2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജമാൽ ഖശോഗി വധം: പ്രതികൾക്ക് വധശിക്ഷ: സഊദി ജുഡീഷ്യറിയെ പുകഴ്ത്തി ലോക രാജ്യങ്ങൾ

റിയാദ്: ഏറെ കോളിളക്കം സൃഷ്‌ടിച്ച അമേരിക്കൻ മാധ്യമ പ്രവർത്തകൻ സഊദി പൗരനായ ജമാൽ ഖശോഗി വധക്കേസിലെ മുഖ്യ പ്രതികളായ അഞ്ചു പേര്ക്ക് വധ ശിക്ഷയും മൂന്നു പേർക്ക് 24 വർഷം ജയിൽ ശിക്ഷയും വിധിച്ച നടപടിയിൽ സഊദി ജുഡീഷ്യറിയെ പുകഴ്ത്തി ലോക രാജ്യങ്ങൾ. സഊദി കിരീടാവകാശിയെയും സഊദി ഭരണകൂടത്തെയും ഏറെ ആക്ഷേപങ്ങൾ കൊണ്ട് മൂടപ്പെട്ട പ്രമാദമായ കേസിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുമെന്ന ധ്വനിയായിരുന്നു തുടക്കം മുതലുണ്ടായിരുന്നത്.

എന്നാൽ, എല്ലാ ചിന്തകളെയും അപ്രസക്തമാക്കിയാണ് സഊദി ജുഡീഷ്യറി ഒരു വർഷം പിന്നീടവേ വിധി പുറപ്പെടുവിച്ചത്. അമേരിക്ക തന്നെ ഇക്കാര്യത്തിൽ സന്തുഷ്‌ടി പ്രകടിപ്പിച്ചു രംഗത്തെത്തി. കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രധാന ഘട്ടമാണിതെന്ന് അമേരിക്കൻ അഡ്‌മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
         ഈ ഭയാനകമായ കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ നിർത്തുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണിത്, ന്യായവും സുതാര്യവുമായ നീതിന്യായ        നടപടികളുമായി തുടരാൻ ഞങ്ങൾ സഊദി അറേബ്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. അറബ് രാജ്യങ്ങളായ യു എ ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും സഊദി ജുഡീഷ്യറിയെ പുകഴ്ത്തി രംഗത്തെത്തി. സഊദി അറേബ്യൻ ജുഡീഷ്യറി പുറപ്പെടുവിച്ച വിധിന്യായങ്ങൾ സുതാര്യമാണെന്നും നീതിയുക്തമാണെന്നും നിയമം നടപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അംഗീകരിക്കുന്നതായി ഇരു രാജ്യങ്ങളും വ്യക്തമാക്കി. സഊദി ജുഡീഷ്യറിയിൽ യാതൊരു ഇടപെടലുമില്ലെന്നും സുതാര്യമാണെന്നും വിധി വ്യക്തമാക്കുന്നതാണ്. വളരെ വേഗത്തിൽ കേസ് വിധി നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ഇത് വ്യക്തമാക്കുന്നതായി യു എ ഇ വിദേശ കാര്യ മന്ത്രി അൻവർ ഗർഗാഷ് പറഞ്ഞു. സഊദി ജുഡീഷ്യറിയിൽ തങ്ങൾക്ക് അതിയായ വിശ്വാസമുണ്ടായിരുന്നതായി ജമാൽ ഖശോഗിയുടെ മകൻ സലാഹ് ഖശോഗിയും പറഞ്ഞു. ഇന്ന് തങ്ങൾക്ക് നീതി ലഭിച്ചിരിക്കുന്നു. എല്ലാ തലങ്ങളിലും സഊദി ജുഡീഷ്യറിയിലുള്ള ഞങ്ങളുടെ വിശ്വാസം പുലർന്നു. വിധി അത് ഞങ്ങൾക്ക് നീതിയുക്തമാണെന്നും നീതി ലഭിച്ചിട്ടുണ്ടെന്നും സലാഹ് ഖശോഗി ട്വീറ്റ് ചെയ്‌തു.

സഊദി പബ്‌ളിക് പ്രോസിക്യൂട്ടർ റിയാദിൽ വാർത്താ സമ്മേളനത്തിൽ പ്രതികളുടെ ശിക്ഷ വിശദീകരിക്കുന്നു

        സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായ ഖഷോഗി ആദ്യ ഭാര്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാനായി എത്തിയതായിരുന്നു എംബസിയില്‍. ഖശോഗിയെ രാജ്യത്തെത്തിക്കാനായിരുന്നു രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉപ മേധാവിയുടെ നിര്‍ദേശം. ഇതിനിടെ, രേഖകൾക്കായി യു എസിൽ നിന്നും തുർക്കിയിലെത്തിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. തുര്‍ക്കി സ്വദേശിയായ പ്രതിശ്രുത വധുവും എംബസിക്കു പുറത്തുവരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ഇദ്ദേഹത്തോട് സൗദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. നിഷേധിച്ചതോടെ പ്രതികള്‍ കൊന്ന് കഷ്ണങ്ങളാക്കി ഏജൻറിന് കൈമാറിയെന്നാണ് കേസ്. കൊലപാതകത്തില്‍ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. അമേരിക്കയിൽ വലിയ തോതിലുള്ള തോതിലുള്ള പ്രതിഷേധങ്ങളും വിമർശനങ്ങളും അരങ്ങേറിയിരുന്നു. സംഭവത്തില്‍ ദിവസങ്ങള്‍ക്കുശേഷമാണു കൊലപാതക വിവരം പുറത്തായത്. ഖഷോഗി എംബസിക്കകത്തുവച്ചു കൊല്ലപ്പെട്ടതായി തുര്‍ക്കി ആരോപിച്ചെങ്കിലും സഊദി തുടക്കത്തില്‍ ഇക്കാര്യം ശക്തമായി നിഷേധിച്ചിരുന്നു. പിന്നീട് തുര്‍ക്കി വിഡിയോ, ശബ്ദരേഖകള്‍ അടക്കം ശക്തമായ തെളിവുകളുമായി രംഗത്തെത്തിയതോടെ ഒടുവില്‍ സഊദി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.