2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിപ്പൂരില്‍ അക്രമം തുടരുന്നു; ജവാനും ഡ്രൈവറും വെടിയേറ്റ് മരിച്ചു, ബന്ദിന് ആഹ്വാനം

   

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമം. കാങ്‌പോക്പി ജില്ലയില്‍ ജവാനും ഡ്രൈവറും തീവ്രവാദി വിഭാഗത്തില്‍പ്പെട്ടവരെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് മരിച്ചു. ഗോത്രവര്‍ഗക്കാരായ ഇരുവരും വാഹനത്തില്‍ പോകുമ്പോള്‍ ഹരോതെല്‍, കൊബ്ഷ ഗ്രാമങ്ങള്‍ക്കുസമീപം ഇംഫാല്‍ ആസ്ഥാനമായ ഭൂരിപക്ഷ വിഭാഗക്കാരുടെ തീവ്രവാദി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്‍.ബി) ജവാനാണ്.

സംസ്ഥാനത്ത് വംശീയ കലാപം നടക്കുന്നതിനിടെ സംഭവം നടന്ന സിങ്ധ അണക്കെട്ടിന് സമീപം ഗോത്രവര്‍ഗക്കാര്‍ പലതവണ അക്രമണത്തിന് ഇരയായിരുന്നു. അതേസമയം, പ്രകോപനമില്ലാതെ കുക്കി വിഭാഗക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് ഗോത്രവര്‍ഗക്കാരുടെ സംഘടന സി.ഒ.ടി.യു ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കാങ്‌പോക്പി ജില്ലയില്‍ ബന്ദിന് ആഹ്വാനംചെയ്ത സംഘടന ഗോത്രവിഭാഗക്കാര്‍ക്കായി പ്രത്യേക ഭരണ സംവിധാനം വേണമെന്നും ആവര്‍ത്തിച്ചു. ഇതിനിടെ ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത പറക്കല്‍ വസ്തു കണ്ടെത്തിയതില്‍ വ്യോമസേന പരിശോധന തുടങ്ങി. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റഫാല്‍ വിമാനങ്ങളെ നിയോഗിച്ചു. പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താനിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെയാണ് വിമാനത്താവളത്തിന് മുകളില്‍ അജ്ഞാതവസ്തു കണ്ടത്. തുടര്‍ന്ന് മണിക്കൂറുകളോളം വിമാന സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.പറന്നത് ഡ്രോണ്‍ ആണെന്നാണ് നിഗമനം. ടെര്‍മിനല്‍ ബില്‍ഡിങിന് മുകളിലൂടെ പറന്ന ഡ്രോണ്‍ പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് മുകളിലൂടെ തെക്ക് ഭാഗത്തേക്ക് പറക്കുകയും കുറച്ച് നേരെ അവിടെ നിശ്ചലമായിരിക്കുകയും ചെയ്തു. പിന്നീട് റണ്‍വേയുടെ തെക്ക് പടിഞ്ഞാറ് വശത്തേക്ക് സഞ്ചരിച്ചു. 4.05 വരെ വിമാനത്താവളത്തിന്റെ പരിസരത്ത് തന്നെ ചുറ്റിത്തിരിഞ്ഞ ശേഷം പിന്നീട് അപ്രത്യക്ഷമായി.

മണിപ്പൂരില്‍ അക്രമം തുടരുന്നു; ജവാനും ഡ്രൈവറും വെടിയേറ്റ് മരിച്ചു, ബന്ദിന് ആഹ്വാനം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.