2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ജമാഅത്തിന്റെ ‘ബൈത്തുസ്സകാത്ത്’ ഇസ്‌ലാമികമല്ല

എം.ടി അബൂബക്കർ ദാരിമി പനങ്ങാങ്ങര

ബൈത്തുസ്സകാത്ത് കേരള സംസ്ഥാനത്തുടനീളം ശൃംഖലയുള്ള കേരളത്തിലെ ഒരു പ്രമുഖ സകാത്ത് സ്ഥാപനമാണ്, 2000 ഒക്ടോബർ മുതൽ സജീവമായി പ്രവർത്തിക്കുന്നു. ദാരിദ്ര്യം കുറയ്ക്കുന്നതിനും ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമായി ഇത് സകാത്ത് ശേഖരിക്കുകയും ദരിദ്രർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നൽകേണ്ട സകാത്ത് ബൈത്തുസ്സകാത്ത് കേരളയെ ഏൽപ്പിക്കാൻ അഭ്യാർഥിക്കുന്നു. ഏറ്റവും അർഹതപ്പെട്ടവരിലേക്ക് തുക എത്തട്ടെ. സർവശക്തനായ അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സമാധാനവും സമൃദ്ധിയും വർഷിക്കട്ടെ’.

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തുസ്സകാത്ത് ബ്രോഷറിലെ അഭ്യാർഥനയാണിത്. ഇതിന്റെ ഇസ്‌ലാമിക മാനമെന്താണ്? അഞ്ചു അതിപ്രധാന ഇസ്‌ലാം സ്തംഭങ്ങളിൽ മൂന്നാമത്തേതാണ് സകാത്ത്. അത് പിരിച്ചെടുത്ത് വിതരണം ചെയ്യാൻ ജമാഅത്തെ ഇസ്‌ലാമിക്ക് ഇസ്‌ലാമികമായി അവകാശമുണ്ടോ? സകാത്തു ശേഖരണ വിതരണത്തിന്, അതിന്റെ ബാധ്യസ്ഥരുടെയോ അവകാശികളുടെയോ ഏജന്റാണോ ജമാഅത്തെ ഇസ്‌ലാമി? സകാത്ത് പിരിക്കാനും വിതരണം ചെയ്യാനും ഇത്തരം കമ്മിറ്റിക്ക് എന്തുറോളാണ് ഇസ്‌ലാമിലുള്ളത്?


ഇസ്‌ലാം നിർബന്ധമാക്കുന്ന സാമ്പത്തിക സഹായ പദ്ധതി സകാത്ത് മാത്രമാണ് എന്നാണ് ജമാഅത്തുകാരുടെ ബ്രോഷർ വായിച്ചാൽ തോന്നുക. ഇസ്‌ലാമിലെ നിർബന്ധദാനമെന്നത് വർഷാവർഷമോ വിളവെടുപ്പ് വേളയിലോ നൽകേണ്ടുന്ന സകാത്തെന്ന ദാനം മാത്രമല്ല. കേവലം രണ്ടര ശതമാനം സകാത്ത് കൊടുത്താൽ എല്ലാ നിർബന്ധബാധ്യതയും തീർന്നുവെന്നാണോ? എല്ലാ പ്രശ്നവും അവസാനിക്കുമെന്നാണോ? ഭൂമിയിൽ ദൈനദിനം നടത്തേണ്ടുന്ന പല ദുരിതാശ്വാസ സഹായങ്ങളുമുണ്ട്. അത് സമൂഹത്തിലെ ധനാഢ്യരുടെ സാമൂഹിക ബാധ്യതയാണ്. സകാത്ത് നിശ്ചിത ധനത്തിലെ വ്യക്തിബാധ്യതയാണെങ്കിൽ, ദുരിതാശ്വാസം ധനികരുടെ പൊതുബാധ്യതയാണ്. സമ്പാദ്യത്തിൽനിന്ന് ഒരു വർഷത്തെ അവശ്യനീക്കിയിരുപ്പ് കഴിച്ചു മിച്ചമുള്ളവരാണ് ഇവ്വിഷയത്തിൽ ധനാഢ്യർ. ഉണ്ണാനും ഉടുക്കാനും വീടുവയ്ക്കാനും ചികിത്സിക്കാനും സഹായം ആവശ്യമുള്ളവരെ, ഇതര സംവിധാനങ്ങൾ കാര്യക്ഷമമല്ലെങ്കിൽ സഹായിക്കൽ ഇത്തരം സമ്പന്നരുടെ ബാധ്യതയാണ്.

