2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; ശക്തമായ പ്രതിഷേധവുമായി അറബ് ലോകം, അംബാസിഡറെ നേരിട്ട് വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തര്‍, അപലപിച്ച് ഒ ഐ സി

   

റിയാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ഭരണ കക്ഷിയായ ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ അതിശക്തമായി അപലപിച്ച് അറബ്, ഇസ്‌ലാമിക, ഗൾഫ് രാജ്യങ്ങൾ. ബിജെപി ദേശീയ വക്താവ് നുപൂർ ശർമ്മ പ്രവാചകനെ അവഹേളിക്കും വിധം നടത്തിയ അപകീർത്തി പരാമർശത്തിനെതിരെ ഗൾഫ് രാജ്യങ്ങളും സഖ്യങ്ങളും രംഗത്തെത്തി.

ഇതുമായി ബന്ധപ്പെട്ട് ‘ഇല്ലാ റസൂലല്ലാഹ് യാ മോദി’ എന്ന ഹാഷ് ടാഗ് സഊദി അറേബ്യ, ഈജിപ്ത്, ഖത്തർ തുടങ്ങിയ ഗൾഫ്, അറബ് രാഷ്ട്രങ്ങളിൽ ട്രൻഡിങ് ആയി മാറി. ബിബിസി അറബിക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഗൗരവത്തോടെ തന്നെ പ്രതിഷേധങ്ങളെ റിപ്പോർട്ടു ചെയ്യുന്നു. പരാമർശത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അറബ് ലോകം വിഷയത്തിൽ ഇടപെട്ടത്.

ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ ഐ സി സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിൽ ഇസ്‌ലാം മതത്തോടുള്ള വിദ്വേഷവും ദുരുപയോഗവും വർധിക്കുകയാണെന്നും മുസ്‌ലിംകൾക്കെതിരായ വ്യവസ്ഥാപിത നടപടികളുടെയും നടന്ന് വരുന്നതിനിടെയാണ് ഏറെ ഗൗരവമേറിയ ഇത്തരം കാര്യങ്ങൾ ഉയരുന്നതെന്നത് ആശങ്കയുയർത്തുന്നതാണെന്ന് ഇസ്‌ലാമിക സഹകരണ കോർപറേഷൻ സെക്രട്ടെറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ ദുരുപയോഗങ്ങളെയും എല്ലാത്തരം അപമാനങ്ങളെയും പിഴുതെറിയാനും ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും മതപരവും സാംസ്കാരികവുമായ അവകാശങ്ങളും വ്യക്തിത്വം, അന്തസ്സ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും ഇന്ത്യൻ അധികാരികളോട് ഒ ഐ സി ആഹ്വാനം ചെയ്തു.

അതിശക്തമായ പ്രതികരണമാണ് ഖത്തർ നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ദീപക് മിത്തലിനെ വിളിച്ചുവരുത്തിയാണ് ഖത്തര്‍ പ്രതിഷേധമറിയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ വന്ന പ്രസ്താവനകളെ ഔദ്യോഗികമായി അപലപിക്കുന്ന കത്താണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി ഇന്ത്യന്‍ അംബാസിഡര്‍ ഡോ: ദീപക് മിത്തലിന് കൈമാറിയത്. ഉപരാഷ്ട്രപതിയും സംഘവും ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ സമയത്താണ് ഈ സംഭവം.

പ്രവാചകനും സഹധർമിണിക്കുമെതിരെയുള്ള പരാമർശം ലോകത്തുള്ള ഓരോ മുസ്‌ലിമിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഒമാനിലെ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ പണ്ഡിതനും ട്വിറ്റര്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ശൈഖ് അൽ ഖലീലി ട്വീറ്റ്‌ ചെയ്തു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകള്‍ അറബ് രാജ്യങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡുചെയ്യുന്നു.

ബഹിഷ്‌കരണ ട്വീറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാചക നിന്ദക്കെതിരേ സഊദി, കുവൈത്ത്, യുഎഇ, ഒമാന്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ്. കുവൈത്ത് എംപിമാര്‍ ഉള്‍പ്പടെ രൂക്ഷമായ ഭാഷയില്‍ ബിജെപിക്കെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.