2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജാമിഅയ്ക്ക് നൂറു തികയുമ്പോള്‍

കോണ്‍ഗ്രസായിരുന്നു എക്കാലത്തും ജാമിഅയെ തുണച്ചുപോന്നത്. തിരിച്ച് കോണ്‍ഗ്രസിനെ ജാമിഅയും പിന്തുണച്ചു. അതിന്റെ ഫലം ബ്രിട്ടീഷ് അധികാരികളുടെ കടുത്ത അനിഷ്ടമായിരുന്നു. ദേശീയ ബോധത്തിന്റെ വികാരത്തള്ളിച്ചയില്‍ ഭരണാധികാരികളുടെ എതിര്‍ നടപടികളെ പ്രതിരോധിക്കാനായെങ്കിലും നിസഹകരണപ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും മന്ദീഭവിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ ജാമിഅ ഏറെ പ്രയാസപ്പെട്ടു. ആ സമയത്ത് ജാമിഅക്ക് താങ്ങായി നിന്നത് പ്രധാനമായും ഹക്കീം അജ്മല്‍ ഖാന്‍, ഡോ. എം.എ അന്‍സാരി, അബ്ദുല്‍ മജീദ് ഖ്വാജാ എന്നീ ത്രിമൂര്‍ത്തികളാണ്. 1925 ല്‍ ജാമിഅ ഡല്‍ഹിയിലെ കരോള്‍ ബാഗിലേക്ക് മാറ്റാന്‍ തീരുമാനമായി. ഈ വിഷമസന്ധിയിലെല്ലാം മഹാത്മാ ഗാന്ധിയായിരുന്നു പ്രസ്തുത ത്രിമൂര്‍ത്തികള്‍ക്ക് അഭയം. ഏതു വിധേനയും ജാമിഅ നിലനിന്നേ തീരൂ എന്ന വാശി ഗാന്ധിജിക്കായിരുന്നു

എ.പി കുഞ്ഞാമു

ജാമിഅയ്ക്ക് ഇതാ നൂറു കൊല്ലം പൂര്‍ത്തിയായി. ജാമിഅ എന്നാല്‍ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ. 1920 ഒക്ടോബര്‍ 29നാണ് ജാമിഅയുടെ തറക്കല്ലിട്ടത്. അതും അലിഗഢില്‍. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രണ്ട് പ്രശസ്ത സര്‍വകലാശാലകളാണ് അലിഗഢും ജാമിഅയും. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകളോടെ ആരംഭിക്കുകയും നിലനിന്നുപോരുകയും ചെയ്ത സ്ഥാപനങ്ങളാണ് ഇവ. അലിഗഢിന്റെ മണ്ണിലാണ് ജാമിഅയുടെ ആദ്യത്തെ കല്ലിട്ടത് എന്നതാണ് രണ്ടും തമ്മിലുള്ള പാരസ്പര്യത്തിലെ പ്രബലമായ ഒരു കണ്ണി. മുസ്‌ലിംകളുടെ വിദ്യാഭ്യാസപുരോഗതി എന്ന ലക്ഷ്യത്തിലേക്ക് രണ്ടു ദിശകളിലൂടെ സഞ്ചരിക്കുകയായിരുന്നു അലിഗഢും ജാമിഅയും എന്ന ചരിത്ര വസ്തുതയിലൂടെ ഈ പാരസ്പര്യം പൂര്‍ത്തിയാവുന്നു.
സര്‍ സയ്യിദ് അഹ്മദ് ഖാന്റെ മുന്‍കൈയോടെ രൂപീകരിക്കപ്പെട്ട അലിഗഢ് പ്രസ്ഥാനത്തിന്റെ പ്രാഥമിക ലക്ഷ്യം മുസ്‌ലിംകളെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ആധുനികവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയുമായിരുന്നു. മുഹമ്മദന്‍ ആംഗ്ലോഅമേരിക്കന്‍ കോളജില്‍ നിന്നാണല്ലോ 1877 ല്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ തുടക്കം. സര്‍ സയ്യിദ് മുന്നോട്ടുവച്ചത് പാശ്ചാത്യ വിദ്യാഭ്യാസ മാതൃകയാണ്. ഈ കൊളോണിയല്‍ മാതൃകക്ക് വിപരീതമായിരുന്നു മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത നയീ താലീം. സത്യഗ്രഹം പോലെ, അഹിംസ പോലെ, ഹിന്ദ് സ്വരാജ് പോലെ ഒരു ഗാന്ധിയന്‍ ബദല്‍. ഈ ബദല്‍ ജാമിഅയിലൂടെ സാര്‍ഥകമായതിന്നു പിന്നിലൊരു കഥയുണ്ട്. 1920 ഒക്ടോബര്‍ 25നു ഗാന്ധി അലിഗഢ് സന്ദര്‍ശിച്ചു. കൊളോണിയല്‍ വിദ്യാഭ്യാസം ബഹിഷ്‌കരിക്കാനാണ് അദ്ദേഹം വിദ്യാര്‍ഥികളോടും അധ്യാപകരോടും ആവശ്യപ്പെട്ടത്. ഈ ആഹ്വാനം ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള മുസ്‌ലിംകള്‍ ഏറ്റെടുത്തപ്പോള്‍ അത് ജാമിഅയുടെ സംസ്ഥാപനത്തിന്ന് നിമിത്തമായി. അലിഗഢില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്ഥാപനമായി ജാമിഅ നിലനില്‍ക്കുകയും ചെയ്തു, തറക്കല്ലിട്ടതും ദീര്‍ഘകാലം പ്രവര്‍ത്തിച്ചതും അലിഗഢിലാണെങ്കിലും.

