2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിൽ പറ്റില്ല, ഡൽഹിയിൽ ആകാം; ആർ.എസ്.എസുമായി നേരിട്ട് ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ നടപടി വിവാദത്തിൽ

 

ന്യൂഡൽഹി: ആർ.എസ്.എസുമായി നേരിട്ട് ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ നടപടി വിവാദമാകുന്നു. പൊതുവേ ഇതര മുസ്ലിം സംഘടനകൾ ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളെ തങ്ങളുടെ പരിപാടികളിലേക്ക് ക്ഷണിക്കുകയോ അവരുമായി സഹകരിക്കുകയോ ചെയ്യുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന ജമാഅത്തെ ഇസ്ലാമി, ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതാണ് വിവാദത്തിനിടയാക്കിയത്.

ആർ.എസ്.എസിന്റെ ചർച്ചയുമായി സഹകരിച്ച നടപടി ജമാഅത്ത് വൃത്തങ്ങൾക്കുള്ളിൽ തന്നെ വിമർശനത്തിന് വഴിവച്ചിട്ടുണ്ട്. അടുത്തിടെ കോഴിക്കോട്ട് നടന്ന മുജാഹിദ് സമ്മേളനത്തിൽ ബി.ജെ.പി നേതാക്കൾ സംബന്ധിച്ചതിനെ ഏറ്റവും കൂടുതൽ വിമർശിച്ചത് ജമാഅത്ത് കേന്ദ്രങ്ങളായിരുന്നു. ഈ സമയത്ത് തന്നെയാണ് ആർ.എസ്.എസുമായുള്ള ജമാഅത്തിന്റെ ചർച്ച നടന്നത്.
കഴിഞ്ഞമാസമാണ് ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്ങിന്റെ വീട്ടിൽ മുസ് ലിം സംഘടനാ ഭാരവാഹികൾ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുസ് ലിം പക്ഷത്ത് നിന്ന് ജമാഅത്തെ ഇസ് ലാമി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് എന്നിവയുടെ നേതാക്കൾ, അജ്മീർ ദർഗയുടെ സൽമാൻ ചിഷ്തി അടക്കം 15 പേരാണ് പങ്കെടുത്തത്. കേന്ദ്രസർക്കാരോ അല്ലെങ്കിൽ മറ്റ് ഔദ്യോഗികകേന്ദ്രങ്ങളോ ആയിരുന്നില്ല യോഗം സംഘടിപ്പിച്ചത്.

   

സംഘ്പരിവാരിനെതിരേ മുസ്ലിം സമുദായത്തിനുള്ളിലുള്ള എതിർപ്പ് കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു ആർ.എസ്.എസ് നേരിട്ട് മുസ്ലിം സംഘടനകളുമായി ചർച്ചക്ക് നീക്കം നടത്തിയത്. എന്നാൽ, തങ്ങളുടെ അജണ്ടകളിൽ വിട്ടുവീഴ്ചചെയ്യുന്നതിന് പകരം മുൻ നിലപാടുകളിൽ ഉറച്ചുനിൽക്കുകയായിരുന്നു ചർച്ചയിലും ആർ.എസ്.എസ് ചെയ്തത്. ജ്ഞാൻവാപിയും മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയും വിട്ടുനൽകിയാലും കൂടുതൽ പള്ളികൾക്ക് മേൽ അവകാശമുന്നയിക്കില്ലെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്നാണ് ചർച്ചയിൽ ആർ.എസ്.എസ് സ്വീകരിച്ച നിലപാട്.

ദേശീയ സെക്രട്ടറി മാലിക് മുഅ്തസിം ഖാനെയാണ് ആർ.എസ്.എസുമായുള്ള യോഗത്തിലേക്ക് ജമാഅത്തെ ഇസ് ലാമി തങ്ങളുടെ പ്രതിനിധിയായി പറഞ്ഞയച്ചത്. ചർച്ചയുടെ രണ്ടാംഘട്ടമായി ഉത്തരേന്ത്യയിലെ ബറേൽവി, ദയൂബന്തി വിഭാഗം നേതാക്കളെ കാണാനും ആർ.എസ്.എസ് പദ്ധതിയിട്ടിട്ടുണ്ട്.

Jamathe Islami meet with top rss brass trigger controversy inside Islamic outfit


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.