2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തീയണയാതെ മണിപ്പൂർ

ബഷീർ മാടാല


വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വംശീയ കലാപം തുടങ്ങിയിട്ട് ഒരു മാസം തികയുകയാണിന്ന്. മെയ് മൂന്നിന് മണിപ്പൂരിലെ ഗോത്രവർഗ മേഖലയായ ചുരാചന്ദ്പൂരിൽനിന്ന് പൊട്ടിപ്പുറപ്പെട്ട കലാപം ഇന്നലെ വൈകിട്ടുവരേയും തുടരുകയാണ്. കലാപത്തിന്റെ തീയണയ്ക്കാൻ സംസ്ഥാന ഭരണകൂടത്തിനോ വിഷയത്തിൽ ഫലപ്രദമായി ഇടപെടാൻ കേന്ദ്രസർക്കാരിനോ കഴിഞ്ഞിട്ടില്ല. മൂന്നുദിവസത്തെ മണിപ്പൂർ സന്ദർശനത്തിൽ വിവിധ വിഭാഗക്കാരുമായി കേന്ദ്രമന്ത്രി അമിത്ഷാ ആശയവിനിമയം നടത്തിയെങ്കിലും ഒരു മാസമായി തുടരുന്ന വംശീയ അക്രമങ്ങൾക്ക് പരിഹാരമായെന്ന് പറയാനാകില്ല. താഴ്‌വര കേന്ദ്രീകരിച്ച് ഹിന്ദുഭൂരിപക്ഷം ഉൾക്കൊള്ളുന്ന മെയ്തികളും കുന്നിൻപുറങ്ങളിൽ ക്രൈസ്തവ ഭൂരിപക്ഷമായ കുക്കി ഗോത്രവിഭാഗക്കാരുമായുള്ള സായുധ സംഘർഷം നിയന്ത്രണ വിധേയമായിട്ടില്ല.


കലാപം തുടങ്ങിയ ആദ്യനാളുകൾ മുതൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുളള സർക്കാർ കുക്കി ഗോത്രക്കാർക്കെതിരേ ഏകപക്ഷീയ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. ഏറ്റവും ഒടുവിൽ തീവ്രവാദികൾ എന്നുവരെ വിളിച്ചതും ഇത്തരക്കാരായ നാൽപതുപേരെ വെടിവച്ച് കൊന്നതും മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. തലസ്ഥാന നഗരമായ ഇംഫാൽ കേന്ദ്രീകരിച്ച് സമനിലങ്ങളിൽ സ്ഥിരതാമസക്കാരായ ജനസംഖ്യയിലെ 53 ശതമാനം വരുന്ന മെയ്തികളും ഉയരങ്ങളിൽ താമസക്കാരായ 37 ശതമാനം വരുന്ന കുക്കികളും തമ്മിൽ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നേരത്തേ തർക്കങ്ങൾ ഉണ്ടായിരുന്നു. സംസ്ഥാനത്തെ ഭൂമിയുടെ 90 ശതമാനവും കൈയടക്കിവച്ചിരിക്കുന്നത് കുക്കി ഗോത്രവിഭാഗക്കാരാണ്. ഇതിന് പുറമെ ഇവർക്ക് സംവരണം ഉണ്ടെന്നും ഇപ്പോൾ നഗരവാസത്തിനിറങ്ങി തങ്ങളെ ഞെരുക്കുകയാണെന്നുമാണ് മെയ്തികളുടെ ആരോപണം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയതോടെ ഹിന്ദുത്വക്ക് സമാനമായ മെയ്തിദേശീയത ഊതിപ്പെരുപ്പിച്ച് ഭരണം നടത്തിവരികയാണ്. കോളനിവാഴ്ചക്കു മുമ്പേ മണിപ്പൂരിന്റെ മലമടക്കുകളിൽ വാസമുറപ്പിച്ചിരുന്ന കുക്കി ജനതയെ നുഴഞ്ഞുകയറ്റക്കാരും അഭയാർഥികളുമായി ചിത്രീകരിച്ച് അവിടെ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുഖ്യധാരയിൽനിന്ന് മാറ്റിനിർത്താനുള്ള ശ്രമങ്ങൾക്കെതിരേ കുക്കികൾ ശക്തമായി രംഗത്തുവരാറുണ്ട്.


