2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗസ്സയെ രണ്ടായി വിഭജിച്ചു, ഗസ്സ സിറ്റി പൂര്‍ണമായും വളഞ്ഞു; അവകാശ വാദവുമായി ഇസ്‌റാഈല്‍

ഗസ്സയെ രണ്ടായി വിഭജിച്ചു, ഗസ്സ സിറ്റി പൂര്‍ണമായും വളഞ്ഞു; അവകാശ വാദവുമായി ഇസ്‌റാഈല്‍

ഗസ്സ സിറ്റി: ഗസ്സയെ പൂര്‍ണമായി വളഞ്ഞെന്നും രണ്ടായി മുറിച്ചെന്നും ഇസ്‌റാഈല്‍ സേന. ഇന്ന് അവിടെ തെക്കന്‍ ഗസ്സയും വടക്കന്‍ ഗസ്സയുമാണ്-ഇസ്‌റാഈല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറയുന്നു. ഹമാസിനെതിരായ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്‌റാഈല്‍ സൈന്യം പറയുന്നു. 48 മണിക്കൂറിനകം ഗസ്സയില്‍ പ്രവേശിക്കുമെന്നാണ് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെടുന്നത്. കഴിഞ്ഞ രാത്രി മുഴുവന്‍ വടക്കന്‍ ഗസ്സയില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സയിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വീണ്ടും പൂര്‍ണമായി വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ഇത് മൂന്നാം തവണയാണ് വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും തകരാറിലാകുന്നത്. തങ്ങള്‍ക്ക് UNRWA സംഘാംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഫലസ്തീനിലെ യുഎന്‍ റഫ്യൂജീ ഏജന്‍സി വക്താവ് പറയുന്നു.

ഗസ്സയില്‍ കഴിഞ്ഞ രാത്രി നടന്ന വ്യോമാക്രമണങ്ങളില്‍ വിവിധയിടങ്ങളിലായ 27 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. റഫയിലെ തല്‍ അല്‍ സുല്‍ത്താനില്‍ 15 പേരും, അല്‍ സവൈദയില്‍ 10 പേരും കൊല്ലപ്പെട്ടു. ജബലിയ ക്യാംപിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.

   

ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും പിന്നാലെ കൂട്ടക്കുരുതി അഭയാര്‍ഥി ക്യാംപുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. 24 മണിക്കൂറിനിടെ മൂന്ന് അഭയാര്‍ഥി ക്യാമ്പുകളാണ് വ്യോമാക്രമണത്തിനിരയായത്. ഗസ്സയിലെ അല്‍മഗാസി ,ജബലിയ, അല്‍ബിറാജ്,ഗസ്സയിലെ സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാംപുകള്‍ ആക്രമിക്കപ്പെട്ടു.

ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 9,770 ആയി. യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സിയുടെ 88 പേരാണ് ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതെന്ന് യു.എന്‍ അറിയിച്ചു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ സംഭാഷണങ്ങള്‍ തുടരുന്നതിനിടെ ഇസ്‌റാഈല്‍ ആശുപത്രികളും വിദ്യാലയങ്ങളും അഭയാര്‍ഥി ക്യാമ്പുകളും ലക്ഷ്യമിടുന്നത് മേഖലയില്‍ പ്രതിഷേധം ഇരട്ടിയാക്കിയിട്ടുണ്ട്. അറബ് വിദേശ കാര്യമന്ഥ്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷം ഞായറാഴ്ച ബ്ലിങ്കന്‍ ഫലസ്തീന്‍ പപ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.