2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; രേഷ്മയെ സംരക്ഷിക്കുന്നതും ജാമ്യമെടുത്തതും ബി.ജെ.പി: എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആര്‍.എസ്.എസ് നേതാവ് നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയ രേഷ്മയെ സംരക്ഷിക്കുന്നത് ബി.ജെ.പിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. രേഷ്മയെ ജാമ്യത്തിലിറക്കിയതും ബി.ജെ.പി തലശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. രേഷ്മയ്ക്കുവേണ്ടി ഹാജരായത് അഭിഭാഷക പരിഷത്ത് നേതാവാണ്. രേഷ്മയുടെ ആര്‍എസ്എസ് ബന്ധത്തിന് ഇതില്‍ കൂടുതല്‍ തെളിവു വേണ്ട. രേഷ്മ പൊലിസിനു നല്‍കിയ മൊഴിയിലും ബി.ജെ.പി ബന്ധം വ്യക്തമാണ്. രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വാസ്തവിരുദ്ധമാണെന്നും ജയരാജന്‍ പറഞ്ഞു.

കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞാണ് നിജില്‍ ദാസിന് താമസിക്കാന്‍ രേഷ്മ സ്ഥലം നല്‍കിയത്. ഒന്നാംപ്രതി ലിജേഷ് ബി.ജെ.പി മണ്ഡലം പ്രസിഡന്റാണ്. ഇതില്‍ എല്ലാവരും ബിജെപിക്കാരും അനുഭാവികളുമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജില്‍ദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിജില്‍ദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തിലധികമായി പരിചയമുണ്ട്.

കേസില്‍ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിജിന്‍ ദാസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.