2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിക്കെതിരെ ജന്മഭൂമിയുടെ വിദ്വേഷ പ്രചാരണം, പ്രവാസലോകത്ത് പ്രതിഷേധം ശക്തം

     റിയാദ്: സഊദിക്കെതിരെ കെട്ടുകഥകൾ പ്രസിദ്ധീകരിച്ചു ജന്മഭൂമിയുടെ മത വിദ്വേഷ പ്രചാരണം. ഇന്ത്യയുൾപ്പെടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും വിവിധ മതങ്ങൾ സൗഹൃദത്തോടെ കഴിയുകയും ഭരണകൂടം അവർക്ക് വേണ്ട സംവിധാനങ്ങളും സജ്ജീകരണങ്ങളും നൽകുകയും ചെയ്യുന്നത് മറച്ചു വെച്ചാണ് മത വിദ്വേഷം പരത്തുന്ന രീതിയിൽ ജന്മഭൂമി വാർത്ത പ്രസിദ്ധീകരിച്ചത്.
 
      ‘മത വിവേചനം ആശങ്കാജനകം, സഊദിയിൽ തുടരുന്ന ഗർഭിണികളുടെ അവസ്ഥ ദയനീയം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് സത്യവുമായി ഒരു നിലക്കും ബന്ധമില്ലാത്ത കുറെ കാര്യങ്ങൾ എഴുതി ചേർത്തിരിക്കുന്നത്. സഊദിയിൽ തൊഴിലെടുക്കുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നസംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വരെ മൂക്കത്ത് വിരൽ വെക്കുന്ന തരത്തിലാണ് ജന്മഭൂമി പ്രത്യേക ലേഖകന്റെ കണ്ടെത്തൽ. കൊവിഡ് വൈറസ് ബാധയിൽ നട്ടം തിരിയുന്ന ഇന്ത്യൻ പ്രവാസികളുടെ അവസ്ഥക്ക് പ്രധാന കാരണമായ കേന്ദ്രത്തിലെ ബിജെപി ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് ഇന്ത്യൻ ഗർഭിണികൾ നേരിടുന്ന പ്രയാസങ്ങൾ ഉയർത്തി കാട്ടി സഊദിക്കെതിരെയും മുസ്‌ലിംകൾക്കെതിരെയും ജന്മഭൂമി വാളെടുക്കുന്നത്. 
 
      കൊവിഡ്-19 വ്യാപനം മൂലം ഏർപ്പെടുത്തിയ കർഫ്യു, ലോക് ഡൗൺ എന്നിവ മൂലം ദുരിത്തിലായ പ്രവാസികളിൽ ഏതാനും ഗർഭിണികൾ കേന്ദ്ര സർക്കാരിന്റെ അപക്വമായ നിലപാട് മൂലം തങ്ങൾ കനത്ത ദുരിതത്തിലാണെന്നും തങ്ങൾക്ക് നാടുകളിലേക്ക് പോകാനുള്ള രക്ഷാ മാർഗ്ഗങ്ങൾ തുറക്കണമെന്നും ഇതിനായി മോഡി സർക്കാരും കേരള സർക്കാരും കണിയണമെന്നും ആവശ്യപ്പെട്ട് ലൈവ് വീഡിയോ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയുടെ മറവിലാണ് ഇവിടെ തൊഴിലെടുക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും സാരമായി ബാധിക്കുന്ന തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 
 
      “ഗർഭിണികളുടെ അവസ്ഥ ദയനീയം,   മത വിവേചനമാണ് പ്രശ്നം. നഴ്സുമാർക്കിടയിൽ മുസ്‌ലിംകൾ  അമുസ്‌ലിംകൾ എന്ന ചേരിതിരിവുണ്ട്. ഗർഭിണികളായ അമുസ്‌ലിം നഴ്‌സുമാരുടെ അവസ്ഥ സങ്കടകരമാണ്, പ്രസവത്തിനു മുസ്‌ലിം സ്ത്രീകൾക്ക് ലഭിക്കുന്ന പിന്തുണ അമുസ്‌ലിം സ്ത്രീകൾക്ക് ലഭിക്കുന്നില്ല, സഊദിയിൽ ഒരു പ്രസവത്തിനു അഞ്ചു ലക്ഷത്തോളം രൂപയാണ് ചിലവ്. ഒരാളെ എത്തിച്ചാൽ ചിലവ് ഇതിലുമുയരും. എന്നാൽ, മുസ്‌ലിം സ്ത്രീകൾക്ക് ഇതെല്ലാം സൗജന്യം. സഊദി ഭരണകൂടം സർവ്വ ചിലവുകളും വഹിക്കും. താമസത്തിനു പ്രത്യേക മുറിയും കരുതലുമായി ആശുപത്രി ഒന്നടങ്കവും ഒപ്പം നിൽക്കും. ഇതര മതസ്ഥർ ചിലവ് വഹിക്കണം…”ഇങ്ങനെ പോകുന്നു ജന്മ ഭൂമിയുടെ കണ്ടെത്തൽ. 
 
     എന്നാൽ, ജന്മഭൂമി വാർത്തക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസികൾക്കിടയിൽ ഉയരുന്നത്. പ്രസവത്തിനു ഇൻഷുറൻസ് ഇല്ലാത്ത എല്ലാവർക്കും ഈടാക്കുന്നത് ഒരേ തുകയാണെന്നും ഇതിൽ ഇത് വരെ മത വേർതിരിവ് ഭരണകൂടം കാണിച്ചിട്ടില്ലെന്നും സഊദിയിലെ പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സംഘപരിവാർ പ്രവർത്തകരുടെ ഭാര്യമാർക്ക് വരെ സഊദി ഭരണകൂടം നൽകുന്ന മുഴുവൻ ആനുകൂല്യങ്ങളും കൈപ്പറ്റാൻ സാധിക്കുമെന്നിരിക്കെയും വർഷങ്ങളായി ഇത് അനുഭവിച്ചു വരികയും ചെയ്യുന്നെന്നിരിക്കെ ഇത്തരം വാർത്തകൾ പടച്ചു വിടുന്നത് തീർത്തും ലജ്ജകരം ആണെന്നും ഇന്ത്യൻ പ്രവാസികൾക്ക് സഊദി ഭരണകൂടവും സ്വദേശികളും നൽകിവരുന്ന അനുകമ്പ ഇല്ലാതാക്കുവാനും മാത്രമാണ് ഉപകരിക്കുകയെന്നും പ്രവാസികൾ ആശങ്കപ്പെടുന്നുണ്ട്. മോഡി സർക്കാർ പ്രവാസികളോട് കാണിക്കുന്ന കൊഞ്ഞനം കുത്തുന്ന നടപടി മറച്ചു വെക്കാനാണ് ജന്മ ഭൂമി ഇത്തരത്തിലുള്ള വാർത്തകൾ പടച്ചു വിടുന്നതെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടി.  

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.