
ജിദ്ദ: മലയാളികളുടെ പ്രിയപ്പെട്ട പത്രമായ ‘സുപ്രഭാതം’ പരമാവധി വരിക്കാരെ ചേർത്ത് പ്രചാരണ കാംപയിൻ വിജയിപ്പിക്കണമെന്ന് സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അച്ചടി – ദൃശ്യ മാധ്യമങ്ങൾ മത്സര ബുദ്ധ്യാ അക്ഷരക്കൂട്ടൊരുക്കിയും
അന്തസ്സില്ലാത്ത അന്തിച്ചർച്ചകൾ നടത്തിയും നിലനിൽപിനായി പ്രയാസപ്പെടുന്ന കാലത്ത് നേരിന്റെ പക്ഷത്ത് നിന്ന് സംസാരിക്കാൻ വേണ്ടിയാണ് ‘സുപ്രഭാതം’ ജന്മം കൊണ്ടത്.
ന്യുനപക്ഷ സമുദായത്തിന്റെ അവകാശാധികാരങ്ങൾക്ക് വേണ്ടിയും ആദർശ സംരക്ഷണത്തിനും സമസ്ത കുടുംബത്തിന്റെ ശാക്തീകരണത്തിനും പ്രധാന്യം നൽകി
8 വർഷം പിന്നിടുമ്പോൾ ചുരുങ്ങിയ കാലത്തിനകം മലയാള മാധ്യമ മേഖലയിൽ വൻകിട പത്രങ്ങളോട് കിടപിടിക്കും വിധം വളർന്ന് മതേതരത്വത്തിന്റെ ആണികല്ലിളക്കാൻ വന്നവർക്കെതിരെ മതനിരപേക്ഷതയുടെ ഒരുമയിൽ തീർത്ത അക്ഷരക്കൂട്ടുകൾ കൊണ്ട് തടഞ്ഞ് നിർത്തി പ്രതിരോധം തീർക്കാൻ സുപ്രഭാതത്തിനായിട്ടുണ്ട്.
പിന്നാക്ക ജനവിഭാഗത്തിന്റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയും ഉദ്യോഗ – വിദ്യാർത്ഥി സമൂഹത്തിന്റെ
ഉന്നതിക്ക് വേണ്ടിയും അനിർവചനീയമായ പങ്കാണ് ‘സുപ്രഭാതം’ നിർവ്വഹിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമ രംഗത്ത് കേരളത്തിലെ ഒന്നാം
സ്ഥാനത്തേക്ക് കുതിക്കുന്ന
സുപ്രഭാതത്തിന്റെ കുതിച്ചുച്ചാട്ടത്തിന്
കരുത്ത് നൽകാൻ വരിചേർക്കൽ കാംപയിൻ വമ്പിച്ച വിജയമാക്കാൻ എല്ലാ പ്രവർത്തകരും മുന്നോട്ട് വരണമെന്ന് എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി എന്നിവർ ആഭ്യർത്ഥിച്ചു.