തിരുവനന്തപുരം: വിശ്വാസം സംബന്ധിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍ സ്പീക്കര്‍ ജാഗ്രത കാട്ടിയില്ല. പ്രസ്താവനയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമം. വിവാദം ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ താനേ അവസാനിക്കുമെന്ന് കരുതിയാണ് കോണ്‍ഗ്രസ് മൗനം പാലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്‍.എസ്.എസിന് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മതം തെരുവിലേക്ക് കൊണ്ടു വരേണ്ട ആവശ്യമില്ല. ശാസ്ത്രവും മതവും തമ്മില്‍ കൂട്ടികുഴക്കേണ്ട ആവശ്യമില്ല. വിവാദങ്ങള്‍ താനെ കെട്ടടങ്ങുമെന്ന് പ്രതീക്ഷിച്ചാണ് കോണ്‍ഗ്രസ് നിശബ്ദത പാലിച്ചത്. ഇപ്പോള്‍ വിഷയം കൈവിട്ട് പോയിരിക്കുകയാണ്’ അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസികള്‍ക്കൊപ്പമാണ് എക്കാലത്തും കോണ്‍ഗ്രസ് നിലകൊണ്ടിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. വിവാദം ഇന്ന് കൊണ്ട് അവസാനിക്കണം. വിവാദത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമുതലെടുപ്പ് നടത്തില്ല. ഇതില്‍ നിന്നും ലഭിക്കുന്ന വോട്ടും കോണ്‍ഗ്രസിന് വേണ്ട. സുരേന്ദ്രന്‍ പറയുന്നത് പോലെ കോണ്‍ഗ്രസിന് പ്രതികരിക്കാനാവില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. സംഘ്പരിവാറിന് ഇതുവരെ കീഴടങ്ങാത്ത സംഘടനയാണ് എന്‍.എസ്.എസ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശ്വാസ സംരക്ഷണത്തില്‍ എന്‍.എസ്.എസ് ഹൈന്ദവ സംഘടനകള്‍ക്കൊപ്പമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും എന്‍.എസ്.എസ് സഹകരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Comments are closed for this post.