ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പേടകം പകര്‍ത്തിയ ചന്ദ്രോപരിതലത്തിലെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ലാന്‍ഡര്‍ ഇറങ്ങാന്‍ പോകുന്ന ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറ പകര്‍ത്തിയതാണ് ചിത്രങ്ങള്‍. ചന്ദ്രയാന്‍ പേടകം ചന്ദ്രന്റെ സമീപത്ത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്.
ചന്ദ്രന്റെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങളാണ് കാമറ പകര്‍ത്തിയത്. വലിയ ഗര്‍ത്തങ്ങള്‍ അടക്കം ചിത്രങ്ങളില്‍ വ്യക്തമാണ്.
നിലവില്‍ 25 കിലോമീറ്റര്‍ മുതല്‍ 134 കിലോമീറ്റര്‍ വരെ ഉയരമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ മൊഡ്യൂള്‍.
Chandrayaan-3 Mission:
— ISRO (@isro) August 21, 2023
Here are the images of
Lunar far side area
captured by the
Lander Hazard Detection and Avoidance Camera (LHDAC).
This camera that assists in locating a safe landing area — without boulders or deep trenches — during the descent is developed by ISRO… pic.twitter.com/rwWhrNFhHB
ആഗസ്റ്റ് 23നാണ് ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദു ഇറക്കം (സോഫ്റ്റ് ലാന്‍ഡിങ്) നടത്തുക. ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.45 ഓടെ ആരംഭിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ് 6.04ന് പ്രക്രിയ പൂര്‍ത്തിയാവും. ബുധനാഴ്ച പ്രതീക്ഷിച്ച പോലെ മൃദു ഇറക്കം നടത്താനായില്ലെങ്കില്‍ ശ്രമം വ്യാഴാഴ്ചത്തേക്ക് മാറ്റും. മൃദു ഇറക്കത്തിന് മുമ്പ് ലാന്‍ഡര്‍ മൊഡ്യൂളിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും.വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് കാമറ സഹായിക്കുന്നത്. അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററിലാണ് കാമറ വികസിപ്പിച്ചത്. ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു.
ചന്ദ്രന് തിരശ്ചീനമായി സഞ്ചരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ഭ്രമണപഥത്തില്‍ ചന്ദ്രന് ഏറ്റവും അടുത്തെത്തുമ്പോള്‍ ലംബമാക്കി നിര്‍ത്തിയ ശേഷം ദക്ഷിണധ്രുവം ലക്ഷ്യമാക്കി ഇറങ്ങും. മൊഡ്യൂളിലെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ വിപരീത ദിശയില്‍ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചാണ് ഈ ഘട്ടം പൂര്‍ത്തിയാക്കുക.
ചന്ദ്രനില്‍ സൂര്യപ്രകാശം പതിയുന്ന വേളയില്‍തന്നെ മൃദുഇറക്കം നടത്തുകയാണ് ലക്ഷ്യം. സൂര്യപ്രകാശം ലഭിക്കുന്ന ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം) ആണ് ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തന കാലാവധി.
Comments are closed for this post.