
പനജി: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ ഏഴാം മത്സരത്തിലും വിജയമില്ലാതെ ബംഗളൂരു എഫ്.സി. ഒഡിഷയ്ക്കെതിരായ മത്സരം 1-1 എന്ന സ്കോറിന് സമനിലയിലാണ് അവസാനിച്ചത്. ഇരു ടീമുകളും മികച്ച പ്രകടനവുമായി കളം നിറഞ്ഞ് കളിച്ചു.
ആദ്യ പകുതിയില്‍ എട്ടാം മിനുട്ടില്‍ ഫ്രീകിക്കില്‍ ബംഗളൂരു ഡിഫന്‍സിനെ കബളിപ്പിച്ച് ഡിയേഗോ മൗറീസിയോയാണ് ഒഡീഷയ്ക്ക് ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ ബംഗളൂരു എഫ്.സി അറ്റാക്ക് ശക്തമാക്കി. 82-ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്ന് എറിക് പാര്ഥാലുവിന്റൈ ഹെഡര്‍ ബെംഗളൂരു എഫ് സിക്ക് സമനില നല്കി. ഇതിനു ശേഷം രണ്ട് ടീമുകള്‍ക്കും വിജയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഒന്ന് പോലും വലയിലെത്തിക്കാനായില്ല.
രണ്ട് ഗോള്‍ കീപ്പര്‍മാരും മികച്ച സേവുകളുമായി തിളങ്ങി. 13 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള ബംഗളൂരു എഫ്.സി പട്ടികയില്‍ ഏഴാം സ്ഥാനത്താണിപ്പോള്‍. 13 മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുള്ള ഒഡിഷ 11ാം സ്ഥാനത്ത് നില്ക്കുന്നു. വൈകുന്നേരം നടന്ന ജംഷഡ്പുര്‍ – ഹൈദരാബാദ് മത്സരം ഗോള്‍ രഹിതമായി അവസാനിച്ചു. ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്.സി മുംബൈ സിറ്റിയെ നേരിടും.