സ്വിദ്ദീഖ് നദ്‌വി ചേരൂർ
പ്രതീക്ഷയുടെ മതമാണ് ഇസ്‌ലാം. ആത്മവിശ്വാസത്തിൻ്റെ കരുത്താണത്. എല്ലായ്പ്പോഴും എല്ലാവരും ശുഭാപ്തിയോടെ കഴിയണമെന്നാണ് ഇസ്‌ലാമിൻ്റെ താൽപര്യം. അല്ലാതെ കൊല്ലൻ്റെ പണിപ്പുരയിലെ മുയലിനെ പോലെ ഞെട്ടിക്കൊണ്ടിരിക്കാൻ വിധിക്കപ്പെട്ടവരല്ല മുസ്‌ലിംകൾ. വെല്ലുവിളികൾ സർവസാധാരണം. എതിർപ്പുകൾ സ്വാഭാവികം. ലോകത്തിൻ്റെ ഗതിവിഗതികൾ ഒരു സമുദ്രത്തിന് സമാനമാണ്. മിക്കസമയവും ഇരമ്പലുംപ്രക്ഷുബ്ധതയുമാണല്ലോ കടലിൻ്റെ സ്വഭാവം.
എവിടെയെങ്കിലും അസ്വസ്ഥത കാണുമ്പോഴേക്ക് മനസിനുള്ളിൽ കാർമേഘം ഉരുണ്ടുകൂടണമെന്നില്ല. ആരെങ്കിലും തുറിച്ചുനോക്കുമ്പോഴേക്ക് കണ്ണിൽ ഇരുട്ട് കയറണമെന്നില്ല. നാം നാമായി ജീവിക്കുക. ക്രിയാത്മകമായി മാത്രം ചിന്തിക്കുക. ശുഭവിശ്വാസം കൈവിടാതിരിക്കുക. എല്ലാവരെക്കൊണ്ടും നല്ലതുമാത്രം പറയിപ്പിക്കണമെന്ന് നിർബന്ധം പിടിക്കരുത്. കുറവുകൾ കണ്ടെത്താൻ നൂറു കഴുകക്കണ്ണുകൾ ചുറ്റും കാണും. നല്ലതെന്ത് പറഞ്ഞാലും ബധിരകർണങ്ങളിലാണ് ചെന്നുപതിക്കുക. അതിൽ അസ്വസ്ഥരായിട്ട് കാര്യമില്ല.
നമ്മുടെ മതത്തെപ്പറ്റി മറ്റുള്ളവർ എന്തുപറയണമെന്ന് നമുക്ക് തീരുമാനിക്കാനാവില്ല. അവർ പലതും പറഞ്ഞെന്ന് വരും. ഇസ്‌ലാം എന്താണെന്ന് കാണിച്ചും പറഞ്ഞും കൊടുക്കേണ്ട ദൗത്യം നിർവിഘ്നം നിർവഹിക്കുക. അത് കേൾക്കേണ്ടവർ കേൾക്കും. കാണേണ്ടവർ കാണും. അല്ലാത്തവർ സ്വന്തം ജോലി തുടരും. എല്ലാവരെയും നന്നാക്കിയെടുക്കാനാവില്ല. പ്രവാചകർക്കുപോലും സാധിക്കാത്ത കാര്യമാണത്. ‘നിശ്ചയം, ഇഷ്ടപ്പെട്ടവരെ സന്മാർഗത്തിലാക്കാൻ താങ്കൾക്ക് കഴിയില്ല. മറിച്ച്, അല്ലാഹു അവനിച്ഛിക്കുന്നവരെ സന്മാർഗപ്രാപ്തരാക്കുകയാണ്’ എന്ന നിലപാടാണ് ഖുർആൻ ഊന്നിപ്പറഞ്ഞത്(ഖസസ്: 56).
