
നയതന്ത്ര ബന്ധമില്ലാത്ത സഊദി വ്യോമ പാതയിലൂടെയായിരിക്കും സഞ്ചാരം
അബുദാബി: ഗൾഫ് മേഖലയിലെ പ്രമുഖ രാജ്യമായ യുഎഇ യുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെ ഇസ്റാഈൽ വിമാന സർവ്വീസും ആരംഭിക്കുന്നു. ആദ്യ ഇസ്റാഈൽ വിമാനം തിങ്കളാഴ്ച യു എ എയിൽ ഇറങ്ങുമെന്ന് ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെ യുഎഇയിൽ എത്തുന്ന ആദ്യ വാണിജ്യ വിമാനത്തിൽ ഇസ്റാഈൽ പ്രതിനിധി സംഘത്തിനു പുറമെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾക്കായുള്ള അമേരിക്കൻ സംഘവും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ വിമാനത്തിന്റെ യാത്രാ ഷെഡ്യൂൾ ഇസ്റാഈലിലെ ബെൻഗുറിയോൺ വിമാനത്താവളത്തിൽ യാത്രാ ഷെഡ്യൂളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്റാഈൽ എയർപോർട്ട് അതോറിറ്റിയുടെ വൈബ്സൈറ്റിൽ വെള്ളിയാഴ്ച പുറത്തിറക്കിയ പട്ടികയിൽ ഇതിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്റാഈലിലിലെ ബെൻഗുരിയൻ എയർപോർട്ടിൽ നിന്ന് അബുദാബി വിമാനത്താവളത്തിലേക്ക് ഇസ്റാഈൽ വിമാന കമ്പനിയായ ഇൽഅൽ വിമാനമാണ് സർവീസ് നടത്തുക. തിങ്കളാഴ്ച അബുദാബിയിലെത്തുന്ന വിമാനം ചൊവ്വാഴ്ച ഉച്ചക്കു ശേഷമാണ് ബെൻഗുരിയൻ വിമാനത്താവളത്തിലേക്കു തിരിച്ചു പറക്കുക. അതേസമയം, ഇസ്റാഈലുമായി നയതന്ത്ര ബന്ധം ഇല്ലാത്ത സഊദിയുടെ വ്യോമ പാതയിലൂടെയായിരിക്കും ഇസ്റാഈൽ വിമാനം അബുദാബിയിലേക്കുള്ള യാത്രയിൽ സഞ്ചരിക്കുക. ഇസ്റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച യുഎഇ നടപടി സഊദിയുൾപ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കാൻ 2002 ലെ അറബ് സമാധാന കരാർ തന്നെ നടപ്പാക്കണമെന്നാണ് സഊദിയുടെ നിലപാട്. അമേരിക്കയുടെ പ്രത്യേക താല്പര്യത്തിലൂന്നിയുള്ള ചർച്ചകളിലാണ് യു.എ.ഇ-ഇസ്റാഈൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്.
അതേസമയം, വിമാന യാത്രയെ കുറിച്ച് ഇസ്റാഈൽ അധികൃതരോ യു എ ഇ അധികൃതരോ പ്രതികരിച്ചിട്ടില്ല. അബുദാബിയിലെ അമേരിക്കൻ എംബസിയും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ എഫ്-35 വിമാനങ്ങൾ നൽകി ഗൾഫിൽനിന്ന് വൈദ്യുതി വാങ്ങുക എന്ന ലക്ഷ്യവും ഇസ്റാഈലിനുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കായി പ്രതിനിധികളെ വഹിച്ചുള്ള പ്രൈവറ്റ് വിമാനങ്ങൾ ഇരു രാജ്യങ്ങളെ ബന്ധിപ്പിച്ച് പറന്നിരുന്നു. കൂടാതെ, കൊവിഡ് വൈറസ് ബാധയിൽ ഫലസ്തീനെ സഹായിക്കാനായി ഇക്കഴിഞ്ഞ മെയ്, ജൂണ് മാസങ്ങളിലായി ഇത്തിഹാദ് എയർ കാർഗോ വിമാനങ്ങളും ഇസ്റാഈലിലേക്ക് പറന്നിരുന്നു.
Comments are closed for this post.