2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നന്മയുടെ നനവുള്ള വ്യവഹാരങ്ങൾ

തൻസീർ ദാരിമി കാവുന്തറ


കാപട്യത്തിന്റെ കലർപ്പില്ലാത്ത ഇടപെടലുകളും വ്യവഹാരങ്ങളുമാണ് മനുഷ്യജീവിതത്തെ സാർഥകമാക്കുന്നത്. കാപട്യം പാപവും വിശ്വാസവ്യതിയാനവുമായി ഖുർആൻ പരിചയപ്പെടുത്തുന്നു. ‘വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും ദൂതനെയും ചതിക്കരുത്. നിങ്ങൾ വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങളിൽ ബോധപൂർവം വഞ്ചന കാണിക്കരുത് ‘(8:27). നബി(സ്വ) പറയുന്നു:’നാലു കാര്യങ്ങൾ ആരിലുണ്ടോ അവൻ തികഞ്ഞ കപടവിശ്വാസിയാണ്. അവയിൽ ഒന്ന് ആരിലെങ്കിലുമുണ്ടെങ്കിൽ അതൊഴിവാക്കുവോളം കാപട്യത്തിന്റെ ഒരംശം അയാളിലുണ്ടായിരിക്കും. വിശ്വസിച്ചാൽ വഞ്ചിക്കുക, സംസാരിച്ചാൽ കള്ളം പറയുക. കരാർ ചെയ്താൽ ലംഘിക്കുക, പിണങ്ങിയാൽ പുലഭ്യം പറയുക’ (ബുഖാരി).
അല്ലാഹുവിലും അവന്റെ റസൂലിലുമുള്ള വിശ്വാസത്തിൽ കാപട്യമുള്ളവർ വഞ്ചകരാണ്. ആ കടുത്ത അപരാധത്തിന്റെ കെടുതികൾ സത്യവിശ്വാസികൾ കൂടി അവരിൽ നിന്ന് അനുഭവിക്കേണ്ടിവരും. അല്ലാഹുവിനെയും റസൂലിനെ(സ്വ)യും വഞ്ചിക്കാൻ ശ്രമിക്കുന്ന കപടവിശ്വാസികൾക്ക് സൃഷ്ടികളെ വഞ്ചിക്കാനും ഒരു മടിയുമുണ്ടായിരിക്കില്ല. സൃഷ്ടികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലും ക്രയവിക്രയങ്ങളിലും പരസ്പരവിശ്വാസത്തിന് കോട്ടം തട്ടുന്ന, വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന വാക്കുകളോ പ്രവൃത്തികളോ പാടില്ല. ഭാര്യ-ഭർത്താവ്, തൊഴിലാളി-മുതലാളി, നേതാവ്-അനുയായി, കച്ചവടക്കാരൻ-ഉപഭോക്താവ് തുടങ്ങിയ എല്ലാതലങ്ങളിലുമുള്ള വ്യക്തികളും തമ്മിലുണ്ടായിരിക്കേണ്ടത് വിശ്വാസ്യതകൊണ്ട് വിളക്കിച്ചേർത്ത ബന്ധങ്ങളാണ്. വിവാഹമെന്ന കരാറിലൂടെ കുടുംബജീവിതത്തിന് നാമ്പിടുന്ന ഇണകൾ പരസ്പരം വിശ്വാസ്യത വീണുടയാതെ ജീവിക്കാൻ ബദ്ധശ്രദ്ധരാവണം.


കച്ചവടത്തിലും സാമ്പത്തിക ഇടപാടുകളിലും വഞ്ചന കടന്നുവരാനുള്ള സാധ്യത കൂടുതലാണ്. കച്ചവടം ചെയ്യുമ്പോൾ വിൽപനക്കാരനും ഉപഭോക്താവും ചരക്കിന്റെയും വിലയുടെയുമൊക്കെ കാര്യത്തിൽ പരസ്പരം പൂർണ തൃപ്തരായിരിക്കണമെന്നത് കച്ചവടത്തിന്റെ സാധുതയ്ക്കുള്ള ഇസ്‌ലാമിക നിബന്ധനയും മര്യാദയുമാണ്. നനഞ്ഞ് കുതിർന്ന ധാന്യമണികൾ മറച്ചുവച്ച് ന്യൂനതകളെ പരസ്യപ്പെടുത്താതെ കച്ചവടം ചെയ്യുന്നത് റസൂൽ(സ്വ)യുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ വഞ്ചനയാണ് ചെയ്യുന്നത് എന്ന് സഗൗരവം ഉണർത്തി. ‘വഞ്ചിക്കുന്നവൻ നമ്മിൽ പെട്ടവനല്ല'(ബുഖാരി). അമിതവില ഈടാക്കാനുള്ള, പൂഴ്ത്തിവയ്പ്പ് നടത്തുന്നതും കരിഞ്ചന്തയുമൊക്കെ എക്കാലത്തും കച്ചവടത്തിൽ നടക്കുന്ന വഞ്ചനയാണ്. പരലോകത്ത് വഞ്ചകന്മാർ അപമാനിതരായിരിക്കുമെന്ന് റസൂൽ(സ്വ) മുന്നറിയിപ്പ് നൽകി.


