അല്‍ ശിഫ ആശുപത്രിയില്‍ ആയുധങ്ങള്‍ സ്ഥാപിച്ച് ഹമാസിന്റെതാക്കി; ഇസ്‌റാഈല്‍ കള്ളക്കളി പൊളിച്ചടുക്കി ഫലസ്തീനികള്‍
ഗസ്സ: 100 മണിക്കൂറോളമായി ഇസ്‌റാഈല്‍ വളഞ്ഞ ഗസ്സയിലെ ഏറ്റവും വലിയ ആതുരസേവനാലയമായ അല്‍ ശിഫ ആശുപത്രിയില്‍ അത്യാധുനിക ആയുധങ്ങള്‍ കൊണ്ടുവന്ന വച്ച ശേഷം അത് ഹമാസിന്റെതാക്കി മാറ്റാനുള്ള ഇസ്‌റാഈലിന്റെ ശ്രമം പൊളിച്ചടുക്കി ഫലസ്തീനികള്‍. ഹമാസിന്റെ സൈനിക താവളമാണെന്ന് ആരോപിച്ചാണ് ആശുപത്രിയിലേക്ക് സൈന്യം കടന്നുകയറിയത്. ആശുപത്രി അരിച്ചുപൊറുക്കിയെങ്കിലും ആയുധശേഖരം കണ്ടെത്താതിരുന്നതോടെ സ്വന്തം ആയുധങ്ങള്‍ വിവിധ സ്ഥലങ്ങളില്‍വച്ച് അവ ചിത്രമെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു ഇസ്‌റാഈല്‍. അല്‍ ഷിഫ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അബൂ സല്‍മിയയും ഇക്കാര്യം സ്ഥിരീകരിച്ചു.
ഇസ്‌റാഈലിന്റെ ചതിപ്രയോഗം മിഡില്‍ ഈസ്റ്റിലെ ചില സമൂഹമാധ്യമ അക്കൗണ്ടുകളും പ്രാദേശികമാധ്യമങ്ങളുമാണ് പൊളിച്ചടക്കിയത്. ഇസ്‌റാഈല്‍ സൈനികര്‍ ‘മെഡിക്കല്‍ സപ്ലൈസ്’ എന്ന് എഴുതിയ ബോക്‌സുകള്‍ ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൈന്യം പുറത്തുവിട്ട ആയുധങ്ങളുടെ ചിത്രങ്ങളില്‍ നേരത്തെ കണ്ട ബോക്‌സുകളും കാണാന്‍ കഴിയുന്നതിനാല്‍ ഇവയ്ക്കുള്ളില്‍ ആയുധങ്ങള്‍ ആവാമെന്ന് ലബനാനിലെ അല്‍മനാര്‍ ടി.വി റിപ്പോര്‍ട്ട്‌ചെയ്തു.
ആയുധങ്ങളുണ്ടെന്ന് ആരോപിച്ച് സൈന്യം പുറത്തുവിട്ട വിഡിയോയും സംശയങ്ങള്‍ക്കിടയാക്കി. എം.ആര്‍.ഐ സെന്ററിനുള്ളിലെ വിഡിയോയില്‍ ആയുധശേഖരം സംബന്ധിച്ച് ഒരു സൂചനയും ഇല്ലായിരുന്നു. തല്‍സമയം സംപ്രേഷണംചെയ്ത ഈ വിഡിയോ സൈന്യം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും പങ്കുവച്ചു. വൈകാതെ അവ നീക്കുകയും ചെയ്തു. ഇതേ വിഡിയോ വീണ്ടും പങ്കുവച്ചെങ്കിലും പലഭാഗവും മറച്ചരീതിയിലാണ്. ഇതിന് പിന്നാലെയാണ് ഹമാസിന്റെതെന്ന് അവകാശപ്പെട്ട് സൈന്യം വന്‍ ആയുധക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇസ്‌റാഈല്‍ അനുകൂല മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
നേരത്തെയും ഹമാസിന്റെ താവളമാണെന്ന് ആരോപിച്ച് ഇസ്രായേല്‍ ഗസ്സയിലെ ആശുപത്രികളെ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഗസ്സയിലെ ആശുപത്രികളില്‍ ഹമാസിന്റെ ആയുധങ്ങള്‍ കണ്ടെടുത്തതിന്റെ വ്യക്തമായ തെളിവ് ഹാജരാക്കാന്‍ സയണിസ്റ്റുകള്‍ക്കായിട്ടില്ല.
അല്‍ശിഫയില്‍നിന്ന് ആയുധങ്ങളൊന്നും ലഭിക്കാതിരുന്നതോടെ ആയിരങ്ങളെയാണ് സയണിസ്റ്റ് സൈന്യം ബന്ദികളാക്കിയത്. ഡോക്ടര്‍മാര്‍, രോഗികള്‍, നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍, ആശുപത്രി കോംപൗണ്ടില്‍ അഭയംതേടിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ തുടങ്ങിയവരെയാണ് സൈന്യം കൊണ്ടുപോയതെന്ന് ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സി വഫ ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. നൂറുകണക്കിന് സൈനികര്‍ ആശുപത്രിയിലേക്ക് ഇരച്ചുകയറിയാണ് ബന്ദികളാക്കിയത്.
രണ്ടുദിവസമായി ആശുപത്രി കോംപൗണ്ടിനുള്ളില്‍ ഇസ്‌റാഈല്‍ ടാങ്കുകള്‍ ഉണ്ട്. ആശുപത്രിയുടെ മരുന്ന്, ശസ്ത്രക്രിയ വിഭാഗങ്ങള്‍, സി.ടി സ്‌കാനര്‍, എം.ആര്‍.ഐ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും തകര്‍ത്തു. കാന്റീന്‍, ജീവനക്കാരുടെ വാഹനങ്ങള്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്. ആശുപത്രി കോംപൗണ്ടിനുള്ളില്‍ ഓരോ കെട്ടിടസമുച്ചയത്തിലേക്കുമുള്ള റോഡുകളും എഴുതുമറിച്ചിട്ടുണ്ട്. ആശുപത്രി വിടാന്‍ ആവശ്യപ്പെട്ട ആശുപത്രിയിലെ പ്രശസ്തനായ ഡോക്ടര്‍ ഹമ്മാമുള്ളായെ സൈന്യം വെടിവച്ചുകൊന്നു. ഗസ്സയിലെ വാര്‍ത്താവിനിമയ സൈംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്.
Comments are closed for this post.