സ്വാതന്ത്ര്യസമരവും
ജാമിഅയും

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയായിരുന്നു ജാമിഅ. ഖിലാഫത്ത് പ്രസ്ഥാനവും നിസഹകരണപ്രസ്ഥാനവുമായിരുന്നു അതിന്റെ ഊര്‍ജ്ജ സ്രോതസുകള്‍. ഗാന്ധിജി ജാമിഅയുടെ പ്രചോദനകേന്ദ്രവും. കൊളോണിയല്‍ വിദ്യാഭ്യാസം ബഹിഷ്‌കരിക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടപ്പോള്‍ പഠനമുപേക്ഷിക്കാന്‍ തയ്യാറായവര്‍ ദേശീയതാല്‍പര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്ന ഒരു കലാലയത്തിനു വേണ്ടി ദാഹിക്കുകയായിരുന്നു. മൗലാനാ മുഹമ്മദലി, മാലാനാ മഹ്മൂദ് ഹസന്‍, ഡോ. മുഖ്താര്‍ അഹ്മദ് അന്‍സാരി, അബ്ദുല്‍ ഹമീദ് ഖ്വാജാ, ഹക്കീം അജ്മല്‍ ഖാന്‍ തുടങ്ങിയവരായിരുന്നു ഈ ബദല്‍ പ്രവര്‍ത്തനങ്ങളുടെ തലപ്പത്ത്. 1920 ഒക്ടോബര്‍ 20ന് ഒരു ഫൗണ്ടേഷന്‍ കമ്മിറ്റിയുണ്ടാക്കി. അന്നു വൈകുന്നേരം സ്വാതന്ത്ര്യ സമര സേനാനിയും മതപണ്ഡിതനുമായ മാലാനാ മഹ്മൂദ് ഹസന്‍ പുതിയ സ്ഥാപനത്തിന്ന് തറക്കല്ലിടുകയും ചെയ്തു. മൗലാനാ അബുല്‍ കലാം ആസാദ്, ഡോ. എം.എ അന്‍സാരി, ഡോ. മുഹമ്മദ് ഇഖ്ബാല്‍, ചൗധുരി ഖലീഖുസമാന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഫൗണ്ടേഷന്‍ കമ്മിറ്റിയിലുണ്ടായിരുന്നു. ഹക്കീം അജ്മല്‍ ഖാന്‍ ആദ്യത്തെ ചാന്‍സലറും മൗലാനാ മുഹമ്മദലി ജൗഹര്‍ വൈസ് ചാന്‍സലറുമായി തെരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസും
ജാമിഅയും

