
ജറൂസലേം: അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ ഇസ്രാഈലും അല്‍ജസീറയുടെ ഓഫിസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇസ്രാഈല്‍ വാര്‍ത്താവിനിമയ വകുപ്പാണ് ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. ഞായറാഴ്ചയാണ് ഈസ്രാഈലിലെ പ്രാദേശിക ഓഫിസ് അടച്ചുപൂട്ടാന്‍ വാര്‍ത്താവിനിമയ മന്ത്രി അയ്യൂബ് കാര ഉത്തരവിട്ടത്.
ഇതുസംബന്ധിച്ച് നിയമം പാസാക്കാനുള്ള പ്രമേയം അടുത്ത പാര്‍ലമെന്റില്‍ വെക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ താല്പര്യപ്രകാരമാണ് ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ ചാനല്‍ അടച്ചപൂട്ടാനൊരുങ്ങുന്നത്.
ഭീകരവാദത്തെ പിന്തുണക്കുന്നു എന്നു പറഞ്ഞാണ് ചാനലിനെ ബഹിഷ്കരിക്കുന്നത്. ചാനല്‍ രാജ്യത്ത് ഉടന്‍ അടച്ചുപൂട്ടുമെന്നും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ജസീറയുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നല്കിയ പ്രസ് കാര്‍ഡുകള്‍ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഈജിപ്ത്,സഊദി അറേബ്യ,യു.എ.ഇ,ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും അല്‍ജസീറയെ വിലക്കിയിരുന്നു.