2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇസ്‌ലാമിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ആധാരമാക്കേണ്ടത് മുഹമ്മദ്‌ നബി (സ) യെ കുറിച്ചുള്ള പഠനം: ഡോ. സാലിം ഫൈസി കൊളത്തൂര്‍

ജിദ്ദ: ഇസ്‌ലാമിനെ കുറിച്ചുള്ള ഏതു പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും  അടിസ്ഥാന മാനദണ്ഡമാകേണ്ടത് മുഹമ്മദ്‌ നബി (സ) യെ കുറിച്ചുള്ള പഠനമാണെന്നും ഇസ്‌ലാമിക വിമര്‍ശനം നടത്തുന്നവരുടെ മുഖ്യ വിമര്‍ശനം എക്കാലവും തിരു നബിയെ കുറിച്ചാണെന്ന യഥാര്‍ത്ഥ്യം ഇത് ബോധ്യപ്പെടുത്തുന്നണെന്നും പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ.സാലിം ഫൈസി കൊളത്തൂര്‍ പറഞ്ഞു. സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ് ഐ സി)  സഊദി നാഷണല്‍ തലത്തില്‍ ‘’തിരുനബി (സ്വ) സ്നേഹം സമത്വം സഹിഷ്ണുത’’ എന്ന പ്രമേയത്തില്‍ ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായി നടന്ന ജിദ്ദാ സെന്‍ട്രല്‍ തല ഉദ്ഘാടന സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ്‌ നബി (സ) യെ മറ്റെന്തിലുമേറെ ഇഷ്ടപ്പെടുക എന്നത് ഈമാനിക പൂര്‍ത്തീകരണത്തിന്‍റെ പ്രഥമ പ്രധാനമായ അടിസ്ഥാന ഘടകമാണ്. മുഹമ്മദ്‌ നബി (സ) യുടെ പ്രവാചകത്വവും, നുബുവ്വത്ത് ലഭിച്ച ശേഷമുള്ള പ്രവാചക പ്രബോധന ദൗത്യം വഴി ലോകത്തിനു മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ട ചര്യകളും അംഗീകരിക്കുന്നതോടെ മാത്രം പൂര്‍ത്തിയാകുന്നതോ സ്വീകര്യമാകുന്നതോ അല്ല യഥാര്‍ത്ഥ ഇസ്‌ലാമിക വിശ്വാസം. സര്‍വ്വ ഗുണങ്ങളുടെയും മേന്മകളുടെയും സമ്പൂര്‍ണ സവിശേഷതകള്‍ സമ്മേളിച്ച പൂര്‍ണ്ണ വ്യക്തിത്വമായി അല്ലാഹു ആദരിച്ചനുഗ്രഹിച്ച മുഹമ്മദ്‌ നബി (സ) യെ സര്‍വോപരി ഇഷ്ടപ്പെടുന്നതോടെയല്ലാതെ മറ്റൊന്നും സ്വീകര്യമാകില്ലെന്നും സാലിം ഫൈസി പ്രതിപാദിച്ചു.

എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സംഘര്‍ഷ പൂരിതമായ വര്‍ത്തമാന കാലത്ത് ലോക സമാധാനത്തിനുള്ള ഏക പോംവഴി തിരു നബി (സ) മാര്‍ഗ്ഗ ദര്‍ശനം ചെയ്ത സ്നേഹത്തിന്റെയും സമത്വത്തിന്‍റെയും സന്ദേശങ്ങള്‍ മനസാ വരിച്ചു മാതൃക തീര്‍ക്കുക മാത്രമാണെന്ന് തങ്ങള്‍ പറഞ്ഞു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉത്തമ മാനവിക മൂല്യങ്ങള്‍ നിറഞ്ഞ പ്രവാചക അധ്യാപനങ്ങള്‍ സത്യ വിശ്വാസികളെ അനുകൂല സാഹചര്യങ്ങളില്‍ എന്ന പോലെ തന്നെ ഏതു പ്രതികൂല സാഹചര്യങ്ങളിലും സഹിഷ്ണുതയോടെ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കണമെന്നും സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ ഉദ്ബോധിപ്പിച്ചു.

   

ജിദ്ദ ശറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രാര്‍ഥനാ സദസ്സിനു ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ബാഖവി ഊരകം നേതൃത്വം നല്‍കി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ അധ്യക്ഷതതയില്‍ നടന്ന കാമ്പയിന്‍ ഉദ്ഘാടന സെഷനില്‍ ജ. സെക്രട്ടറി സല്‍മാന്‍ ഫാരിസ്‌ ദാരിമി സ്വാഗതം ആശംസിച്ചു. അബൂബകര്‍ ദാരിമി ആലംപാടി പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ്.ഐ.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഉസ്മാന്‍ എടത്തില്‍, എം.എ കോയ ഹാജി മുന്നിയൂര്‍, മുഹമ്മദലി മുസ്‌ലിയാര്‍, കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കളായ സി കെ റസാഖ് മാസ്റ്റര്‍, വി.പി മുസ്തഫ സാഹിബ്, സാബില്‍ മമ്പാട്, അബ്ബാസ് മുസ്‌ലിയാരങ്ങാടി സംബന്ധിച്ചു.

കെപി അബ്ദുറഹ്മാന്‍ ഹാജി, മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, സൈനുദ്ദീന്‍ ഫൈസി പൊന്മള, അൻവർ ഹുദവി, സുഹൈൽ ഹുദവി, തഹ്ദീര്‍ വടകര, ഷൗക്കത് കരുവാരക്കുണ്ട്, റഫീഖ് കൂളത്ത്, ദില്‍ഷാദ് തലാപ്പില്‍, അബ്ദുല്‍ മുസവിര്‍, ഫിറോസ്‌ പരതക്കാട്, ഹുസൈന്‍ പാതിരമണ്ണ, റിയാസ് നീറാട്, സഗീര്‍ ബാബു, ബഷീര്‍ ദാരിമി, സലിം മണ്ണാര്‍ക്കാട്, ഷമീര്‍ താമരശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.ഐ.സി ജിദ്ദ സെന്‍ട്രല്‍ കമിറ്റി ട്രഷറര്‍ എഞ്ചിനീയര്‍ ജാബിര്‍ നാദാപുരം നന്ദി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.