കോണ്‍ഗ്രസായിരുന്നു എക്കാലത്തും ജാമിഅയെ തുണച്ചുപോന്നത്. തിരിച്ച് കോണ്‍ഗ്രസിനെ ജാമിഅയും പിന്തുണച്ചു. അതിന്റെ ഫലം ബ്രിട്ടീഷ് അധികാരികളുടെ കടുത്ത അനിഷ്ടമായിരുന്നു. ദേശീയ ബോധത്തിന്റെ വികാരത്തള്ളിച്ചയില്‍ ഭരണാധികാരികളുടെ എതിര്‍ നടപടികളെ പ്രതിരോധിക്കാനായെങ്കിലും നിസഹകരണപ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും മന്ദീഭവിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ ജാമിഅ ഏറെ പ്രയാസപ്പെട്ടു. ആ സമയത്ത് ജാമിഅക്ക് താങ്ങായി നിന്നത് പ്രധാനമായും ഹക്കീം അജ്മല്‍ ഖാന്‍, ഡോ. എം.എ അന്‍സാരി, അബ്ദുല്‍ മജീദ് ഖ്വാജാ എന്നീ ത്രിമൂര്‍ത്തികളാണ്. 1925 ല്‍ ജാമിഅ ഡല്‍ഹിയിലെ കരോള്‍ ബാഗിലേക്ക് മാറ്റാന്‍ തീരുമാനമായി. ഈ വിഷമസന്ധിയിലെല്ലാം മഹാത്മാ ഗാന്ധിയായിരുന്നു പ്രസ്തുത ത്രിമൂര്‍ത്തികള്‍ക്ക് അഭയം. ഏതു വിധേനയും ജാമിഅ നിലനിന്നേ തീരൂ എന്ന വാശി ഗാന്ധിജിക്കായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. ‘ജാമിഅ നിലനിന്നേ തീരൂ. അതിന്നു സാമ്പത്തികപ്രയാസമുണ്ടെങ്കില്‍ ഞാന്‍ പിച്ചതെണ്ടി പണം പിരിച്ചുതരും’ പേരില്‍ നിന്ന് ഇസ്‌ലാമിയ എന്ന വാക്ക് എടുത്തുമാറ്റിയാല്‍ സംഭാവനകള്‍ ലഭിക്കാന്‍ എളുപ്പമായിരിക്കും എന്നൊരു നിര്‍ദേശം വന്നു. അപ്പോള്‍ ഗാന്ധിജി പറഞ്ഞതെന്താണെന്നോ, എങ്കില്‍ ജാമിഅയുടെ ഒരു കാര്യത്തിലും താനുണ്ടാവുകയില്ലെന്ന്, തീര്‍ന്നില്ല താന്‍ ജാമിഅക്കൊപ്പമാണെന്ന് തെളിയിക്കാന്‍ വേണ്ടി സ്വന്തം മകനെ അവിടെ ചേര്‍ത്തുപഠിപ്പിക്കുകയും ചെയ്തു. അത്രക്കുണ്ടായിരുന്നു ഗാന്ധിയും ജാമിഅയുമായുള്ള ഗാഢബന്ധം.

