ബെംഗളൂരു: ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന ബൗളിംഗ് കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ നൽകി ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ റിപ്പോർട്ട്. പരിക്കേറ്റ വിശ്രമത്തിലുള്ള ബുമ്രയുടെ
രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകും. ബുമ്ര പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നാണ് ദേശീയ ക്രിക്കറ്റ് അക്കാഡമി അറിയിച്ചു.
സെപ്റ്റംബർ മുതലാണ് ബുമ്ര ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയത്. പുറത്തിനേറ്റ പരിക്കാണ് ഇന്ത്യൻ പേസ് താരത്തിന് തിരിച്ചടിയായത്. ഇതോടെ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും ബുമ്രയ്ക്ക് നഷ്‌ടമായി. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനും മൂന്ന് ഏകദിനത്തിനുമുള്ള ടീമിൽ ബുമ്രയെ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബുമ്രയെ ടീമിൽ ഉൾപ്പെടുത്താനാവില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാഡമി അറിയിക്കുകയായിരുന്നു. കഴിഞ്ഞാഴ്ച രണ്ട് പരിശീലന മത്സരത്തിൽ കളിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എൻസിഎ ബിസിസിഐക്ക് റിപ്പോർട്ട് നൽകിയത്. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര പുറംവേദന ആരംഭിച്ചത്.
അതേസമയം, മാർച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലിൽ ജസ്‌പ്രീത് ബുമ്ര തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ താരമാണ് ബുമ്ര. അതേസമയം, ഈ വർഷം ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നതിനാൽ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലായിരിക്കും ഐപിഎല്ലിലും ബുമ്ര കളിക്കുക.
ഇരുപത്തിയൊൻപതുകാരനായ ബുമ്ര 30 ടെസ്റ്റിൽ 128 വിക്കറ്റും 72 ഏകദിനത്തിൽ 121 വിക്കറ്റും 60 ട്വന്‍റി 20യിൽ 70 വിക്കറ്റും ടീം ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 120 കളിയിൽ 145 വിക്കറ്റും സ്വന്തമാക്കി.
Comments are closed for this post.