ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴര വര്‍ഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂര്‍. കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നതിനു ശേഷം പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.
സുനന്ദയുടെ മരണത്തിന് ശേഷം തന്നെ വലയം ചെയ്തിരുന്ന ദുസ്വപ്നത്തിനാണ് അന്ത്യമാവുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. മാധ്യമങ്ങളുടെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ക്ഷമയോടെ നേരിട്ടു. കേസ് കെട്ടിച്ചമച്ചതെന്ന തന്റെ നിലപാട് കോടതിയും അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. നിയമപരമായ നിരവധി പ്രക്രിയകള്‍ക്കൊടുവില്‍ കോടതിയില്‍ നിന്ന് നീതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ തനിക്ക് വേണ്ടി ഹാജരായ വികാസ് പവ, ഗൗരവ് ഗുപ്ത എന്നിവര്‍ക്ക് തരൂര്‍ നന്ദി പറഞ്ഞു.
സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിനെതിരെ തെളിവില്ലെന്നാണ് ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments are closed for this post.