നൂറു രൂപ ശമ്പളം

ഗാന്ധിയുടെ പിന്തുണപോലെ തന്നെ ജാമിഅയുടെ അതിജീവനത്തില്‍ ഏറെ പ്രധാനമായിരുന്നു നേരത്തെ പറഞ്ഞ ത്രിമൂര്‍ത്തികളുടെ കഠിനാധ്വാനവും. ദേശീയ പ്രസ്ഥാനത്തിന്റെ കൂടെ നില്‍ക്കുന്ന സ്ഥാപനമായതിനാല്‍ ബ്രിട്ടീഷുകാര്‍ പല നിലക്കും അതിനെ പ്രയാസപ്പെടുത്തി. അലിഗഢിന്നു സമാന്തരമായി നിലക്കൊള്ളുന്നതിനാല്‍ മുസ്‌ലിം മുഖ്യധാരയുടെ അപ്രീതിയും ജാമിഅയുടെ നേരെ ഉണ്ടായിരുന്നു. സക്കീര്‍ ഹുസൈന്‍ ആയിരുന്നു പ്രധാനിയായ ഒരധ്യാപകന്‍. ഇടയ്ക്ക് അദ്ദേഹം പി.എച്ച്.ഡി പഠനത്തിന്നു വേണ്ടി ജര്‍മനിയിലേക്ക് പോയി. കാര്‍ഷിക സമ്പദ്ശാസ്ത്രത്തില്‍ ബെര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തോടൊപ്പം വിദ്യാഭ്യാസത്തില്‍ പി.എച്ച്.ഡി നേടിയ ഡോ. ആബിദ് ഹുസൈനും ചരിത്രപണ്ഡിതനായ മുഹമ്മദ് മുജീബും ജര്‍മനി വിട്ട് ജാമിഅയിലെത്തി. അവരോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ജെര്‍ ഡാ ഫിലിപ്‌സ് ബോണ്‍ എന്ന ജര്‍മന്‍ വനിത. ജാമിഅയെ അതിരറ്റു സ്‌നേഹിച്ച അവര്‍ അറിയപ്പെട്ടത് അപാ ജാന്‍ എന്നാണ്. ജാമിഅയില്‍ അധ്യാപികയായിരുന്ന അവര്‍ മരിച്ചപ്പോള്‍ കബറടക്കിയതും ജാമിഅയില്‍ത്തന്നെ. സക്കീര്‍ ഹുസൈന് പ്രതിമാസ ശമ്പളം നൂറു രൂപയായിരുന്നു. മറ്റു രണ്ടു പേര്‍ക്കും മുന്നൂറു വീതം. സക്കീര്‍ ഹുസൈന്‍ പിന്നീട് തന്റെ ശമ്പളം എണ്‍പതു രൂപയാക്കി കുറച്ചു. എന്നു മാത്രമല്ല നിത്യച്ചെലവിനുവേണ്ടി സര്‍വകലാശാല പ്രയാസപ്പെടുമ്പോള്‍ എഴുത്തില്‍ നിന്നും മറ്റും തനിക്കുകിട്ടുന്ന പണം കൂടി എടുത്തുകൊടുക്കും. അക്കാലത്ത് കടം വാങ്ങിയായായിരുന്നു സക്കീര്‍ ഹുസൈന്‍ വീട്ടാവശ്യങ്ങള്‍ നിവൃത്തിച്ചിരുന്നത്. അങ്ങനെയുമൊരു ജീവിതം.
1928 ല്‍ ഹക്കീം അജ്മല്‍ ഖാന്‍ മരിച്ചു. ഡോ. സക്കീര്‍ ഹുസൈന്‍ വൈസ് ചാന്‍സലറായി. മാസ ശമ്പളം 150 രൂപ. 1935ലാണ് ജാമിഅ യമുനാ തീരത്തെ ഓഖ്‌ലയിലേക്ക് മാറ്റിയത്. അങ്ങനെ ജാമിഅ പ്രസും മക്തബയുമൊഴിച്ചു സര്‍വകലാശാല മൊത്തത്തില്‍ അങ്ങോട്ടു മാറി. 1939 ല്‍ സ്ഥാപനം സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. 1988 ല്‍ ജാമിഅ മല്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാലാ ആക്ട് നിലവില്‍ വരുന്നതുവരെ ഈ സൊസൈറ്റിക്കായിരുന്നു ഭരണഭാരം. 1947 ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോഴും ഡോ. സക്കീര്‍ ഹുസൈന്‍ തന്നെയായിരുന്നു വി.സി. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ എന്ന രാഷ്ട്രം ഏതെല്ലാം മൂല്യങ്ങള്‍ക്കു വേണ്ടി നിലക്കൊള്ളുന്നുവോ അതിന്റെ പ്രതിരൂപമായിരുന്നു ജാമിഅ സര്‍വകലാശാല.

ജാമിഅയിലെ
‘ഗൂഡാലോചനക്കാര്‍’

