2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജെയ്ക്കിന് 2.06 കോടിയുടെ പാരമ്പര്യ സ്വത്ത്, 7.11ലക്ഷത്തിന്റെ ബാധ്യത

ജെയ്ക്കിന് 2.06 കോടിയുടെ പാരമ്പര്യ സ്വത്ത്, 7.11ലക്ഷത്തിന്റെ ബാധ്യത

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന് 2,06,90,161 രൂപയുടെ പാരമ്പര്യ സ്വത്തും 7,11,905 രൂപയുടെ ബാധ്യതയും. നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. വെള്ളൂര്‍, മണര്‍കാട് വില്ലേജുകളിലെ ഭൂമിയും മണര്‍കാട് പഞ്ചായത്തിലെ കെട്ടിടങ്ങളും ഉള്‍പ്പെടെയാണിത്.

ജെയ്ക്കിന്റെ പക്കല്‍ പണമായി നാലായിരം രൂപയും ഭാര്യ ഗീതു തോമസിന്റെ കൈയില്‍ രണ്ടായിരം രൂപയുമാണ് ഉള്ളത്. വിവിധ ബാങ്കുകളില്‍ ജെയ്ക്കിന് 1,07,956 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് 7082നിക്ഷേപവുമുണ്ട്. 5,46,500 രൂപ മൂല്യമുള്ള 100ഗ്രാം സ്വര്‍ണവും ഭാര്യയ്ക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ജെയ്ക്കിന്റെ പേരില്‍ ചാലക്കുടി, വള്ളിക്കുന്നം, കോട്ടയം വെസ്റ്റ്, കോട്ടയം ഗാന്ധിനഗര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്. കലാപത്തിന് പ്രേരിപ്പിച്ചു, മാരകായുധങ്ങളുമായി സംഘം ചേര്‍ന്നു, സര്‍ക്കാരുദ്യോഗസ്ഥനെ തടഞ്ഞുവെച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു കേസിലും ശിക്ഷിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കോട്ടയം ആര്‍.ഡി.ഒ. വിനോദ് രാജ് മുമ്പാകെയാണ് ജെയ്ക്ക് സി. തോമസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ മണര്‍കാട്ടെ വീട്ടില്‍ നിന്ന് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തിയ ജെയ്ക്കിനെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി വി.എന്‍ വാസവന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം കാല്‍നട ജാഥയായി വന്നാണ് പത്രിക സമര്‍പ്പിച്ചത്. ഇന്നലെ ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് ഇന്ന് സമര്‍പ്പിക്കും. തെരഞ്ഞെടുപ്പില്‍ അമിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും 2016 മുതല്‍ 2021 വരെയുള്ള കാലത്തെ തെരഞ്ഞെടുപ്പ് കണക്കുകള്‍ കഥപറയട്ടെയെന്നും ജെയ്ക്ക് പത്രികാ സമര്‍പ്പണത്തിനു ശേഷം പ്രതികരിച്ചു.

2021ല്‍ പുതുപ്പള്ളി രാഷ്ട്രീയമാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു. അത് 2023 ഓടെ പൂര്‍ണമാകും. സ്വത്തുമായി ബന്ധപ്പെട്ടുയര്‍ന്ന വ്യക്തി അധിക്ഷേപത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്നും കോണ്‍ഗ്രസ് സൈബര്‍ സംഘത്തിന്റേത് തരംതാണ പ്രചാരണമാണെന്നും ജെയ്ക് കുറ്റപ്പെടുത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.