അത്യാസന്ന ഘട്ടത്തിലെത്തിയവരാണെങ്കിൽ തൽക്ഷണമുള്ളതുകൊണ്ടുതന്നെ സഹായിക്കൽ നിർബന്ധമാണ്(തുഹ്ഫ 9-220). ഇത് സമ്പത്തിന്റെ ഏതെങ്കിലും ഇനത്തിൽ വന്നുചേരുന്ന ബാധ്യതയല്ല. കാരണം, ബാധ്യസ്ഥരുടെ സമ്പത്ത് ഏതുതരമാണെന്നോ നൽകേണ്ട അളവ് എത്രയാണെന്നോ ഇതിൽ നിശ്ചിത കണക്കില്ല. ഗുണഭോക്താക്കളിൽ മത-ജാതി വ്യത്യാസവുമില്ല. പാവങ്ങളുടെ വിദ്യാഭ്യാസം, മരണാനന്തര കർമ്മം തുടങ്ങിയവയിലൊക്കെ ഈ ബാധ്യത വരുന്നുണ്ട്. വ്യക്തിഗതം എന്നതിനപ്പുറം വിഷയാധിഷ്ഠിതം എന്നതാണ് ഇതിന്റെ സ്വഭാവം.

അഥവാ സഹായം ആര് നൽകുന്നു എന്നതല്ല, സഹായം നടക്കുകയെന്നതാണ് പ്രധാനം. എന്നാൽ സകാത്ത് ദാനത്തിന്റെ സ്ഥിതി ഇതാണോ? സകാത്തിൽ ആരാണ്, ആർക്കാണ്, എപ്പോഴാണ്, എന്തിലാണ്, എത്രയാണ് എന്നതെല്ലാം നിശ്ചിത നിയമങ്ങൾക്ക് വിധേയമാണ്. കാരണം അതൊരു വ്യവസ്ഥാപിത ആരാധനാ പദ്ധതിയാണ്.


സകാത്തിനെക്കുറിച്ച് ശരിയായ ബോധ്യം അത്യാവശ്യമാണ്. ഇമാം നവവി(റ) രേഖപ്പെടുത്തുന്നു: ‘സകാത്ത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ്. ആരെങ്കിലും അത്‌ നിഷേധിച്ചാൽ അവൻ ഇസ്‌ലാം മതത്തിൽനിന്ന് പുറത്തുപോകുന്നതാണ്. നിർബന്ധമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം സകാത്ത് നൽകാൻ വിസമ്മതിക്കുന്നവരിൽനിന്ന് യുദ്ധം ചെയ്തിട്ടായാലും ഇമാം (ഇസ്‌ലാമിക ഭരണാധികാരി) ശക്തിപൂർവം സകാത്ത് പിടിച്ചെടുക്കേണ്ടതാണ് ‘(റൗള 2-149). സകാത്തിൽ എല്ലാം വ്യവസ്ഥകൾക്ക് വിധേയമാണ്. ‘നിശ്ചിത വിഭാഗങ്ങൾക്ക് നിശ്ചിത വിധത്തിൽ നിശ്ചിത സമ്പത്തുകളിൽനിന്ന് നിശ്ചിത വിഹിതം നൽകുന്നതാണ് സകാത്ത്'(ശർഹുൽ മുഹദ്ദബ് 5-325). ഒരാൾ നിശ്ചിത മുതല് നിശ്ചിത സമയം ഉടമപ്പെടുത്തിയാൽ അയാൾക്ക് സകാത്ത് നിർബന്ധമാകും.

അവൻ ഒരുപക്ഷേ അന്നാട്ടിൽ അതിദരിദ്രനായിരിക്കും. അവകാശിയാണെങ്കിലോ ഖുർആനിൽ പരാമർശിക്കപ്പെട്ട എട്ടു വിഭാഗങ്ങളിൽ ഒരാളായാൽ മതി. അവൻ ചിലപ്പോൾ സമ്പന്നനാകാം.


സകാത്ത് ഇസ്‌ലാമിന്റെ പരസ്യ ചിഹ്നങ്ങളിലൊന്നാണ്. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ആന്തരിക ധനത്തിൽ പോലും സകാത്ത് പരസ്യമായി നൽകലാണ് ഉത്തമം(തുഹ്ഫ 7-179). അവകാശിയുടെ വിഹിതത്തെ ബാധ്യസ്ഥന്റെ മുതലിൽനിന്ന് വേർതിരിക്കലാണ് സകാത്തിലുള്ളത്. ഇതിലൂടെ അടിസ്ഥാനപരമായി ധനത്തെയും ദേഹത്തെയും ശുദ്ധീകരിക്കുന്ന പ്രക്രിയയാണത്. ഖുർആൻ അക്കാര്യം അടിവരയിട്ടിട്ടുണ്ട്(അത്തൗബ 103).


