2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇസ്‌റാഈൽ കരാർ: മധ്യേഷ്യൻ സമവാക്യങ്ങൾ പുതിയ തലത്തിലേക്ക് മാറും

കരാറിനെ അനുകൂലിച്ച് ഒമാൻ, മറ്റു ഗൾഫ് രാജ്യങ്ങളും സഖ്യങ്ങളും ഇത് വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: ഇസ്‌റാഈലുമായി അറബ് ലോകത്തെ പ്രധാന രാജ്യമായ യുഎഇ പ്രഖ്യാപിച്ച കരാർ മധ്യേഷ്യയിൽ പുതിയ സമവാക്യങ്ങൾക്കായിരിക്കും സാക്ഷ്യം വഹിക്കുക. ഇസ്‌റാഈൽ രൂപീകരണ കാലം മുതൽ ഇസ്‌റാഈലിനെ അംഗീകരിക്കാതെ ഫലസ്‌തീൻ ജനതക്കൊപ്പം നിന്ന അറബ് രാജ്യങ്ങൾ ഇസ്‌റാഈലിനനുകൂലമായി നടപടികൾ സ്വീകരിക്കുമ്പോൾ ഏറെക്കാലത്തെ ഫലസ്‌തീൻ ജനതക്കായി നൽകിവന്നിരുന്ന ശക്തമായ ഇടപെടലുകൾക്ക് ഇനി എന്ത് പ്രസക്തിയായിരിക്കുമെന്ന കണക്കു കൂട്ടലിലാണ് അറബ് ലോകം.

       യു എ ഇയുടെ നടപടികളെ പിന്തുണച്ച് കൂടുതൽ അറബ് രാജ്യങ്ങൾ രംഗത്ത് വരുമെന്ന് തന്നെയാണ് അമേരിക്കയും ഇസ്‌റാഈലും കരുതുന്നത്. ഇസ്‌റാഈലുമായി ഒരു ഗള്‍ഫ് രാജ്യം ഇതാദ്യമായാണ് നയതന്ത്ര ബന്ധത്തിനൊരുങ്ങുന്നത്. ഈജിപ്തിനും ജോർദാനും പുറമെ ഇസ്‌റാഈലുമായി സമ്പൂർണ നയതന്ത്ര ബന്ധം രൂപപ്പെടുത്തുന്ന ആദ്യ അറബ് രാജ്യം കൂടിയായി മാറും യുഎഇ. 

       ഒമാൻ ഇതിനകം തന്നെ യുഎഇ ഇസ്‌റാഈൽ കരാറിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. കരാറിനെ അംഗീകരിക്കുന്നവെന്നും ചരിത്രപരമായ കരാർ ഏറെ പ്രതീക്ഷകൾ നൽകുന്നുവെന്നാണ് ഒമാന്റെ നിലപാട്. പശ്ചിമേഷ്യയിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് സഹായിക്കും, ഈ മേഖലയിലെ ജനങ്ങളുടെ അഭിലാഷങ്ങൾക്ക് സുരക്ഷ, സ്ഥിരത എന്നിവ നിലനിർത്തുന്നതിനും എല്ലാവരുടെയും പുരോഗതിയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിക്കുമെന്നും ഒമാൻ വ്യക്തമാക്കി.

       അതേസമയം, ഇസ്‌റാഈലുമായി ഒരു ബന്ധവും പുലർത്താത്ത സഊദി അറേബ്യ പുതിയ നടപടിയെക്കുറിച്ച് ഇത് വരെ പ്രതികരിച്ചിട്ടില്ല. ഫലസ്‌തീൻ പ്രശ്‌നത്തിൽ തങ്ങൾ എല്ലാ കാലത്തും ഫലസ്തീൻ ജനതക്കൊപ്പമാണെന്ന നിലപാടാണ് സഊദി അറേബ്യ സ്വീകരിച്ചിരുന്നത്. നേരത്തെ പല ഘട്ടങ്ങളിലും ഇസ്‌റാഈലുമായി ചില ബന്ധങ്ങൾ ഉയർന്നപ്പോഴും അതെല്ലാം നിഷേധിച്ചായിരുന്നു സഊദി തങ്ങളുടെ ഇസ്‌റാഈൽ എതിർപ്പും ഫലസ്‌തീൻ അടുപ്പവും പ്രഖ്യാപിച്ചിരുന്നത്. എന്നാൽ,യു എ എയുടെ പുതിയ നീക്കത്തിൽ സഊദിയടക്കമുള്ള മറ്റു അറബ് രാജ്യങ്ങളുടെയും ഇസ്‌ലാമിക, അറബ് സഖ്യങ്ങളുടെയും നീക്കം നിർണ്ണായകമായിരിക്കും. അറബ് മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്‌മകളോ സഖ്യങ്ങളോ ഇത് വരെ യു എ ഇ- ഇസ്‌റാഈൽ ബന്ധത്തിൽ നിലപാടുകൾ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഈ തീരുമാനത്തെ അനുകൂലിച്ചുള്ള പ്രഖ്യാപനങ്ങളായിരിക്കും ഇവർ സ്വീകരിക്കുകയെന്നാണ് കരുതുന്നത്.

         അതേസമയം ഫലസ്തീൻ പ്രശ്നം അറബ് ലോകത്തിന്‍റെ മുഖ്യപരിഗണനയിൽ നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക പശ്ചിമേഷ്യയിൽ ശക്തമാണ്. പശ്ചിമേഷ്യയിലെ രണ്ട് പ്രധാന ശക്തികൾ തമ്മിൽ കരാർ ഒപ്പിടുന്നതോടെ മേഖലയിലെ സാമ്പത്തികവും സാങ്കേതികവുമായ വളർച്ചക്ക് മുതൽക്കൂട്ടാകുമെന്നാണ് യു.എ.ഇയുടെയും ഇസ്രായേലിന്‍റെയും വിലയിരുത്തൽ. എന്നാൽ, ജൂതന്മാരുടെ ബുദ്ധിപരമായ നീക്കത്തിൽ വഞ്ചനകളുടെ ചരിത്രം ഉറങ്ങികിടക്കുന്നതിനാൽ അറബ് രാജ്യങ്ങളുമായി കൂടുതൽ സൗഹൃദം നടിച്ച് അവർക്കാവശ്യമായ മുഴുവൻ കാര്യങ്ങളും നേടിയെടുത്ത ശേഷം കരാറുകൾ പിൻവലിച്ചാൽ മറ്റൊരു ചരിത്രത്തിനായിരിക്കും ലോകം സാക്ഷിയാവേണ്ടി വരികയെന്നും ചിന്തിക്കുന്നവരും അറബ് മേഖലയിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.