2022 January 27 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജമാല്‍ ഖശോഗി വധം: സഊദി തുര്‍ക്കി ബന്ധം തകര്‍ക്കാനാവില്ല- സഊദി കിരീടാവകാശി

റിയാദ്: സഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി തുര്‍ക്കിയിലെ സഊദി എംബസിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തുര്‍ക്കിയുമായുള്ള ബന്ധം തകരുകയില്ലെന്നും ഞാനും രാജാവും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഉള്ളിടത്തോളം കാലം അതിനനുവദിക്കുകയില്ലെന്നും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. സഊദി-തുര്‍ക്കി ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതിന് ജമാല്‍ ഖശോഗി സംഭവം ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് എന്ന രാജാവും മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന കിരീടാവകാശിയും ഉര്‍ദുഗാന്‍ എന്ന തുര്‍ക്കി പ്രസിഡന്റും ഉള്ള കാലത്തോളം ഈ ബന്ധത്തില്‍ വിള്ളലുണ്ടാകില്ല. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സെഷനില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഖശോഗി കേസില്‍ നീതി നടപ്പാക്കുന്നതിനു സഊദി പൂര്‍ണ സന്നദ്ധമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന പ്രഖ്യാപനത്തോടെ അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

ഒരിക്കലും നീതീകരിക്കാന്‍ കഴിയാത്ത, സഊദികള്‍ക്ക് വേദനയുണ്ടാക്കിയ ദാരുണ സംഭവമാണ് അരങ്ങേറിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിനും ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനും മുഴുവന്‍ നിയമനടപടികളും സഊദി അറേബ്യ സ്വീകരിച്ചിട്ടുണ്ട്. സത്യം വെളിച്ചത്തു കൊണ്ടുവരുന്നതിനും കുറ്റക്കാരെ കോടതിയില്‍ വിചാരണ ചെയ്ത് ഏറ്റവും കടുത്ത ശിക്ഷ നല്‍കുന്നതിനും തുര്‍ക്കിയുമായി സഊദി അറേബ്യ സഹകരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏതു ഗവണ്‍മെന്റും കൈക്കൊള്ളുന്ന നടപടികളാണിവ. കുറ്റവാളികളെ ശിക്ഷിക്കുന്നതിന് സഊദി, തുര്‍ക്കി ഗവണ്‍മെന്റുകള്‍ സഹകരിക്കുമെന്ന് ലോകത്തിനു മുന്നില്‍ നാം തെളിയിക്കും. അവസാനം നീതി പ്രത്യക്ഷപ്പെടും. ചിലര്‍ സാഹചര്യം മുതലെടുത്ത് നീങ്ങുകയാണ്. അതനുവദിക്കില്ല. തുര്‍ക്കി പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് കിരീടാവകാശി സമ്മേളനത്തില്‍ സംസാരിച്ചത്. നേരത്തെ ലബനാന്‍ പ്രധാനമന്ത്രി ഹരീരി സഊദിയിലെത്തിയ അവസരത്തില്‍ സഊദി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. നിലവില്‍ അദ്ദേഹം ഇപ്പോള്‍ വീണ്ടും സമ്മേളനത്തില്‍ പങ്കെടുക്കാനായി സഊദിയിലുണ്ടാകും. അതിനെ തട്ടിക്കൊണ്ടു പോകലായി ആരും ചിത്രീകരിക്കരുതെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. സ്വദേശികളടക്കം നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.