സത്യം പറഞ്ഞു ജയിക്കാമെന്ന് പ്രതീക്ഷയില്ലാത്തവർ കള്ളപ്രചാരണത്തെ കൂട്ടുപിടിക്കുന്നു. വസ്തുതാപരമായി നേരിടാൻ കെൽപ്പില്ലാത്തവർ തെറ്റിദ്ധാരണകൾ പരത്തി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഒറിജിനൽ കാട്ടി അതിശയിപ്പിക്കാൻ കഴിയാത്തവർ ഡ്യൂപ്പ് കാട്ടി അമ്പരപ്പിക്കാൻ നോക്കുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ല; എല്ലാ കാലത്തും ഇത് പതിവായിരുന്നു. അന്ത്യപ്രവാചകരുടെ ജീവിതത്തിലും അത്തരം നിരവധി ദുരനുഭവങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. വശ്യശൈലിയിൽ തിരുനബി ഖുർആൻ വചനങ്ങൾ ഉരുവിട്ടപ്പോൾ പലരും അതിൽ ആകൃഷ്ടരായി സത്യമതത്തിലേക്ക് കടന്നുവരിക പതിവായി. ഇത് എതിരാളികൾക്ക് സഹിച്ചില്ല. അവർ അത്തരം ശുദ്ധമനസ്കരുടെ മുന്നിൽ പ്രതിബന്ധങ്ങൾ തീർത്തു. ‘അവിശ്വാസികൾ അനുശാസിച്ചു; നിങ്ങളീ ഖുർആൻ കേൾക്കരുത്; ഇനി കേൾക്കേണ്ടിവന്നാൽ അപശബ്ദമുണ്ടാക്കി തടസ്സപ്പെടുത്തുക. അതുവഴി നിങ്ങൾ അതിജീവിച്ചേക്കാം'(ഫുസ്സിലത്: 26).
കഴിഞ്ഞ കുറച്ചുകാലമായി ലോകത്ത് പൊതുവേയും മലയാള നാട്ടിൽ പ്രത്യേകിച്ചും കണ്ടുവരുന്ന ഒരു പ്രവണതയാണ് മുസ്‌ലിം വിരുദ്ധത. ഇസ്‌ലാമിനെപ്പറ്റി കാമ്പും കരുത്തുമുള്ള ആരോപണങ്ങളൊന്നും ഉന്നയിക്കാൻ കഴിയാത്തവർ കള്ളക്കഥകളും കേട്ടുകേൾവികളും പറഞ്ഞുപരത്തുന്നു. വിഷയം ഇസ്‌ലാമും മുസ്‌ലിംകളും ആണെങ്കിൽ എന്ത് അസംബന്ധങ്ങളും ആർക്കും വിളിച്ചുപറയാം. കേൾക്കാനും കാണാനും ലൈക്ക് അടിക്കാനും ലക്ഷങ്ങൾ ഓടിക്കൂടും. അവരുടെ എണ്ണം മില്യനുകളിലെത്തുന്നത് കൊട്ടിപ്പാടാൻ യുക്തിവാദികൾക്കും സ്വതന്ത്ര ചിന്തകർക്കും എന്തൊരാവേശമാണെന്നോ?
കുറച്ചുമുമ്പ്, ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പഠിച്ചിറങ്ങിയ വ്യക്തി മതത്തെ തള്ളിപ്പറഞ്ഞ അത്യപൂർവ സംഭവം ഉണ്ടായി. അവനെ തോളിലേറ്റാനും കൊണ്ടുനടക്കാനും ഇവർ മത്സരിക്കുകയായിരുന്നു! എല്ലാം യുക്തിവാദത്തിൻ്റെ പേരിലായിരുന്നുവെന്നതാണ് ബഹുകേമം. അങ്ങനെ അടിച്ചേൽപ്പിച്ചും കൊട്ടിഘോഷിച്ചും പ്രചരിപ്പിക്കേണ്ടതാണോ യുക്തിവാദം? സ്വന്തം യുക്തിയുടെ പരിമിതിയെപ്പറ്റി പോലും കൃത്യമായ ധാരണയില്ലാത്തവർ എങ്ങനെ യുക്തി വാദിക്കും?