സകാത്ത് കൊടുക്കൽ ബാധ്യസ്ഥരുടെ വ്യക്തിഗത വാജിബും (ഫർള്വു ഐൻ), വാങ്ങൽ അവകാശികളുടെ സാമൂഹിക കടമയുമാണ് (ഫർള്വു കിഫായ). വാങ്ങുന്നവർക്കും പ്രതിഫലമുണ്ടെന്നർഥം. നാട്ടിൽ അവകാശികൾ ഉണ്ടായിട്ടും ആരും തന്നെ സകാത്ത് വാങ്ങാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവരോട് യുദ്ധം ചെയ്തിട്ടാണെങ്കിലും നിർബന്ധപൂർവം സകാത്ത് വാങ്ങിപ്പിക്കാൻ ഇമാമിന് അധികാരമുണ്ട്. വാങ്ങാതെ ഉടമയ്ക്ക് പൊരുത്തപ്പെട്ടുകൊടുക്കൽ സാധുവുമല്ല(മുഗ്‌നി 4-189, ഇബ്നു ഖാസിം 7-162). അതിനാൽ സകാത്ത് വാങ്ങുന്നവനെ യാചകനായായിട്ടല്ല നാം കാണേണ്ടത്. പ്രത്യുത, നരകശിക്ഷയിൽ നിന്ന് ദായകനെ രക്ഷിക്കുന്നവനാണെന്നാണ് യഥാർത്ഥത്തിൽ ഒരു സത്യവിശ്വാസി കരുതേണ്ടത്.


സകാത്ത് വിതരണത്തിന് മൂന്ന് മാർഗങ്ങളാണുള്ളത് 1- ഇസ്‌ലാമിക രാഷ്ട്രത്തിൽ ഇമാം അല്ലെങ്കിൽ ഇമാമിന്റെ കീഴിലുള്ള ഖാസിയോ മറ്റു സകാത്ത് ഉദ്യോഗസ്ഥരോ സകാത്ത് പിരിച്ചെടുത്ത് അർഹർക്ക് വിതരണം ചെയ്യുക. 2- ധനത്തിന്റെ ഉടമ നേരിട്ട് വിതരണം ചെയ്യുക. 3- ഉടമ തന്റെ വകീൽ മുഖേന വിതരണം ചെയ്യൽ(റൗള്വ 2-205). ജമാഅത്തുകാരുടെ ബൈത്തുസ്സകാത്ത് അവയിലൊന്നിലും ഉൾപ്പെടുന്നില്ല. കാരണം അത് രാഷ്ട്രത്തിന്റെ ഭരണാധികാരിയല്ല. ജമാഅത്തുകാരുടെ അഖിലേന്ത്യാ അമീറോ സംസ്ഥാന അമീറോ ഭരണകർത്താവാണെന്ന് അവർക്കു തന്നെ അഭിപ്രായമില്ല.

ബൈത്തുസ്സകാത്ത് ധനത്തിന്റെ ഉടമസ്ഥനല്ലെന്നതും വ്യക്തം. ഉടമസ്ഥൻ നിയോഗിച്ച വകീലുമല്ല. ഉടമസ്ഥൻ നേരിട്ട് നിയമിക്കുന്നതും തന്റെ ഇംഗിതമനുസരിച്ചു മാത്രം പ്രവർത്തിക്കേണ്ടുന്നതും എപ്പോഴും സ്ഥാനഭൃഷ്ടനാക്കാൻ സാധിക്കുന്നതുമായ ആളാണ് വകീൽ. ഒരു സ്റ്റെപ്പിനി പോലെ. ഈ വകീൽ സ്വതന്ത്ര ബോഡിയല്ല. നിർണിത വ്യക്തിയോ വ്യക്തികളോ ആണ്. അതേസമയം സകാത്തു ബാധ്യസ്ഥരല്ലാത്ത, മറ്റേതോ ജനറൽ ബോഡിയാൽ നിശ്ചിത കാലാവധിക്ക് രൂപീകരിച്ചതും അതേ ബോഡിയാൽ പിരിച്ചുവിടാവുന്നതുമായ ഒരു സംഘടനാ സമിതി മാത്രമാണ് ബൈത്തുസ്സകാത്ത്. അതൊരിക്കലും സകാത്തു ബാധകരുടെ നിയമനത്താൽ വന്നതല്ല. കേവലം അമൂർത്തമായൊരു സംവിധാനം മാത്രമാണത്.