‘വിട്ടുവീഴ്ച ശീലമാക്കുക, നല്ല കാര്യങ്ങള്‍ കല്‍പ്പിക്കുക. വിഡ്ഢികളില്‍നിന്ന് അകലുക’(ഖുര്‍ആന്‍). അക്രമിച്ചവര്‍ക്ക് മാപ്പ് നല്‍കുക, തടഞ്ഞവര്‍ക്ക് കൊടുക്കുക, ബന്ധം വിഛേദിച്ചവരോട് ബന്ധം പുലര്‍ത്തുക, അവിവേകം ചെയ്തവനോട് പ്രതികരിക്കാതിരിക്കുക, ഉപദ്രവമേല്‍പ്പിച്ചവന് ഉപകാരം ചെയ്യുക തുടങ്ങിയവയെല്ലാം ഈ വാക്യത്തിൻ്റെ പരിധിയില്‍ വരുന്നവയത്രെ. നബി(സ്വ) ഇത്തരം ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളുടെ (മകാരിമുല്‍ അഖ്ലാഖ്) മൂർത്തീമദ്ഭാവമായിരുന്നു.
സലാം പറയുന്നത് വ്യാപിപ്പിക്കുക, ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുക, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റു നിസ്കരിക്കുക, നിഷിദ്ധമായവ വെടിഞ്ഞ് മാന്യനാവുക തുടങ്ങിയവയെല്ലാം സ്വര്‍ഗാവകാശികളുടെ ഗുണങ്ങളാണ്. നല്ല വാക്കും നല്ല പ്രവൃത്തിയുമാണ് ഉല്‍കൃഷ്ട സ്വഭാവത്തിൻ്റെ പൊരുള്‍. ഉപകാരം ചെയ്തവന് പ്രത്യുപകാരം ചെയ്യുക എന്നതും അതിൻ്റെ ഭാഗമാണ്. അഹംഭാവിയായ എതിരാളിയോട് ഏറ്റുമുട്ടാതിരിക്കലും കൂട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റലും ദുന്‍യാവിനെ അതിൻ്റെ വക്താക്കള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് സ്വയം ശുദ്ധനാവലും മകാരിമുല്‍ അഖ്ലാഖിൻ്റെ പ്രയോഗംതന്നെ.


ആത്മീയസ്വഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉദാരത(സഖാഅ്). ഇഹപരലോകത്ത് സ്വന്തത്തേക്കാള്‍ മറ്റുള്ളവരുടെ നന്മ തെരഞ്ഞെടുക്കലാണത്. ചോദിക്കുന്നന്നതിനുമുമ്പ് നല്‍കുക, കൊടുത്തത് എടുത്തുപറയാതിരിക്കുക, കൊടുക്കുന്നത് ധൃതിപിടിച്ചും രഹസ്യമായും ആവുക, കൊടുത്തതിനെ ചെറുതായി ഗണിക്കുക തുടങ്ങിയവയെല്ലാം സഖാഇൻ്റെ പരിധിയില്‍ വരുന്നവയാണ്. ശരീരവും ആത്മാവും സമ്പത്തുമെല്ലാം പരമലജ്ജയോടെ അല്ലാഹുവിനു സമര്‍പ്പിക്കലും മുസ്‌ലിം മുഖങ്ങളില്‍ യാചനയുടെ ജാള്യം കാണുന്നത് വെറുക്കലും സഖാഇല്‍ പെടുന്നു. ജനങ്ങളുടെ കൈകളിലുള്ളതില്‍ തനിക്കു മോഹമില്ലാതിരിക്കുക എന്നത് ദാനം ചെയ്ത് ഉദാരമതിയാകുന്നതിനെക്കാള്‍ മഹത്തായതാണ്. ഉള്ളതുകൊണ്ട് തൃപ്തിയും പൊരുത്തവുമടഞ്ഞ് മാന്യനാകല്‍ കൊടുത്തും ധര്‍മം ചെയ്തും മാന്യനാകുന്നതിനെക്കാള്‍ വലുതും. അബ്ദുല്ലാഹി ബ്നു ഉമറുബ്നുൽ ആസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) മോശപ്പെട്ട സ്വഭാവക്കാരനായിരുന്നില്ല. അശ്ലീലം സംസാരിച്ചിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു. നിങ്ങളിൽ സല്‍സ്വഭാവമുള്ളവരാണ് നിങ്ങളിൽ കൂടുതൽ ഉത്തമർ. ഉസാമത്ത് ബ്നു ശരീകില്‍(റ) നിന്ന് നിവേദനം: ഞങ്ങള്‍ നബിയുടെ(സ്വ) സന്നിധിയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ കുറച്ച് ആളുകള്‍ അവിടെ വന്നിട്ട് ചോദിച്ചു: അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള അവന്റെ ദാസന്മാർ ആരാണ്? നബി(സ്വ) പറഞ്ഞു: അവരില്‍ നല്ല സ്വഭാവമുള്ളവർ(ത്വബ്റാനി).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.