യുക്തി ഒരു ബിസിനസ് പ്രൊഡക്ടാണോ? ഒരു വിഷയത്തിന് കൂടുതൽ പേരുടെ ലൈക് കിട്ടിയാൽ അത് യുക്തിഭദ്രമായോ? അന്യായത്തിന് ഭൂരിപക്ഷം പേർ ലൈക്കടിച്ചാൽ ന്യായമായി മാറുമോ? ഒരു നാട്ടിൽ മണ്ടനും വിദ്വാനും തമ്മിൽ മത്സരിച്ചു. മണ്ടന് കൂടുതൽ പേർ വോട്ട് ചെയ്താൽ അയാൾ വിദ്വാനാകുമോ? വോട്ട് കുറഞ്ഞ വിദ്വാൻ മണ്ടനായോ? ആധുനിക ജനാധിപത്യത്തിന് അർഥങ്ങൾ മാത്രമല്ല, അനർഥങ്ങളും ഉണ്ടെന്ന് തിരിച്ചറിയാൻ അൽപ്പം വീക്ഷണ വികാസം വേണം.
ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നുവെന്നത് ചില ഭൗതികവാദികളുടെ കാഴ്ചപ്പാടാണ്. തങ്ങളുടെ ഇംഗിതം നടപ്പാക്കാൻ ഏതു ഹീനമാർഗവും സ്വീകരിക്കാം. ജനങ്ങളുടെ പിന്തുണയും വിശ്വാസവും നേടിയെടുക്കാൻ എന്ത് വഴിവിട്ട നീക്കങ്ങൾ നടത്താനും ഇവർക്കൊരു മടിയുമില്ല. കളവ് പറഞ്ഞുകൊണ്ടേയിരുന്നാൽ കേൾക്കുന്നവർ ക്രമേണ അതിൽ വിശ്വസിക്കാൻ മനസികമായി പാകപ്പെടും. പലരും പരീക്ഷിച്ച് ഫലപ്രദമാണെന്ന് കണ്ടെത്തിയ മാർഗമാണിത്. നാസി ജർമനിയിൽ ഹിറ്റ്ലറുടെ പ്രൊപഗണ്ടാ മന്ത്രിയായിരുന്ന ജോസഫ് ഗീബൽസ് ഇക്കാര്യത്തിൽ പലർക്കും മാതൃകാപുരുഷനാണ്. ഇന്നാണെങ്കിൽ പ്രചാരണമേഖല വികാസത്തിൻ്റെ പരകോടിയിലാണ്. ആർക്കും എന്തുമാകാമെന്ന അവസ്ഥ.
ഗീബൽസ്, ജർമൻകാർക്കിടയിൽ ജൂതവിരോധം കുത്തിവയ്ക്കാൻ അന്ന് നിലവിലുണ്ടായിരുന്ന പ്രചാരണോപാധികൾ പരമാവധി ഉപയോഗപ്പെടുത്തി. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പട്ടിയാക്കുന്ന കുതന്ത്രങ്ങൾ. രണ്ടുകാര്യങ്ങളും സമർഥമായി പ്രയോഗിച്ചാൽ പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് ജനം ഏറ്റെടുത്തു കൊള്ളുമല്ലോ. ചുരുങ്ങിയത് കൊല്ലുന്നത് കണ്ടാൽ ജനം മിണ്ടാതിരിക്കുകയെങ്കിലും ചെയ്യും. ഇതാണിപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. നാസി ജർമനിയിൽനിന്ന് ആവേശവും പാഠവും ഉൾക്കൊണ്ടാണ് രാഷ്ട്രീയ സ്വയം സേവക് സംഘം രൂപീകരിച്ചതെന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയതാണ്. തുടർന്നുള്ള ഓരോ ഘട്ടത്തിലും അവർ സ്വീകരിച്ച നിലപാടുകൾ അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. ഈയിടെയായി