ന്യൂഡൽഹി • ജമാഅത്തെ ഇസ് ലാമിയടക്കമുള്ള മുസ് ലിം സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് മുൻകൈയെടുത്തത് അവർ തന്നെയെന്ന് വെളിപ്പെടുത്തി ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. ഏതെങ്കിലും മുസ് ലിം സംഘടനകളുമായി ആർ.എസ്.എസ് മുൻകൈയെടുത്ത് ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും എന്നാൽ ആർക്കെങ്കിലും സംഘടനയുമായി കൂടിക്കാഴ്ചകൾക്ക് താൽപര്യമുണ്ടെങ്കിൽ ഞങ്ങൾ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
ആർ.എസ്.എസ് – ജമാഅത്ത് ചർച്ച വലിയവിവാദം സൃഷ്ടിച്ച സാഹചര്യത്തിൽ ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചർച്ച വിവാദമായതോടെ ആർ.എസ്.എസ് ക്ഷണിച്ചതിനാലാണ് ചർച്ചയ്ക്ക് പോയതെന്നായിരുന്നു ജമാഅത്ത് പ്രതികരിച്ചത്. എന്നാൽ, ഇത് തള്ളുകയാണ് ഇന്നലെ ഹരിയാനയിലെ ആർ.എസ്.എസ് പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കണ്ട ദത്തത്രേയ ഹൊസബലെ ചെയ്തത്.
അവർ ഞങ്ങളെ വിശ്വസിച്ചു. ചിലർ വിശ്വസിച്ചില്ല. ഞങ്ങളെ വിശ്വസിച്ചവർക്ക് ഞങ്ങൾക്ക് സ്വീകാര്യമാണ്. അതുകൊണ്ട് അവരെ ഞങ്ങൾ കണ്ടു. ആരെങ്കിലും ഞങ്ങളെ കാണണമെന്ന് ആഗ്രഹിക്കുമ്പോൾ ഞങ്ങൾ തീർച്ചയായും അവരെ കാണും. അവരുടെ ഭാഗത്ത് നിന്ന് ക്ഷണം ഉണ്ടാകുകയും അവർ ഞങ്ങളെ കാണാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ അതിനനുസരിച്ച് പ്രതികരിക്കും. പക്ഷേ മറുഭാഗത്ത് നിന്നായിരിക്കണം മുൻകൈ എടുക്കേണ്ടത്. ഞങ്ങൾ ആരുമായും അങ്ങോട്ട് ചർച്ചയ്ക്ക് പോയിട്ടില്ല. അവരുടെ ഭാഗത്തുനിന്ന് അനുകൂലനീക്കമുണ്ടായപ്പോൾ ഞങ്ങളും അനുകൂലമായി പ്രതികരിച്ചുവെന്ന് മാത്രം. ഞങ്ങൾ മുസ് ലിംകളുമായി കൂടിക്കാഴ്ച നടത്തി. ക്രിസ്ത്യാനികളുമായി ചർച്ചനടത്തി. വിദേശികളെ കാണുന്നു. ജനങ്ങൾ തമ്മിൽ കാണുമ്പോൾ അവിടെ ചർച്ചനടക്കുന്നു, അതാണ് ജനാധിപത്യം – ദത്തത്രേയ പറഞ്ഞു.
പൊതുവേ ഇതര മുസ് ലിം സംഘടനകൾ ആർ.എസ്.എസ് – ബി.ജെ.പി നേതാക്കളെ തങ്ങളുടെ പരിപാടികളിലേക്ക് ക്ഷണിക്കുകയോ അവരുമായി സഹകരിക്കുകയോ ചെയ്യുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന ജമാഅത്ത് വൃത്തങ്ങൾ, ആർ.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. കൂടിക്കാഴ്ചയെ വിവിധ മുസ് ലിം സംഘടനകളും എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളും കടുത്ത ഭാഷയിലാണ് വിമർശിച്ചിരുന്നത്.
ജനുവരിയിൽ ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്ങിന്റെ വീട്ടിൽവച്ചാണ് ചർച്ചനടന്നത്. തങ്ങളുടെ അജൻഡകളിൽ വിട്ടുവീഴ്ചചെയ്യുന്നതിന് പകരം മുൻ നിലപാടുകളിൽ ഉറച്ചുനിൽക്കുകയായിരുന്നു ചർച്ചയിലും ആർ.എസ്.എസ് ചെയ്തത്.
ജ്ഞാൻവാപിയും മഥുരയിലെ ഈദ്ഗാഹ് പള്ളിയും വിട്ടുനൽകിയാലും കൂടുതൽ പള്ളികൾക്ക് മേൽ അവകാശമുന്നയിക്കില്ലെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്നും ചർച്ചയ്ക്ക് ശേഷം ആർ.എസ്.എസ് പ്രഖ്യാപിച്ചിരുന്നു.
Comments are closed for this post.