
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്റെ പരാജയവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയവും അംഗീകരിക്കേണ്ട സമയമാണിതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. തിരഞ്ഞെടുപ്പ് ഫലം മാറിമറിയാന്‍ മറ്റു സാധ്യതകള്‍ ഇല്ലെന്നും ഒബാമ പറഞ്ഞു.സി.ബി.എന്‍.എസ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഒബാമയുടെ പ്രതികരണം.
ട്രംപ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കേണ്ട സമയമായി. കണക്കുകളിലേക്ക് നോക്കുമ്പോള്‍ ജോ ബൈഡന് മേല്‍ക്കൈ നേടിയത് കാണാനാകും. ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലം മാറിമറിയാന്‍ യാതൊരു സാധ്യതയുമില്ല ഒബാമ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡോണള്‍ഡ് ട്രംപ് ജോ ബൈഡന് വിജയിച്ചതായി അംഗീകരിക്കുകയും തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ വ്യാജമാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് ബൈഡന് വിജയിച്ചതെന്നും ഒന്നും സമ്മതിക്കുന്നില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.
232 ഇലക്ടറല്‍ വോട്ടുകള്‍ നേടിയ ഡോണാള്‍ഡ് ട്രംപ് തന്റെ പരാജയം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. പെന്‍സില്‍വേനിയ, നെവാഡ, മിഷിഗണ്‍, ജോര്‍ജിയ, അരിസോണ എന്നിവിടങ്ങളിലെ ജോ ബൈഡന്റെ വിജയത്തെ വെല്ലുവിളിക്കുകയും വിസ്കോസിനിലെ ബാലറ്റുകള്‍ വീണ്ടും എണ്ണണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.