിവാഹിതരാവുകയും ചെയ്തു. അന്ന് ജിദ്ദയിൽ ഉയർന്ന  നിലയിൽ ജോലി ചെയ്തിരുന്ന അമ്മിനിക്കാട് സ്വദേശിയെ വിവാഹം ചെയ്തതോടെ മുഅമിന എന്ന യുവതി ഒരുപാട് ജീവിത  സ്വപ്‌നങ്ങൾ കണ്ടിരുന്നു. മലയാളി ഭർത്താവിനോടൊപ്പം ജീവിക്കുന്നതിനിടയിൽ ഇവർക്ക് മക്കൾ ഉണ്ടായി. എന്നാൽ ഏഴാമത് ഗർഭിണിയായ സമയത്ത് ഭർത്താവ് നാട്ടിലേക്കു പോയി. പിന്നീട് തിരിച്ചു വന്നില്ല. ഇതോടെ ഇവരുടെ ജീവിതം ദുരിതക്കയത്തിലേക്കു നീങ്ങി. 
 
പിതാവ് കൂടെയില്ലാത്തതിനാൽ  മക്കൾക്ക്  ജനന സർട്ടിഫിക്കറ്റ്, ഇഖാമ തുടങ്ങിയ രേഖകൾ ഒന്നും ഉണ്ടാക്കാൻ മാതാവ് മുഅമിനക്ക് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ അധികൃതരുടെ നിയമ നടപടി ഏത് നിമിഷവും പ്രതീക്ഷിച്ചാണ് ഈ കുടുംബം ജീവിക്കുന്നത്. താമസ രേഖകൾ ഇല്ലാത്തതിനാൽ വിദ്യാഭ്യാസം നേടാനോ ജോലിക്ക് പോവാനോ മക്കൾക്ക് കഴിയില്ല. വീട്ടിൽ നിന്നും പലഹാരം ഉണ്ടാക്കി റോഡരികിൽ വിൽപ്പന നടത്തിയാണ് മു അ മിന മക്കളെ പുലർത്തിയിരുന്നത്. എന്നാൽ ഇടയ്ക്കു അപകടത്തിൽപ്പെട്ട് കാലിന് പരിക്ക് പറ്റിയാൽ ഈ ജോലി തുടരാൻ കഴിഞ്ഞില്ല. ഇപ്പോൾ ഒരു മകൾ അടുത്തുള്ള ഒരു വീട്ടിൽ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്. താമസിക്കുന്ന വീടിന്റെ വാടക , വൈദ്യുതി ബിൽ തുടങ്ങിയവക്കൊക്കെ മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടാണ്. ഇതിനിടയിൽ ഈ കുടുംബത്തിന്റെ സ്ഥിതി അറിഞ്ഞ ചില സാമൂഹ്യ പ്രവർത്തകർ പെരിന്തൽമണ്ണയിലുള്ള ഇവരുടെ ഭർത്താവുമായി ബന്ധപ്പെട്ട് ഇവർക്ക് ചെലവിനുള്ള പണം ലഭ്യമാക്കാനും  ഇയാളെ ഉംറ വിസയിൽ കൊണ്ട് വരാനും   ശ്രമിച്ചിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. 
 
ഇതിനിടയിൽ കോവിഡ് ലോക്ക് ടൗൺ സമയത്തും മറ്റും ഈ കുടുംബത്തിന്  കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഭക്ഷണ കിറ്റുകളും മറ്റു സഹായങ്ങളും ചെയ്തു കൊടുത്തിരുന്നതായി ഇവർ താമസിക്കുന്ന ബാഗ്‌ദാദിയ്യ ഈസ്റ്റ് ഏരിയ കെഎംസിസി കമ്മിറ്റിപ്രസിഡന്റ് നാണി മാസ്റ്റർ അറിയിച്ചു. മലയാളിയായ  ഭർത്താവ് ഉപേക്ഷിച്ചു പോയ ഈ കുടുംബത്തിന്റെ ദയനീയ  അവസ്ഥ അറിഞ്ഞതിനെത്തുടർന്ന്   ഏരിയ കെഎംസിസി ഭാരവാഹികളായ നാണി ഇസ്ഹാഖ് മാസ്റ്റർ, മുഹമ്മദ്  റഫീഖ് കൂളത്ത്, ഷബീർ അലി കോഴിക്കോട്, അബു കട്ടുപ്പാറ, സൈതലവി തുടങ്ങിയവർ ഇവരുടെ വീട് സന്ദർശിക്കുകയും കഴിയുന്ന സഹായം ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു . കൂടാതെ ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകനായ നാസർ ഒളവട്ടൂർ ഈ കുടുംബത്തിന് വേണ്ട സഹായം നൽകിയിരുന്നതായി നാണി മാസ്റ്റർ പറഞ്ഞു. 
 
എന്നാൽ, മലയാളി ഭർത്താവ് ഉപേക്ഷിച്ചു പോയ   ഈ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം വന്ന പത്ര വാർത്തയെ തുടർന്നാണ് ജിദ്ദ- പെരിന്തൽമണ്ണ മണ്ഡലം കെഎംസിസി ഭാരവാഹികൾ ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നത്. മണ്ഡലം കെഎംസിസി  ഭാരവാഹികളായ  മുഹമ്മദലി ടി. എൻ പുരം, അഷ്‌റഫ് താഴേക്കോട്,  മുസ്തഫ കോഴിശ്ശേരി,വാപ്പുട്ടി വട്ടപ്പറമ്പിൽ, അബു കട്ടുപ്പാറ, നാസർ പാക്കത്ത്, മുഹമ്മദലി മുസ്‌ലിയാർ, അബ്ദുല്ലത്തീഫ് കാപ്പുങ്ങൽ, മുഹമ്മദ് കിഴിശ്ശേരി, മുജീബ് പുളിക്കാടൻ, നാസർ ഒളവട്ടൂർ തുടങ്ങിയവർ ഇവരുടെ വീട് സന്ദർശിക്കുകയും സാമ്പത്തിക  സഹായം നൽകുകയും ചെയ്തത് ഇവർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഇതോടൊപ്പം  മറ്റു കാര്യങ്ങൾ അന്വേഷിച്ചു കഴിയുന്ന രൂപത്തിൽ സഹായിക്കാമെന്നും വാഗ്‌ദാനം നൽകുകയും ചെയ്തത്  എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് വലിയ പ്രതിസന്ധി നേരിടുന്ന ഈ കുടുംബത്തിന്  വലിയ ആശ്വാസവും പ്രതീക്ഷയും നൽകിയിട്ടുണ്ട്. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.