2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ദിവ്യബലിയും സിനിമാപ്രേമവും; ജമാഅത്ത് നിലപാടുമാറ്റത്തില്‍ അണികളില്‍ അമര്‍ഷം

കോഴിക്കോട്: സംഘടനയ്ക്ക് കീഴിലുള്ള മാധ്യമങ്ങള്‍ സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകുന്നത് ജമാഅത്തെ ഇസ് ലാമി നേതൃത്വത്തിന് വെല്ലുവിളിയാകുന്നു. മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും ഓണ്‍ലൈന്‍ എഡിഷനും മതവിരുദ്ധമായ സ്വഭാവം സ്വീകരിച്ചുതുടങ്ങിയതാണ് പ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരിക്കുന്നത്.

മതസംഘടനകളെ വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കാത്ത മാധ്യമം കഴിഞ്ഞ 15ന് കോഴിക്കോട് എഡിഷനില്‍ പ്രസിദ്ധീകരിച്ച നാലുപേജ് സപ്ലിമെന്റ് ഒരു ക്രൈസ്തവ ദേവാലയത്തിനു വേണ്ടിയുള്ളതായിരുന്നു. ‘വെള്ളിമേഘങ്ങള്‍ക്കിടയിലെ ദിവ്യരൂപം’ എന്ന തലക്കെട്ടിനു താഴെ എല്ലാ ദിവസവും രാവിലെ ദിവ്യബലി ഉണ്ടായിരിക്കും എന്ന അറിയിപ്പും നല്‍കി. കോഴിക്കോട് മേരിക്കുന്നിലെ ഒരു ക്രൈസ്തവ ദേവാലയത്തിന്റെ വിശുദ്ധ യൗസേപിതാവിന്റെ ഊട്ട്‌നേര്‍ച്ച തിരുനാള്‍ സപ്ലിമെന്റായിരുന്നു അത്. സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നേര്‍ച്ചകളെ ശിര്‍ക്കായി ചിത്രീകരിക്കുന്ന ഒരു സംഘടന ഇങ്ങനെ ചെയ്തതിന് എന്തു ന്യായമുണ്ടെന്ന പ്രവര്‍ത്തകരുടെ ചോദ്യം നേരിടാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ജമാഅത്ത് നേതൃത്വം.

ബലി ഏകദൈവത്തിനേ പാടുള്ളൂ എന്നു പറയുമ്പോഴാണ് യൗസേപ്പിതാവിന്റെ ഊട്ടുനേര്‍ച്ചയ്ക്ക് ദിവ്യബലി നടത്തുന്നതിന് പരസ്യം നല്‍കുന്ന സപ്ലിമെന്റ് പ്രസിദ്ധീകരിച്ചത്. ദിവ്യരൂപമായി അതില്‍ പറയുന്നത് എന്തിനെ കുറിച്ചെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. പരസ്യത്തിനെന്ന പേരില്‍ ആദര്‍ശത്തില്‍ വെള്ളംചേര്‍ക്കുന്ന നിലപാട് ജമാഅത്ത് നേതൃത്വത്തിന്റെ പിന്തുണയോടെയാണോ? അല്ലെങ്കില്‍ പത്രം സംഘടനയുടെ വരുതിയില്‍ നിന്ന് മാറിപ്പോയിട്ടുണ്ടെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് വരുമോയെന്നു ഭയന്ന് മതേതര വേഷം അണിയുന്നതിന്റെ ഭാഗമായി മാധ്യമം ഡോട്ട് കോം മലയാള സിനിമയുടെ ചരിത്രത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളെ കണ്ടെത്താന്‍ മെഗാ ഡിജിറ്റല്‍ ഇവന്റ് സംഘടിപ്പിച്ചത് അടുത്തിടെയാണ്. ഇതിനു മുമ്പും സിനിമാ താരങ്ങളെ വച്ച് ജമാഅത്ത് മാധ്യമങ്ങള്‍ വിവിധ പരിപാടികള്‍ നടത്തിയത് വിവാദമായിരുന്നു.

സിനിമാ താരങ്ങളിലെ മികച്ചവരെ കണ്ടെത്തി അവതരിപ്പിച്ചതിന് ഒരു മുഴുവന്‍ പേജോളം സ്ഥലമാണ് മാധ്യമം നല്‍കിയത്. വാരാദ്യ മാധ്യമത്തിലും സിനിമാ നടിമാരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്ന അഭിമുഖങ്ങളും ഫീച്ചറുകളും നല്‍കിവരുന്നതില്‍ അണികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.