2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജന്‍ ഔഷധിയില്‍ ഇനി ആയുര്‍വേദ മരുന്നുകളും

സി.പി സുബൈര്‍

ജന്‍ ഔഷധിയില്‍ ഇനി ആയുര്‍വേദ മരുന്നുകളും

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനകീയ പദ്ധതിയായ പ്രധാന്‍മന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ ഇനി ആയുര്‍വേദ മരുന്നുകളും ലഭ്യമാക്കാന്‍ നടപടികളാകുന്നു. കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ ശ്രമങ്ങളാണ് ഫലം കാണുന്നത്.

ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളിലോ അതിനോടനുബന്ധിച്ചോ ജന്‍ ഔഷധി ആയുര്‍വേദ മെഡിക്കല്‍ സ്‌റ്റോറുകള്‍ ആരംഭിക്കണമെന്ന അപേക്ഷയും പദ്ധതിയും തയാറാക്കി ഒരുവര്‍ഷം മുന്‍പ് ഔഷധി മാനേജിങ് ഡയരക്ടര്‍ ഡോ. ടി. കെ ഹൃദിക്ക് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ തീരുമാനം വൈകി.

തുടര്‍ന്ന് പദ്ധതിയില്‍ തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഡോ. ഹൃദിക്ക് ജന്‍ ഔഷധിയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി ഭഗവന്ത് കുബക്ക് അപേക്ഷ നല്‍കി. ഇതേ തുടര്‍ന്നാണ് പദ്ധതിക്ക് വീണ്ടും ജീവന്‍വയ്ക്കുന്നത്. പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി അഞ്ച്, ആറ് തീയതികളില്‍ ഡോ. ടി.കെ ഹൃദിക്കും മാനേജര്‍ ഇ ഷിബുവും ഡല്‍ഹിയിലെത്തും.
കേന്ദ്ര മന്ത്രി ഭഗവന്ത് കുബ നേരിട്ട് ക്ഷണിച്ചതുപ്രകാരമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. ഡല്‍ഹിയില്‍ ജന്‍ ഔഷധി സി.ഇ.ഒ രവി ഡാദിക്കുമായാണ് പ്രാഥമിക ചര്‍ച്ച. ആവശ്യമെങ്കില്‍ മന്ത്രികുബയേയും കാണും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ തങ്ങി ചര്‍ച്ചകള്‍ നടത്തുമെന്നും ഡോ. ഹൃദിക്ക് സുപ്രഭാതത്തോട് പറഞ്ഞു.

ഗുണം ലഭിക്കുക ഔഷധിക്കും ആയുര്‍വേദത്തിനും
9303 ജന്‍ ഔഷധി കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ 1800 അലോപതി ജനറിക് മരുന്നുകളും 285 സര്‍ജിക്കല്‍ ഇനങ്ങളും ഇപ്പോള്‍ വില്‍പന നടത്തുന്നുണ്ട്. ഇതുവഴി ആയുര്‍വേദ മരുന്നുകള്‍ വില്‍പന നടത്തിയാല്‍ ആയിരം കോടി രൂപയുടെ മരുന്നുകളെങ്കിലും നിര്‍മിക്കേണ്ടിവരും.

രാജ്യത്ത് പൊതുമേഖലയില്‍ പ്രധാനമായും ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുന്നത് ഔഷധിയും കേന്ദ്ര സര്‍ക്കാരിന് കീഴിലെ ഐ.എം.പി.സി.എല്ലുമാണ്. ഔഷധി 557 മരുന്നുകള്‍ നിര്‍മിക്കുമ്പോള്‍ ഐ.എം.പി.സി.എല്‍ 311 മരുന്നുകളാണ് ഉത്പാദിപ്പിക്കുന്നത്. കര്‍ണാടകയും ഗോവയും മരുന്നുകളുണ്ടാക്കുന്നുണ്ടെങ്കിലും 50മുതല്‍ 60 മരുന്നുകള്‍ മാത്രമേയുള്ളു. അതുകൊണ്ടുതന്നെ പദ്ധതി നടപ്പായാല്‍ ഏറെ ഗുണം ലഭിക്കുക ഔഷധിക്കാകും. ഒപ്പം ആയുര്‍വേദ മരുന്നുകളുടെ സ്വീകാര്യത രാജ്യത്ത് വ്യാപിക്കുകയും ചെയ്യും.

ജന്‍ ഔഷധിയില്‍ ഇനി ആയുര്‍വേദ മരുന്നുകളും

jan-aushadhi-outlets-will-now-sell-ayurvedic-products


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.