ജക്കാർത്ത • കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് തീരം കടലെടുക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്തോനേഷ്യ തലസ്ഥാനം വനത്തിലേക്ക് മാറ്റുന്നു.
തലസ്ഥാനനഗരിയായ ജക്കാർത്തയിൽ എല്ലാവർഷവും കടൽ കരകയറുകയാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ 1287 കി.മി അകലെയുള്ള കിഴക്കൻ ബോർണിയോ ദ്വീപിലാണ് പുതിയ തലസ്ഥാനം പണിയാൻ ഉദ്ദേശിക്കുന്നത്. ഈ പ്രദേശത്തെ നുസാന്ത്ര എന്നയിടം നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. 2024 ഓഗസ്റ്റ് 17ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിലാണ് ഇവിടേക്ക് തലസ്ഥാനം മാറ്റുക.
ജാവാ കടൽത്തീരത്താണ് ജക്കാർത്ത സ്ഥിതിചെയ്യുന്നത്. ജക്കാർത്ത മുങ്ങുന്നത് മാത്രമല്ല, തലസ്ഥാനത്തെ വായുനിലവാരം മോശമായതും തലസ്ഥാനം മാറ്റുന്നതിന് കാരണമാണ്. കൂടാതെ ഭൂചലന സാധ്യതാ പട്ടികയിലുമുണ്ട്.
ഇന്തോനേഷ്യയിൽ 27.5 കോടി ജനങ്ങളാണുള്ളത്. തലസ്ഥാനമായ ജാവ ദ്വീപിലെ ജക്കാർത്തയിൽ മാത്രം 2030ൽ 3.5 കോടി ജനസംഖ്യയാകും. 2050ഓടെ ജക്കാർത്ത വെള്ളത്തിനടിയിലാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിഗമനം.
പുതിയ തലസ്ഥാനം പണിയുന്ന നുസാന്ത്ര സ്ഥിതിചെയ്യുന്ന ബോർണിയോ ലോകത്തെ മൂന്നാമത്തെ വലിയ ദ്വീപുകളിലൊന്നാണ്. 2024ഓടെ തലസ്ഥാനം മാറുമെങ്കിലും ജക്കാർത്ത ഇന്തോനേഷ്യയുടെ രാഷ്ട്രീയകേന്ദ്രമായി തുടരും.
Comments are closed for this post.