എന്നാൽ ഭരണരംഗത്തെന്ന പോലെ മറ്റെല്ലാ രംഗങ്ങളിലും മെയ്തികളുടെ അപ്രമാതിത്വമാണ്. മണിപ്പൂർ നിയമസഭയിലെ 60 അംഗങ്ങളിൽ 40 പേരും മെയ്തി വിഭാഗക്കാരാണ്. എല്ലാ തീരുമാനങ്ങളും കുക്കി ഗോത്ര വർഗക്കാരെ പാർശ്വവൽക്കരിക്കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് മെയ്തി വിഭാഗക്കാർക്കും സർക്കാർ സംവരണമെന്ന മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുന്നത്. ഇത് വൻ പ്രത്യാഘാതമാണ് മണിപ്പൂരിൽ സൃഷ്ടിച്ചത്. മെയ്തികൾക്ക് സംവരണം വരുന്നതോടെ തങ്ങൾക്ക് ഇപ്പോഴുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും ഭൂമിയുടെ അവകാശം ഇല്ലാതാവുമെന്നും അവർ തിരിച്ചറിഞ്ഞു. ഹൈക്കോടതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആൾ മണിപ്പൂർ ട്രയ്ബൽ യൂനിയൻ ചൂരാചന്ദ്പൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം മണിപ്പൂരിലാകമാനം വ്യാപിക്കാൻ അധികസമയം വേണ്ടിവന്നില്ല.


തങ്ങൾക്കിടയിൽ താമസിക്കുന്ന കുക്കികളുടെ സർവവും നശിപ്പിച്ചാണ് മെയ്തികൾ സമരത്തെ നേരിട്ടത്. ഇതോടെ മെയ്തികളെ കുക്കികളും നേരിട്ടു. സർക്കാർ സംവിധാനങ്ങൾ ഒരു വിഭാഗക്കാർക്കൊപ്പം നിന്നതോടെ കുക്കികളുടെ ആരാധനാലയങ്ങളായ നിരവധി ക്രിസ്ത്യൻ ചർച്ചുകൾ തകർത്തു. നൂറുകണക്കിന് വാഹനങ്ങളാണ് അഗ്നിക്കിരയായത്. കുക്കി, മെയ്തി വിഭാഗക്കാരുടെ 112 വില്ലേജുകളിലായി നാലായിരത്തിലധികം വീടുകൾക്ക് തീയിട്ടു. സർക്കാർ കണക്കനുസരിച്ച് മാത്രം 98 പേർ കൊല്ലപ്പെട്ടു. 510 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 235 ദുരിതാശ്വാസ ക്യാംപുകളിലായി 39405 പേർ കഴിയുന്നു. ആയിരക്കണക്കിനാളുകൾ പലായനം ചെയ്തു. കാണാതായവർ നിരവധി. മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണുള്ളത്.


തുടരുന്ന സംഘർഷങ്ങളുടെ ചെറിയ അംശം വിവരങ്ങൾ മാത്രമേ പുറത്തറിയുന്നുള്ളൂ. ഇന്റർനെറ്റ് സേവനം ഒരു മാസമായി നിശ്ചലമാണ്. പലയിടത്തും കർഫ്യൂ തുടരുകയാണ്. നിത്യോപയോഗത്തിന് സാധനങ്ങൾ ലഭിക്കാനില്ല. പട്ടാളത്തിന്റെ നിയന്ത്രണത്തിൽ അമർന്നുകഴിഞ്ഞ മണിപ്പൂരിൽ സമാധാനം അകലെയാണെന്ന് നിസ്സംശയം പറയാം. മണിപ്പൂരിൽ സമാധാനം തിരികെയെത്താൻ കുക്കി ഗോത്രക്കാർക്ക് സ്വയംഭരണം വേണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. നേരത്തേ ഈ ആവശ്യം ഉയർന്നുവെങ്കിലും ഇപ്പോഴാണതിന്റെ ആവശ്യമെന്നു കുക്കി ജനത കരുതുന്നു. 10 എം.എൽ.എമാർക്കു പുറമെ മണിപ്പൂരിലെ വിവിധ ഗോത്രവർഗ സംഘടനകളും ഈ ആവശ്യവുമായി രംഗത്തുണ്ട്. വരാൻപോവുന്ന നാളുകൾ വിഘടനവാദത്തെ അമർച്ച ചെയ്യുന്നതിലായിരിക്കും സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുക. ഇൗ കൈകാര്യകർതൃത്വത്തിൻ്റെ പാകവും പക്വതയും അനുസരിച്ചായിരിക്കും മണിപ്പൂരിൽ സമാധാനം കൈവരിക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.