തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കോണ്‍ഗ്രസിലെ പടയൊരുക്കത്തെ സ്ഥിരീകരിച്ച് വി.ഡി സതീശന്‍. തനിക്കെതിരെ പടയൊരുക്കം നടത്തിയത് തന്റെ നേതാക്കള്‍ തന്നെയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിച്ചു. ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധന നടത്തണം. എനിക്കെതിരേ പടയൊരുക്കമെന്ന വാര്‍ത്ത നല്‍കിയത് തന്റെ നേതാക്കളാണ്. രാവിലെ ഈ വാര്‍ത്ത വന്നു. വൈകുന്നേരം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നു. തനിക്കെതിരേ നേതാക്കള്‍ സി.പി.എം നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ താന്‍ ആരുമായും വഴക്കിനില്ലെന്നും പുനസംഘടന നടത്തിയത് തികച്ചും ജനാധിപത്യപരമായാണ്. ആരെയും തന്റെ ആളുകളായി തിരുകിക്കയറ്റിയിട്ടില്ല. വന്നവരെല്ലാം തന്റെ ആളുകളാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളെയും കാണാറുണ്ട്. പരാതിയുണ്ടെന്നുപറഞ്ഞാല്‍ വീട്ടില്‍ പോയി കാണും. അദ്ദേഹം പറഞ്ഞു.
അതേ സമയം ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഗ്രൂപ്പ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസ് പുനസംഘന പ്രശ്‌നത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ സമവായചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സൗകര്യാര്‍ത്ഥം ഡല്‍ഹിയിലേക്ക് തിരിക്കും. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ലിസ്റ്റില്‍ ഗ്രൂപ്പുകളെ വെട്ടിനിരത്തിയത് പ്രതിപക്ഷനേതാവാണെന്നാരോപിച്ചാണ് നേതാക്കളുടെ സംയുക്തനീക്കം. മുതിര്‍ന്ന നേതാക്കളെ സതീശന്‍ അവഗണിക്കുന്നുവെന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. പ്രശ്‌നത്തില്‍ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വര്‍ നേതൃത്വത്തിനൊപ്പം നിന്നതും ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിക്കുന്നു.
ബ്ലോക്ക് പ്രസിഡന്റ് പട്ടികയില്‍ അര്‍ഹമായ പ്രതിനിധ്യമില്ലെന്നറിയിച്ച് ദളിത് നേതാക്കളും ഖാര്‍ഗെയ്ക്ക് പരാതി നല്‍കുന്നുണ്ട്.
എം.എം ഹസന്‍, രമേശ് ചെന്നിത്തല, കെ.സി ജോസഫ്, എം.കെ രാഘവന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് സതീശന്റെ നീക്കങ്ങള്‍ക്ക് തടയിടാനും ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെ കണ്ട് പരാതി അറിയിക്കാനും തീരുമാനമുണ്ടായിരിക്കുന്നത്. എന്നാല്‍ പുനസംഘടനയില്‍ മതിയായ ചര്‍ച്ച നടത്തിയിട്ടില്ലെന്ന പരാതി തള്ളിയ കെ.സുധാകരന്‍ പ്രതിപക്ഷ നേതാവിനെ പിന്തുണക്കുകയും ചെയ്തു. തുടര്‍ന്ന് സുധാകരന്‍ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
Comments are closed for this post.