അവർ ഇസ്‌ലാമിനെതിരിൽ സ്വീകരിക്കുന്ന കുപ്രചാരണങ്ങൾ ദീർഘകാല പദ്ധതിയുടെ ഭാഗമാണ്. ജനങ്ങൾക്കിടയിൽ ഇസ്‌ലാമിനോടുള്ള മതിപ്പ് നഷ്ടപ്പെടുത്തുക, മുസ്‌ലിംകൾക്കെതിരിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കുക- ഇവയ്ക്കുവേണ്ടി എന്തു ഹീനതന്ത്രവും സ്വീകരിക്കാൻ അവർക്ക് മടിയില്ല. ചരിത്രത്തിലെ അവർക്ക് ഹിതകരമല്ലാത്ത ഭാഗങ്ങൾ തമസ്കരിക്കുക. കുടില തന്ത്രങ്ങൾക്ക് സഹായകമായ ചരിത്രഭാഗങ്ങളെ ഇന്ത്യയുടെ പൊതുചരിത്രമാക്കി ഭാവിതലമുറയ്ക്ക് കൈമാറുക. അങ്ങനെ അധികാരം നേടാനും കൈവന്ന അധികാരം ചിരകാലം നിലനിർത്താനും വേണ്ട മാർഗങ്ങളൊക്കെ സ്വീകരിക്കുക. അതിദേശീയത അതിനുവേണ്ട ഉപാധി മാത്രം. പുൽവാമ സംഭവവും മറ്റും അതിലേക്കാണല്ലോ വിരൽ ചൂണ്ടുന്നത്.
ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ആഗോള ഇസ്‌ലാമിൻ്റെ സ്വാഭാവിക പ്രാതിനിധ്യം മാത്രമാണ് ഇന്ത്യൻ മുസ്‌ലിംകൾ. ലോകത്ത് ഇസ്‌ലാമും മുസ്‌ലിംകളും നിലനിൽക്കുന്ന കാലത്തോളം ഇന്ത്യയിലും അവർ നിലനിൽക്കും. ബദ്റും ഉഹ്ദും ഹുനൈനും കർബലയും മാത്രമല്ല; ഒരു മലവെള്ളച്ചാട്ടംപോലെ മുസ്‌ലിം ലോകത്തിൻ്റെ നെഞ്ചുപിളർത്തി കടന്നുപോയ തർത്താരികളുടെ തള്ളിക്കയറ്റംവരെ അതിജീവിച്ചു വന്നതാണ് മുസ്‌ലിംകളുടെ ചരിത്രം. ഉയർച്ചയും താഴ്ച്ചയും പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയയാണെന്ന് അവർ വിശ്വസിക്കുന്നു. അതിനാൽ അവരെ നിരാശരും നിരാശ്രയരുമാക്കി മൂലക്കിരുത്താൻ ഒരു തിരിച്ചടിക്കും കഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വിശ്വകവിയും ദാർശനികനുമായ അല്ലാമാ ഇഖ്ബാൽ വ്യക്തമാക്കിയത പോലെ ‘ലോകത്ത് സത്യവിശ്വാസികളുടെ ജീവിതം സൂര്യസമാനമാണ്. ഇവിടെ അസ്തമിച്ചാൽ അവിടെ ഉദിക്കും. അവിടെ നിഷ്ക്രമിച്ചാൽ ഇവിടെ ഉദയം ചെയ്യും’.
‘അവർ അല്ലാഹുവിൻ്റെ പ്രകാശം വായകൊണ്ട് ഊതിക്കെടുത്താൻ ശ്രമിക്കുന്നു. അവൻ്റെ പ്രകാശം സംപൂർത്തീകരിച്ചേ അടങ്ങൂവെന്നതാണ് അല്ലാഹുവിൻ്റെ നിലപാട്. അവിശ്വാസികൾ ഇഷ്ടപ്പെട്ടില്ലെങ്കിലും’ (തൗബ: 32).
Comments are closed for this post.