ബൈത്തുസ്സകാത്തിന്റെ അംഗങ്ങൾ ‘സകാത്ത് ഉദ്യോഗസ്ഥ’രാണോ? അതുമല്ല. കാരണം സകാത്ത് ഉദ്യോഗസ്ഥൻ ഇമാമിന്റെ കീഴിലേ ഉണ്ടാകൂ, പൊതുജനങ്ങളാൽ നിയമിക്കപ്പെടുന്നവനല്ല. അതിനാൽ ഇപ്പേരിലും സകാത്ത് പിരിച്ചെടുക്കാൻ അർഹതയില്ല.
സകാത്ത് അവകാശിയുടെ

വിഹിതമാണ്. അതായത് സകാത്ത് നിർബന്ധമാകലോടെ അത്‌ അവകാശിയുടേതായി. തന്റെ വിഹിതം എന്തുചെയ്യണം, എന്തിൽ ചെലവഴിക്കണം എന്നത് തീരുമാനിക്കേണ്ടത് അവകാശിയാണ്. ബാധ്യസ്ഥനല്ല. അതിനാൽ സകാത്ത് അതേപടി അവകാശിക്ക് നൽകുകയാണ് ചെയ്യേണ്ടത്. ഭക്ഷണം, ഭവനം, വാർധക്യ പെൻഷൻ, സ്കോളർഷിപ്പ്, വൃദ്ധസദനം, ആശുപത്രികളിൽ ഉച്ചക്കഞ്ഞി, രോഗ ചികിത്സ, രോഗികൾക്ക് വീൽ ചെയർ, സ്‌ട്രെക്ച്ചർ, സ്വയംതൊഴിൽ പദ്ധതി, വാഹനം, വിവാഹ സഹായം, പണിയായുധം, കച്ചവടച്ചരക്ക് എന്നിങ്ങനെയൊക്കെയായി സകാത്ത് പരിവർത്തനം ചെയ്യാൻ ഉടമസ്ഥർക്ക് പറ്റില്ല.

അതേസമയം, ഇമാം അഥവാ സുൽത്വാൻ അവകാശികളുടെ പ്രതിനിധിയാണ്. അതിനാൽ ഇമാം വശം സകാത്ത് ഏൽപ്പിക്കുന്നത് അവകാശികൾക്ക് നൽകിയതിനു സമാനമാണ്(തുഹ്ഫ 3-350). തന്മൂലം ഭരണാധികാരിക്ക് അവകാശികൾക്കുവേണ്ടി ചില പ്രത്യേക ക്രയവിക്രയാധികാരങ്ങളുണ്ട്. ഇമാമിന്റെ അത്തരം അധികാരം ഉപയോഗിക്കാൻ ബൈത്തുസ്സകാത്തുകാർക്ക് എന്തവകാശം? ഇന്ത്യയിലെ സമാന്തര ഭരണകൂടമാണ് ബൈത്തുസ്സകാത്തെന്ന് ജമാഅത്തുകാർക്ക് വാദമുണ്ടോ?

അന്യന്റെ സമ്പത്ത് അനധികൃതമായി കൈകാര്യം ചെയ്യുന്ന ഈ ഏർപ്പാട് അവസാനിപ്പിക്കണം.ജമാഅത്തെ ഇസ്‌ലാമിയുടെ കുടിലത കൂടി തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയിൽ ബൈത്തുൽമാല് എന്നൊരു വകുപ്പുണ്ട്. സകാത്തിലൂടെയാണ് അതിൽ പണം കണ്ടെത്തുന്നത്. ജമാഅത്തിന്റെ സംഘടനാ പ്രവർത്തനത്തിനാണ് അത് വിനിയോഗിക്കുന്നത് എന്ന് അതിന്റെ ഭരണഘടനയിൽ പറയുന്നു(ഖണ്ഡിക 57-59). ഇസ്‌ലാം അനുവദിക്കുന്നതാണോ അത്?

സംഘടന എന്നൊരു അവകാശിയെ ഇസ്‌ലാം എണ്ണിയിട്ടുണ്ടോ? ഇല്ല. അതിനാൽ മുസ്‌ലിമിന്റെ വ്യവസ്ഥാപിത ഇബാദത്തായ സകാത്തിനെ കേവല റിലീഫായി കാണുന്ന ജമാഅത്തിന്റെ കുതന്ത്രങ്ങളിൽ വീണുപോകാതിരിക്കാൻ സത്യവിശ്വാസികൾ ജാഗരൂകരാകേണ്ടതാണ്. ഈ തിരിച്ചറിവില്ലാതെ ‘ബൈത്തുസ്സകാത്ത് പ്രഖ്യാപന’ത്തിന് പങ്കാളിയാകാൻ ആരും മുതിരരുത്.

Content Highlights:Jamaat’s ‘Baytuszaqat’ is un-Islamic


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.