എങ്കിലും ജാമിഅയെ തീവ്രവാദത്തിന്റെ സിരാ കേന്ദ്രമായി ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി. ചരിത്രത്തിലെ ഈ മഹാ വൈരുധ്യം സംഭവിച്ചത് 2018 ലാണ്. സപ്തംബര്‍ 19നു നടന്ന ബട്‌ലാ ഹൗസ് തീവ്രവാദ വേട്ടയുടെ പശ്ചാത്തലത്തില്‍. തീവ്രവാദികളില്‍ പെട്ട ഒരാള്‍ ജാമിഅ സ്‌കൂളില്‍ പഠിക്കുന്നുവെന്നും ഹോസ്റ്റലില്‍ താമസിക്കുന്നു എന്നും ആരോപിച്ച് സുരക്ഷാ സൈനികരും ഡല്‍ഹി പൊലിസും ക്യാംപസിലേക്ക് ഇരച്ചുകയറി. അവര്‍ കാട്ടിക്കൂട്ടിയ അതിക്രമങ്ങളെ പറ്റി നിയാസ് ഫാറൂഖിയെന്ന ജാമിഅ വിദ്യാര്‍ത്ഥി അി ീൃറശിമൃ്യ ാമി’ െഏൗശറല ീേ ഞമറശരമഹശാെ എന്ന പുസ്തകത്തില്‍ ഹൃദയസ്പര്‍ശിയായി വിവരിക്കുന്നുണ്ട്. (പ്രതിഭാധനനും ധീരനുമായ ഒരു യുവ എഴുത്തുകാരന്റെ ഞെട്ടിപ്പിക്കുന്ന ആദ്യ രചന എന്നാണ് രാമചന്ദ്ര ഗുഹ ഈ കൃതിയെ വിശേഷിപ്പിക്കുന്നത്). ഈ അതിക്രമത്തിനെതിരായി വി.സി ഡോ. മുഷീറുല്‍ ഹസന്‍ ശക്തമായി രംഗത്തിറങ്ങി. അതിന് അദ്ദേഹം കൊടുത്ത വില കുറച്ചൊന്നുമല്ല. സ്വന്തം വിദ്യാര്‍ഥികള്‍ക്കു വേണ്ടി രംഗത്തിറങ്ങിയ ഡോ. മുഷീറുല്‍ ഹസന് നഷ്ടമായത് പലതുമായിരിക്കും. ഒരുപക്ഷേ വി.സി എന്ന സ്ഥാനത്തുടര്‍ച്ച, അല്ലെങ്കില്‍ ഗവര്‍ണര്‍ പദവി, അതുപോലെയുള്ള ഭരണഘടനാപരമായ സ്ഥാനമാനങ്ങള്‍. താന്‍ തന്നെ സംഘടിപ്പിച്ച സമാധാന റാലിയുടെ തലേദിവസം വിദ്യാര്‍ഥികളുടെ യോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത് ഇങ്ങനെ:

”നിങ്ങളുടെ അധ്യാപകനെന്ന നിലയിലും ഇതര അധ്യാപകരുടെ പേരിലും പറയുന്നു ഏത് പ്രതിസന്ധിയിലും ഞാന്‍ നിങ്ങളോടൊപ്പമുണ്ടാവും.
വിദ്യാര്‍ഥികളുടെ ഉച്ചത്തിലുള്ള കൈയടി ശബ്ദങ്ങളില്‍ പെട്ട് അദ്ദേഹത്തിന്റെ വാക്കുകളുടെ ഒഴുക്ക് മുറിഞ്ഞു.
നിങ്ങളെല്ലാവരും എനിക്ക് എന്റെ കുട്ടികളാണ്.
കയ്യടി, കയ്യടി, നിലക്കാത്ത കയ്യടി.
ഒരച്ഛന്ന് പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം മക്കളെ ഉപേക്ഷിക്കാനാവുകയില്ല.
കൈയടിയോട് കൈയടി”
(നിയാസ് ഫാറൂഖി)

തന്റെ കുട്ടികള്‍ തെറ്റ് ചെയ്യാത്തിടത്തോളം കാലം താന്‍ അവര്‍ക്കു വേണ്ടി അവരോടൊപ്പം നില്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എല്ലാ ആളുകള്‍ക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അത് ഓരോ പൗരന്റേയും അവകാശമാണ്. അതേസമയം, അത് വഴിപിഴച്ചു പോവുകയാണെങ്കില്‍ താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്‍പത്തിയെട്ടു കൊല്ലമായി ജാമിഅ ഉയര്‍ത്തിപ്പിടിച്ചുപോന്ന മതേതരമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു ഡോ. മുഷീറുല്‍ ഹസന്റെ ഈ ഓര്‍മപ്പെടുത്തല്‍.
ഈ ഓര്‍മപ്പെടുത്തലില്‍ ഒരു തിരിച്ചിടലുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് ബ്രിട്ടീഷ് ഭരണകൂടം ജാമിഅയിലെ അധ്യാപകരേയും വിദ്യാര്‍ഥികളേയും വിശേഷിപ്പിച്ചത് ‘ഗുഢാലോചനക്കാര്‍, ഒറ്റുകാര്‍’ എന്നൊക്കെയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍, ഭരണകൂടവിരുദ്ധര്‍. ചരിത്രത്തിന്റെ കൗതുകകരമായ ഒരാവര്‍ത്തനത്തിലൂടെ സമീപകാലത്ത് ഭരണവര്‍ഗം അവരെ വിളിച്ചതും ‘ഗൂഡാലോചനക്കാര്‍’ എന്നാണ്. ജാമിഅയുടെ ആത്മാവ് അത് കേട്ടു നിഗൂഢമായി ചിരിച്ചിട്ടുണ്ടാവണം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.