2022 May 25 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തത് ദൗര്‍ഭാഗ്യകരം: സമസ്ത

പ്രതിഷേധവുമായി മറ്റു മുസ്‌ലിം സംഘടനകള്‍

 

കോഴിക്കോട് : കൊവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമയും വിവിധ മുസ്ലിം സംഘടനാ നേതാക്കളും കൂട്ടമായി ആവശ്യം ഉന്നയിച്ചിട്ടും അവഗണിച്ചത് തികച്ചും ഖേദകരമാണ്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

ജമാഅത്തേ ഇസ്ലാമിയുടെ പ്രസ്താവന

ലോക്ഡൗണ്‍ ആരാധനാലയങ്ങള്‍ തുറക്കാനനുവദിക്കാത്തത് പ്രതിഷേധാര്‍ഹം- ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമാക്കാതിരുന്നത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി തീരുമാനം പുനപരിശോധിക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. വിവിധ മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചപ്പോള്‍ ആരാധനാലയങ്ങളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പൂര്‍ണമായും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ആരാധനക്ക് അനുവാദം നല്‍കണമെന്ന് മതസംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ഈ ആവശ്യത്തെ തീര്‍ത്തും അവഗണിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത.് സര്‍ക്കാര്‍ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതുന്നു

മദ്യശാലകള്‍ തുറക്കാം…. ആരാധനാലയങ്ങള്‍ പാടില്ല??

നാളെ അര്‍ദ്ധരാത്രി മുതല്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് മദ്യശാലകള്‍ തുറക്കാം, ബാറുകള്‍ തുറക്കാം, ട്രെയിനുകള്‍ ഓടാം, ബസ്സുകള്‍ ഓടാം, പൊതുഗതാഗതം മിതമായ നിലയില്‍ ആവാം, കടകള്‍ തുറക്കാം, സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം, പൊതു പരീക്ഷകള്‍ നടത്താം… പക്ഷേ, ആരാധനാലയങ്ങള്‍ മാത്രം തുറക്കാന്‍ പാടില്ല!
ബഹുമാനപ്പെട്ട മുഖ്യമന്ത്രി…
ഈ തീരുമാനം പുന:പരിശോധിക്കണം. കൈകള്‍ മാത്രമല്ല, എല്ലാ അവയവങ്ങളും കഴുകിയാണ് മുസ്ലിംകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത്. വൃത്തിയില്ലാത്തവര്‍ക്ക് പള്ളിയില്‍ പ്രവേശനമില്ല. കൃത്യമായ അകലം പാലിച്ച് നിസ്‌കരിക്കുന്നതിന് മതത്തില്‍ യാതൊരു വിലക്കുമില്ല. മാസങ്ങളായി അറബ് രാജ്യങ്ങളില്‍ അകലം പാലിച്ച് പള്ളികളില്‍ പ്രാര്‍ത്ഥന നടന്നുവരുന്നു. കോവിഡ് കൂടുകയല്ല, അവിടെ കുറഞ്ഞുവരികയാണ്.
യാഥാര്‍ത്ഥ്യ ബോധത്തോടു കൂടി മുഖ്യമന്ത്രി കാര്യങ്ങള്‍ വിലയിരുത്തേണ്ടിയിരിക്കുന്നു. ആരാധനാലയങ്ങള്‍ നിയന്ത്രണവിധേയമായി തുറക്കാന്‍ അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടിയിരിക്കുന്നു. പ്രത്യക്ഷ സമരപരിപാടികളിലേക്ക് വിശ്വാസികളെ നയിക്കരുത്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News