2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വെടിനിര്‍ത്തല്‍: ഉടമ്പടിയുടെ വിശദാംശങ്ങള്‍ ഇപ്രകാരം; പ്രഖ്യാപനം ഉടനുണ്ടാകും

വെടിനിര്‍ത്തല്‍: ഉടമ്പടിയുടെ വിശദാംശങ്ങള്‍ ഇപ്രകാരം; പ്രഖ്യാപനം ഉടനുണ്ടാകും

ഗസ്സ: ഫലസ്തീനില്‍ ഒന്നരമാസം പിന്നിട്ട ഇസ്‌റാഈലിന്റെ ഏകപക്ഷീയമായ കടന്നാക്രമണങ്ങള്‍ക്ക് താല്‍ക്കാലിക അറുതിവരുത്തി വെടിനിര്‍ത്തലിന് കളമൊരുങ്ങിയതിന് പിന്നാലെ അതിന്റെ വിശദാംശങ്ങളും പുറത്തുവന്നു. ദോഹ, ടെല്‍ അവീവ്, കൈറോ, റഫ, ഗസ്സ എന്നിവിടങ്ങളിലായി ദിവസങ്ങള്‍ നീണ്ട വിവിധഘട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. ഖത്തറാണ് ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയത്. ഒപ്പം ഈജിപ്തും യു.എസും സഹായത്തിനുണ്ടായി. ബന്ദികളുടെ മോചനത്തിന് ഹമാസ് സമ്മതിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ ആകാമെന്ന് തിങ്കളാഴ്ചത്തെ ഇസ്‌റാഈല്‍ യുദ്ധകാര്യമന്ത്രിസഭ തീരുമാനിച്ചിരുന്നു. പിന്നാലെ ഗസ്സയില്‍ നടന്ന ചര്‍ച്ചയില്‍ ഹമാസും ഇസ് ലാമിക് ജിഹാദും ബന്ദിമോചനത്തിന് സന്നദ്ധത അറിയിച്ചു. ഇരുസംഘടനകളും തങ്ങളുടെ നിലപാട് ഖത്തര്‍ പ്രതിനിധിയെ അറിയിച്ചു. ഇത് സ്‌റാഈലും അംഗീകരിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇന്നലെ ടെല്‍അവീവും ദോഹയും കേന്ദ്രീകരിച്ച് ചര്‍ച്ചകളുടെ പരമ്പര തന്നെ നടന്നു. ടെല്‍അവീവില്‍ പ്രാദേശിക സമയം വൈകിട്ട് നാലുമണിക്ക് പ്രത്യേക യുദ്ധ മന്ത്രിസഭ ചേര്‍ന്നു. ശേഷം സുരക്ഷാസമിതിയും ചേര്‍ന്നു. പിന്നീട് രാത്രി വൈകി ചേര്‍ന്ന ഉന്നതതലയോഗം അന്തിമ അംഗീകാരവും നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ഉടമ്പടിയിലെ വ്യവസ്ഥകള്‍

  • സ്ത്രീകളും കുട്ടികളും അടക്കമുള്ള 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.
  • പകരമായി ഇസ്‌റാഈല്‍ തടവിലാക്കിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഫലസ്തീനികളെ ഇസ്‌റാഈലും മോചിപ്പിക്കും. (150 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിക്കുമെന്നാണ് ഹമാസ് അറിയിച്ചത്.
  • 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍വരും. പ്രഖ്യാപനം മുതല്‍ 96 മണിക്കൂര്‍ സമയത്തേക്കായിരിക്കും വെടിനിര്‍ത്തല്‍.
  • വെടിനിര്‍ത്തല്‍ സമയത്ത് ഇരുവിഭാഗവും യാതൊരു ആക്രമണവും നടത്താന്‍ പാടില്ല. എന്നാല്‍ ഈ സമയം ഇസ്‌റാഈല്‍ ടാങ്കുകള്‍ ഗസ്സയില്‍ ഏത് സ്ഥലത്താണോ ഉള്ളത് അവിടെ തന്നെ നിലയുറപ്പിക്കും.
  • വെടിനിര്‍ത്തല്‍ സമയത്ത് പരമാവധി ട്രക്കുകള്‍ കടത്തിവിടും. ആളുകള്‍ക്ക് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനുള്ള സൗകര്യവും ഉണ്ടാകും.
   

മധ്യസ്ഥ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഖത്തര്‍ അമര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സിസിയെയും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. നിലവില്‍ 240 ബന്ദികളാണ് ഹമാസിന്റെ തടവിലുള്ളത്. ഇതില്‍ സൈനിക ഓഫിസര്‍മാരും ഉള്‍പ്പെടും. ഇതില്‍ സൈനികരെയും അതുമായി ബന്ധപ്പെട്ടവരെയും മോചിപ്പിക്കില്ലെന്നാണ് ഹമാസ് നിലപാട്.

നിരുപാധികം ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തില്ലെന്ന് നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചെങ്കിലും കരയാക്രമണത്തില്‍ കനത്തതിരിച്ചടി നേരിടുകയും രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുകയും ചെയ്തതോടെയാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തലിന് സന്നദ്ധമായത്. ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് അവരുടെ ബന്ധുക്കള്‍ നെതന്യൂഹുവിന്റെ ഓഫിസിന് മുന്നില്‍ പ്രക്ഷോഭം നടത്തിവരികയുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.